60 കഴിഞ്ഞവർക്കും ഗുരുതര രോഗികൾക്കും വാക്സീൻ; റജിസ്ട്രേഷൻ ഇന്നു മുതൽ
Mail This Article
തിരുവനന്തപുരം ∙ 60 വയസ്സിനു മുകളിലുള്ളവർക്കും 45–59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കും കോവിഡ് വാക്സിനേഷനുള്ള റജിസ്ട്രേഷൻ ഇന്നു രാവിലെ 10നു തുടങ്ങും. കോവിൻ (https://www.cowin.gov.in) പോർട്ടൽ വഴിയും ആരോഗ്യസേതു ആപ് വഴിയും റജിസ്റ്റർ ചെയ്യാം. പോർട്ടലോ ആപ്പോ വഴിയല്ലാതെ, നേരിട്ട് വാക്സീൻ വിതരണ കേന്ദ്രത്തിലെത്തി പേര് റജിസ്റ്റർ ചെയ്യാനും പിന്നീടു സൗകര്യമൊരുക്കും.
രേഖകളുമായി പോകണം
ആധാർ കാർഡോ ഫോട്ടോ പതിപ്പിച്ച മറ്റേതെങ്കിലും അംഗീകൃത തിരിച്ചറിയൽ കാർഡോ കയ്യിൽ കരുതണം. 45– 59 വയസ്സുകാർ അംഗീകൃത ഡോക്ടർമാർ ഒപ്പിട്ട കോ മോർബിഡിറ്റി സർട്ടിഫിക്കറ്റ് വാക്സിനേഷൻ കേന്ദ്രത്തിൽ നൽകണം.
സംശയപരിഹാരത്തിന് ദിശ ഹെൽപ്‌ലൈൻ: 1056
45– 59 പ്രായക്കാർ രോഗം സ്ഥിരീകരിക്കണം
45–59 വയസ്സുകാർ തങ്ങൾക്കു രോഗമുണ്ടെന്നു സ്ഥിരീകരിക്കണം. ഹൃദ്രോഗം, അർബുദം, വൃക്ക– കരൾ രോഗങ്ങൾ, പ്രമേഹം, പക്ഷാഘാതം, അരിവാൾ രോഗം, തലാസിമിയ തുടങ്ങിയവയുള്ളവരെയാണു പരിഗണിക്കുന്നത്.
റജിസ്ട്രേഷൻ ഇങ്ങനെ
റജിസ്ട്രേഷൻ സമയത്ത് ഫോട്ടോ തിരിച്ചറിയൽ കാർഡിലുള്ള അടിസ്ഥാന വിവരങ്ങൾ നൽകണം. ഒടിപി (വൺ ടൈം പാസ്‌വേഡ്) പരിശോധനയുമുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടികയും ഒഴിവുള്ള സമയവും കാണാം. സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യമാണ്. സംസ്ഥാനത്തെ 395 സ്വകാര്യ ആശുപത്രികളിലും 250 രൂപ നിരക്കിൽ വാക്‌സീനെടുക്കാൻ സൗകര്യമുണ്ട
ലഭ്യമായ സമയം നോക്കി സൗകര്യപ്രദമായ ഏതു കേന്ദ്രത്തിലും ബുക്ക് ചെയ്യാം. റജിസ്റ്റർ ചെയ്തവർക്കായി അക്കൗണ്ട് ഉണ്ടാകും. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ചു 4 പേരെ റജിസ്റ്റർ ചെയ്യാം. ഓരോരുത്തരുടെയും ഐഡി കാർഡ് നമ്പർ വ്യത്യസ്തമായിരിക്കണം.
കുത്തിവയ്പ് എടുക്കുന്നതു വരെ റജിസ്ട്രേഷൻ, അപ്പോയിന്റ്മെന്റ് കാര്യങ്ങളിൽ തിരുത്തൽ വരുത്താനും സൗകര്യമുണ്ട്. റജിസ്ട്രേഷൻ പൂർത്തിയായാൽ ഡൗൺലോഡ് ചെയ്യാവുന്ന ടോക്കൺ ലഭിക്കും. മൊബൈലിൽ എസ്എംഎസും ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾ തന്നെ രണ്ടാം ഡോസിനുള്ള തീയതിയും ലഭിക്കും.
English Summary: Covid vaccination registration