ADVERTISEMENT

കൊച്ചി∙ൈവറ്റില ജംക്‌ഷനിലെ ഗതാഗതക്കുരുക്കു കുറയ്ക്കാൻ മരാമത്തു വകുപ്പും ട്രാഫിക് പൊലീസും ചേർന്നു സംയുക്ത പരിശോധന നടത്തും. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം ഇതിനുള്ള കത്തു മരാമത്തു വകുപ്പിനു കൈമാറി. ജംക്‌ഷനിൽ ഇന്നലെ ട്രാഫിക് സംവിധാനം താൽക്കാലികമായി പുനഃക്രമീകരിച്ചതോടെ തിരക്കിന് ആശ്വാസമുണ്ടായെങ്കിലും പ്രവൃത്തി ദിവസമായ ഇന്ന് സ്ഥിതി എങ്ങനെയുണ്ടെന്നു നിരീക്ഷിക്കുമെന്നു ട്രാഫിക് (ഈസ്റ്റ്) അസിസ്റ്റന്റ് കമ്മിഷണർ ഫ്രാൻസിസ് ഷെൽബി പറഞ്ഞു.

വീണ്ടും പഴയപടി

ഇന്നലെ എസ്എ റോഡിൽ നിന്നു വൈറ്റില ഹബ്, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ വീണ്ടും റെയിൽവേ മേൽപാലത്തിലെ അടിപ്പാതയിലൂടെ വഴി തിരിച്ചു വിട്ടു. എസ്എ റോഡിൽ നിന്നു വൈറ്റില മേൽപാലത്തിന് അടിയിലൂടെയുള്ള വഴി പൊലീസ് അടച്ചു. ആലപ്പുഴ ഭാഗത്തു നിന്നു തൃപ്പൂണിത്തുറയിലേക്കു തിരിയാനുണ്ടായിരുന്ന വഴിയും അടച്ചു. കണിയാമ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ ഹബ് വഴി ജംക്‌ഷനിലെത്തി തിരിഞ്ഞു പോകണം.

എസ്എ റോഡിൽ നിന്നു ഫ്രീ ലെഫ്റ്റ് ലഭിക്കുന്ന ആലപ്പുഴ, തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള വാഹനങ്ങൾ റെയിൽവേ അണ്ടർപാസിലൂടെ സർവീസ് റോഡ് വഴി മേൽപാലത്തിന്റെ മറുഭാഗത്ത് എത്തണം.  എറണാകുളം ഭാഗത്തേക്കുള്ളവ മേൽപാലത്തിനടിയിലേക്കു കയറ്റിയും ആലപ്പുഴ ഭാഗത്തേക്കുള്ളവ മധ്യഭാഗത്തും ഹബ്, തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ളവ ഇടതു ചേർന്നുമാണു പോകേണ്ടത്. ഹബ്, തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ളവർക്കു ഫ്രീ ലെഫ്റ്റും ആലപ്പുഴയ്ക്കും എറണാകുളത്തിനും തിരിയേണ്ടവർക്കു സിഗ്‌നലുമുണ്ട്.

പാലം കാണാൻ കുടുംബസമേതം എത്തുന്നവരുടെ തിരക്കു തുടരുകയാണ്. താൽക്കാലിക ക്രമീകരണങ്ങൾ വിലയിരുത്തി വേണ്ട മാറ്റങ്ങൾ വരുത്തി ഗതാഗതം ക്രമപ്പെടുത്താൻ സമയം വേണമെന്നും അധികൃതർ പറഞ്ഞു. 

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിൽ നിന്നുള്ള വാഹനങ്ങളുടെ പ്രധാന എൻട്രി പോയിന്റാണ് വൈറ്റില. 

Content Highlights: Traffic block in Vyttila

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com