ൈവരുധ്യാത്മക ഭൗതികവാദം: വിശദീകരിച്ച് എം.വി. ഗോവിന്ദൻ
Mail This Article
കണ്ണൂർ ∙ വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യൻ സാഹചര്യങ്ങളിൽ ഈ ഘട്ടത്തിൽ പ്രായോഗികമല്ലെന്ന നിലപാടു മാറ്റവുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ. പരാമർശം വിവാദമായതോടെ, വർഗീയതയെ പ്രതിരോധിക്കുന്നതിനു വേണ്ടി യോജിക്കാൻ കഴിയുന്ന എല്ലാവരെയും ഒരുമിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും ആശയപരമായ വൈരുധ്യമല്ല, വർഗപരമായ ഐക്യമാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
∙ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ജില്ലാ സമ്മേളനവേദിയിൽ ശനിയാഴ്ച നടത്തിയ പ്രസംഗം:
‘‘1789 ലെ ഫ്രഞ്ചു വിപ്ലവത്തെത്തുടർന്നു രൂപംകൊണ്ട ബൂർഷ്വാ ജനാധിപത്യത്തിലേക്കു പോലും ഇന്ത്യൻ ജനാധിപത്യം വളർന്നിട്ടില്ല.
ബൂർഷ്വാ വിജയങ്ങൾ ജനാധിപത്യ വിജയമായി വ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യയിലെ ബൂർഷ്വാ പാർട്ടികൾക്കു ബൂർഷ്വാ ജനാധിപത്യത്തെക്കുറിച്ചു പോലും അവബോധമില്ല. ജീർണിച്ച സമൂഹത്തിനു മേലേ കെട്ടിവച്ചു വിജയിപ്പിച്ച ഒന്നാണ് മുതലാളിത്ത വികസനം.
ജനാധിപത്യ വിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ.
ഇവിടെ ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ല. അതിന്റെ ജീർണതകൾ ഇപ്പോഴും അടിത്തട്ടിലുണ്ട്. വൈരുധ്യാത്മക ഭൗതികവാദം നടപ്പാക്കാൻ പാകമായ അവസ്ഥയിലല്ല ഇന്ത്യൻ സമൂഹം.
ഭൗതികവാദ നിലപാട് പോലും സ്വീകരിക്കാൻ കഴിയാത്ത ഒരു സമൂഹത്തിൽ വൈരുധ്യാത്മക ഭൗതികവാദ ദർശനം പകരംവയ്ക്കുക എന്നത് ഇന്ത്യൻ സാഹചര്യങ്ങളിൽ സാധിക്കുന്ന ഒന്നല്ല.
വൈരുധ്യാത്മക ഭൗതികവാദം ഫ്യൂഡൽ മാടമ്പിത്തരത്തിന്റെ ആശയപരിസരങ്ങളിൽ ഫലപ്രദമായ ബദലായി ഉപയോഗപ്പെടും എന്നു പറയുന്നത് ഒരിക്കലും സംഭവിക്കുന്ന ഒന്നായിരിക്കില്ല.
വിശ്വാസികളെയും വിശ്വാസത്തിന് അടിസ്ഥാനമായിട്ടുള്ള ദൈവികമായ സങ്കൽപങ്ങളെയും തള്ളിപ്പറഞ്ഞുകൊണ്ട് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാർശനിക പ്രപഞ്ചത്തെ ഇന്നത്തെ ഈ ഫ്യൂഡൽ പശ്ചാത്തലത്തിൽ മുൻനിർത്തി മുന്നോട്ടുപോകാനാകില്ല. ഇന്നത്തെ പരിസരങ്ങളിൽ എടുക്കാൻ സാധിക്കുന്ന നിലപാട് ഇതാണ്.’’
∙ ഇന്നലത്തെ വിശദീകരണം:
‘‘വൈരുധ്യാത്മക ഭൗതികവാദമെന്ന ആശയം അവസാനിപ്പിക്കുന്നു എന്നല്ല പറഞ്ഞുവരുന്നത്. അതിന്റെ പ്രയോഗത്തിലാണു ശ്രദ്ധിക്കേണ്ടത് എന്നാണ്. ഇന്നത്തെ ഇന്ത്യൻ പരിസ്ഥിതിയിൽ വൈരുധ്യാത്മക ഭൗതികവാദമാണ് ആശയപരമായി പകരം വയ്ക്കേണ്ടതെന്നു പലരും വിചാരിക്കുന്നുണ്ട്. എന്നാൽ, ഫ്യൂഡൽ സമൂഹത്തിന്റെ ആശയപരമായ നിലപാട് നോക്കുക. ജീർണമായ സാമൂഹിക അവബോധമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. ആ നിലപാട് അവസാനിപ്പിക്കുന്ന വർഗവീക്ഷണവും വർഗ നിലപാടും ഇവിടെ ഉയർന്നു വരുന്നില്ല.
വൈരുധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്നവരെ മാത്രം ഉപയോഗിച്ച് മാറ്റം സാധ്യമല്ല. സമൂഹത്തിൽ വിശ്വാസികളും അവിശ്വാസികളുമുണ്ട്. അവരുടെ ജനാധിപത്യം സംരക്ഷിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചപ്പാട്. അപ്പോൾ ആശയപരമായല്ല, വർഗപരമായി വിശ്വാസിയെയും അവിശ്വാസിയെയും ഒരുമിപ്പിക്കേണ്ടതുണ്ട്. അവരവരുടെ പ്രശ്നത്തിനു പരിഹാരം കാണേണ്ടതുണ്ട്. അങ്ങനെ മുന്നോട്ടുപോകുമ്പോൾ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വൈരുധ്യം ഞങ്ങൾക്കു പ്രശ്നമല്ല.’’
വൈരുധ്യാത്മക ഭൗതികവാദം
വൈരുധ്യങ്ങളുടെ ഏറ്റുമുട്ടലിലൂടെയാണ് സമൂഹം കമ്യൂണിസത്തിലേക്ക് പരിവർത്തനപ്പെടുകയെന്ന മാർക്സിയൻ സിദ്ധാന്തമാണു വൈരുധ്യാത്മക ഭൗതിക വാദം. സമൂഹത്തിലെയും വർഗ വൈരുധ്യങ്ങളെക്കുറിച്ചു പഠിച്ചാണു മാർക്സ് ഈ സിദ്ധാന്തത്തിലെത്തിച്ചേർന്നത്. വിരുദ്ധ ശക്തികളുടെ സമരവും ഐക്യവും സമൂഹത്തിലുടനീളം കാണാൻ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. മുതലാളിത്തവും തൊഴിലാളി വർഗവുമുള്ള സമൂഹത്തിൽ, ഈ വിരുദ്ധ ശക്തികളുടെ നിരന്തര സംഘട്ടനവും പരസ്പര പ്രവർത്തനവും തൊഴിലാളി വർഗ മേധാവിത്വത്തിലേക്കു നയിക്കുമെന്ന് അദ്ദേഹം സമർഥിച്ചു.
Content Highlights: MV Govindan controversy