ADVERTISEMENT

കൊച്ചി ∙ സിറോ മലബാർ സഭയെ സ്വയംഭരണത്തിലേക്കു നയിച്ച കർദിനാൾ മാർ ആന്റണി പടിയറയുടെ ജന്മശതാബ്ദി ഇന്ന്. ചങ്ങനാശേരി സെന്റ് മേരീസ് മെട്രോപ്പൊലിറ്റൻ പള്ളിയിൽ ഇന്നു രാവിലെ 8.30നു കുർബാനയ്ക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യ കാർമികത്വം വഹിക്കും.

മാർ മാത്യു മൂലക്കാട്ട് പ്രസംഗിക്കും. 10.30നു പൊതുസമ്മേളനം സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ജന്മശതാബ്ദി ആഘോഷം 13നു മാതൃദേവാലയമായ മണിമല സെന്റ് ബേസിൽസ് പള്ളിയിൽ നടക്കും.

സിറോ മലബാർ സഭാംഗമായ ആന്റണി പടിയറ ലത്തീൻ രൂപതയിലാണ് ആദ്യം ബിഷപ്പാകുന്നത്; 1955ൽ ഊട്ടിയിൽ. സിറോ മലബാർ റീത്തിൽ നിന്നു ലത്തീൻ ബിഷപ്പാകുന്ന ആദ്യത്തെയാൾ. ഒന്നര പതിറ്റാണ്ടിനുശേഷം അദ്ദേഹത്തെ ചങ്ങനാശേരി ആർച്ച്ബിഷപ്പായി നിയോഗിക്കുമ്പോൾ ലത്തീൻ റീത്തിൽനിന്ന് സിറോ മലബാർ റീത്തിലേക്കു സ്ഥലംമാറ്റം കിട്ടുന്ന ആദ്യ ബിഷപ്പായി മാർ ആന്റണി പടിയറ.

ആതുരാലയങ്ങളും വൃദ്ധസദനങ്ങളും സ്കൂളുകളും ഹൗസിങ് കോളനികളും സെമിനാരികളുമെല്ലാം സ്ഥാപിച്ച് ഊട്ടിയുടെ പ്രിയപ്പെട്ട ഇടയനായിരിക്കെയാണു പ്രവർത്തനമേഖലയിൽ മാറ്റമുണ്ടായത്. റീത്തുകളുടെ അതിർവരമ്പുകൾ മായ്ക്കാൻ നിയുക്തനായ മാർ ആന്റണി പടിയറ സമന്വയത്തിന്റെ വക്താവായും മാറുകയായിരുന്നു.

പിന്നീട് അദ്ദേഹം കർദിനാളായി; സിറോ മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പും. ദൈവപരിപാലനയിൽ പച്ചയായ മേച്ചിൽപുറങ്ങളിലേക്കും തെളിമയുള്ള നീർച്ചാലുകളിലേക്കും ദൈവജനത്തെ നയിക്കാൻ അദ്ദേഹത്തിനായി. സിറോ മലബാർ സഭയെ തനിമയിലേക്കും സ്വയംഭരണത്തിലേക്കും നയിക്കാനും അദ്ദേഹത്തിനു സാധിച്ചു.

ആരാധനാക്രമം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളും കാഴ്ചപ്പാടുകളും നിലനിൽക്കെത്തന്നെ യോജിച്ച ദിശാബോധം അദ്ദേഹം സഭയ്ക്കു നൽകി. പക്വമായ കാഴ്ചപ്പാടുകളും നയചാതുരിയും അതിൽ നിർണായകമായി. അനാരോഗ്യംമൂലം 1996 ഡിസംബർ 18ന് പദവികളെല്ലാം രാജിവച്ചൊഴിഞ്ഞാണ് അദ്ദേഹം വിശ്രമജീവിതത്തിലേക്കു പോയത്. 

ഫലിതമായിരുന്നു മാർ പടിയറയുടെ അംശവടി. എറണാകുളത്തേക്കു സ്ഥലംമാറ്റമായപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘എന്റെ തമാശകളുടെ സ്റ്റോക്ക് തീർന്നപ്പോൾ സ്ഥലംവിട്ടുപോകുകയാണെന്ന് ചങ്ങനാശേരിക്കാർ പറയും. ഇതേ തമാശകൾ എറണാകുളത്തു തട്ടാമല്ലോ എന്നും പറയുമായിരിക്കും.’’മനുഷ്യസ്നേഹി, തീക്ഷ്ണപ്രാർഥനയുള്ള ധ്യാനഗുരു, പാണ്ഡിത്യത്താൽ നിറഞ്ഞ വിനയം. അധികാരവും ചുമതലകളും ഏൽപിക്കപ്പെടുമ്പോഴും അവ കയ്യാളുമ്പോഴും വിശ്രമ ജീവിതത്തിലേക്കു പോയപ്പോഴും അദ്ദേഹം ഋഷിതുല്യനായിരുന്നു.

മാർ ആന്റണി പടിയറ

∙ മണിമല പടിയറ കുരുവിള അന്തോണിയുടെയും ഒറ്റപ്ലാക്കൽ ചിറക്കടവിൽ അന്നമ്മയുടെയും അഞ്ചാമത്തെ മകൻ.

∙ ജനനം: 1921 ഫെബ്രുവരി 11

∙ വൈദികപട്ടം: 1945 

∙ മെത്രാഭിഷേകം (ഊട്ടി):1955

∙ ചങ്ങനാശേരി ആർച്ച്ബിഷപ്: 1970

∙ എറണാകുളം ആർച്ച്ബിഷപ്: 1985

∙ കർദിനാൾ പദവി: 1988

∙ മേജർ ആർച്ച്ബിഷപ്:1992

∙ വിരമിച്ചത്: 1996

∙ പത്മശ്രീ: 1998

∙ ദേഹവിയോഗം: 2000 മാർച്ച് 23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com