തന്ത്രങ്ങളൊരുക്കാൻ മലയാളി ശാസ്ത്രജ്ഞൻ
Mail This Article
തിരുവനന്തപുരം∙ ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ രൂപീകരിച്ച ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ (എൻഎസ്ഐഎൽ) ആദ്യ ദൗത്യത്തിനു നേതൃത്വം നൽകിയത് മലയാളി ശാസ്ത്രജ്ഞൻ ജി. നാരായണൻ. ബ്രസീലിന്റെ ആമസോണിയ ഉപഗ്രഹം ഇന്നലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്. എൻഎസ്ഐഎല്ലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് നാരായണൻ.
നേരത്തേ തിരുവനന്തപുരത്തെ ഐഎസ്ആർഒ സ്ഥാപനമായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡപ്യൂട്ടി ഡയറക്ടർ ആയും പാരിസിലെ ഇന്ത്യൻ എംബസിയിലെ സ്പേസ് വിഭാഗം ഫസ്റ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ്.
രാജ്യാന്തര ബഹിരാകാശ വിപണിയിലെ അവസരങ്ങൾ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയുമാണ് നാരായണന്റെ നേതൃത്വത്തിലുള്ള ന്യൂ സ്പേസിന്റെ ചുമതല. ലോകത്ത് ഏറ്റവും ചുരുങ്ങിയ ചെലവിൽ റോക്കറ്റ് വിക്ഷേപണം നടത്തുന്ന രാജ്യമെന്ന പദവി എങ്ങനെ വരുമാനമാർഗമാക്കി മാറ്റാമെന്നാണ് ന്യൂ സ്പേസിനു മുന്നിലുള്ള വെല്ലുവിളി. ഉപഗ്രഹ സേവനം ആവശ്യമുള്ള ഒട്ടേറെ സ്വകാര്യസ്ഥാപനങ്ങളുമായി എൻഎസ്ഐഎൽ വാണിജ്യ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. സെപ്റ്റംബറിൽ വിക്ഷേപണത്തിനൊരുങ്ങുന്ന ജിസാറ്റ് 24 ഉപഗ്രഹം എൻഎസ്ഐഎൽ ഏറ്റെടുത്ത് ഡിടിഎച്ച് സർവീസ് കമ്പനികൾക്കായി കൈമാറും.