ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ മുദ്രപത്ര ഇടപാടുകൾക്കും ഇന്നു മുതൽ ഇ–സ്റ്റാംപിങ് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ ആവശ്യങ്ങൾക്കുള്ള മുദ്രപത്രങ്ങൾ ഇന്നു മുതൽ ട്രഷറി വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിൽ നിന്ന് ഇ പേയ്മെന്റ് മുഖേന ഡൗൺലോഡ് ചെയ്തു വാങ്ങണം. നിലവിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കു മാത്രമായിരുന്നു ഇ–സ്റ്റാംപിങ് സംവിധാനം. ഇന്നു മുതൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള മുദ്രപത്ര ഇടപാടുകൾക്കും ഇ–സ്റ്റാംപിങ് നിർബന്ധമാകും.

ഏറ്റവും കുറഞ്ഞ മുഖവിലയുള്ള 50 രൂപയുടെ മുദ്രപത്രം പോലും ഇനി ഇപ്രകാരം ഡൗൺലോഡ് ചെയ്തു വാങ്ങേണ്ടിവരും. വ്യാജ മുദ്രപത്രങ്ങൾ തടയാനും സർക്കാർ പണം ട്രഷറിയിൽ കൃത്യമായി എത്തിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. ഇ–സ്റ്റാംപിങ്ങിലൂടെ ജനങ്ങൾ അധികം തുക നൽകേണ്ടതില്ല. ഇന്റർനെറ്റ് സേവനം നേരിട്ടു ലഭിക്കാത്തവർ മറ്റു സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരും. ട്രഷറി വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ പണം അടയ്ക്കുന്നവർക്കു മാത്രമാണ് ഇ–സ്റ്റാംപ് ലഭ്യമാകുന്നത്. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് റജിസ്ട്രേഷനായി ഉപയോഗിക്കാം.

ഇ–സ്റ്റാംപിങ് സംബന്ധിച്ച് നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഓഫിസുകളിൽ ഇതു സംബന്ധിച്ച് നിർദേശം നൽകാനും അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കാനും മുന്നൊരുക്കങ്ങൾ നടത്താനും സാവകാശം ലഭിച്ചില്ലെന്നു പരാതിയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ രണ്ട് സബ് റജിസ്ട്രാർ ഓഫിസുകളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്നാണു പ്രചാരണമെങ്കിലും ഉത്തരവു പ്രകാരം ഇതു സംസ്ഥാനമാകെ ബാധകമാണ്.

സ്റ്റാംപ് വെൻഡർമാരിൽ നിന്നു മുൻകൂട്ടി വാങ്ങി വച്ച മുദ്രപത്രങ്ങൾ ഇനി ഉപയോഗിക്കാമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. റജിസ്ട്രേഷൻ വകുപ്പിന്റെ പേൾ എന്ന സംവിധാനവും ട്രഷറി വകുപ്പിന്റെ പോർട്ടലും സംയോജിപ്പിച്ചു സംവിധാനം നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും സ്റ്റാംപ് വെൻഡർമാർക്ക് പ്രത്യേക ലോഗിൻ സംവിധാനം ഒരുക്കി ഇ–സ്റ്റാംപ് ചെയ്ത മുദ്രപ്പത്രം വാങ്ങാൻ സൗകര്യം ഒരുക്കുമെന്നും ഉത്തരവിൽ പറയുന്നു.

English Summary: E Stamping for All Stamp Paper Purposes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com