കെ.എസ്.രാധാകൃഷ്ണൻ അധികമായി കൈപ്പറ്റിയ പെൻഷൻ ആനുകൂല്യം തിരിച്ചുപിടിക്കും
Mail This Article
തിരുവനന്തപുരം ∙ ബിജെപി നേതാവും മുൻ പിഎസ്‌സി ചെയർമാനുമായ കെ.എസ്.രാധാകൃഷ്ണൻ അധികമായി പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് അതു തിരിച്ചുപിടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് രാധാകൃഷ്ണന്റെ അപേക്ഷ കണക്കിലെടുത്ത് ആനുകൂല്യങ്ങൾ അനുവദിച്ചത്.
2011 മുതൽ 2016 വരെ രാധാകൃഷ്ണൻ പിഎസ്‌സി ചെയർമാൻ ആയിരുന്നു; അതിനു മുൻപ് സംസ്കൃത സർവകലാശാലാ വൈസ് ചാൻസലറും. പിഎസ്‌സി ചെയർമാൻ എന്ന നിലയിൽ പെൻഷനും ആനുകൂല്യങ്ങളും വേണമെന്നാവശ്യപ്പെട്ട് 2013ൽ സർക്കാരിനു കത്തു നൽകി. 2013 മാർച്ച് 31ലെ മന്ത്രിസഭാ യോഗം ഇത് അംഗീകരിച്ചു.
എൽഡിഎഫ് സർക്കാർ വന്നതിനു പിന്നാലെ കൊച്ചി ഇടപ്പള്ളി സ്വദേശി മുൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകി. ധനവകുപ്പും അഡ്വക്കറ്റ് ജനറലും നൽകിയ ഉപദേശം കണക്കിലെടുത്താണ് അധികമായി കൈപ്പറ്റിയ പെൻഷനും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാൻ തീരുമാനിച്ചത്.
English Summary: Extra pension of K.S. Radhakrishnan to be seized