ADVERTISEMENT

തിരുവനന്തപുരം ∙ നാടാർ സമുദായത്തിലെ ലാറ്റിൻ കാത്തലിക്, എസ്ഐയുസി ഒഴികെയുള്ള ക്രിസ്ത്യൻ വിഭാഗങ്ങൾക്കു കൂടി പിന്നാക്ക സംവരണം ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു.

ഇതുപ്രകാരം നാടാർ സമുദായത്തിൽപ്പെട്ട മലങ്കര, ലൂഥറൻ, മാർത്തോമ്മാ തുടങ്ങിയ സഭകളിലെ വിശ്വാസികൾക്കു കൂടി സർക്കാർ നിയമനങ്ങളിലും വിദ്യാലയങ്ങളിലെ പ്രവേശനത്തിലും സംവരണം ലഭിക്കും. ഇൗ തീരുമാനത്തോടെ എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട നാടാർ സമുദായാംഗങ്ങൾക്കു സംവരണമായി. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സമർപ്പിച്ച ശുപാർശ പ്രകാരമാണു നടപടി.

ഹിന്ദു നാടാർ, എസ്ഐയുസി നാടാർ എന്നിവർ ഒഴികെയുള്ള ക്രിസ്ത്യൻ നാടാർ സമുദായാംഗങ്ങൾ കേന്ദ്രത്തിൽ ഒബിസി പട്ടികയിലാണുള്ളത്. മന്ത്രിസഭാ തീരുമാനത്തോടെ സംസ്ഥാനത്തും പിന്നാക്ക വിഭാഗക്കാരുടെ ആനുകൂല്യം ഇവർക്കു ലഭിക്കും. എൽ.സി, എസ്ഐയുസി വിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കാതെയാണു പുതിയ സംവരണമെന്നു സർക്കാർ വ്യക്തമാക്കി. 

സംവരണം പ്രാബല്യത്തിൽ വരുത്തുന്നതിനായി കേരള സേവന ചട്ടങ്ങളിൽ 49 സി എന്ന വകുപ്പ് ഉൾപ്പെടുത്തും. ഇതോടെ ആകെ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം ഇൗ വിഭാഗത്തിനായിക്കൂടി വീതിക്കപ്പെടും. 

സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലാണു നാടാർ സമുദായാംഗങ്ങൾ കൂടുതലായുള്ളത്. പുതിയ തീരുമാനത്തിന്റെ ഗുണം 5 ലക്ഷത്തോളം പേർക്കു ലഭിക്കും. ഒബിസിയിലുള്ള എൺപതോളം വിഭാഗങ്ങൾക്കു ഫസ്റ്റ് ഗ്രേഡിൽ 3 ശതമാനവും ലാസ്റ്റ് ഗ്രേഡിൽ 6 ശതമാനവും സംവരണമുണ്ട്. 

വിവിധ സഭകളുടെ 6 പതിറ്റാണ്ടായുള്ള ആവശ്യത്തിനാണു തിരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com