ADVERTISEMENT

പാലക്കാട് ∙ ബിജെപി സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന്റെ ഭാഗമായി ബാലറ്റ് മാതൃകയിലുള്ള ഫേ‍ാമിൽ ജില്ലാ, മണ്ഡലം, പേ‍ാഷക സംഘടനാ ഭാരവാഹികളുടെ അഭിപ്രായം തേടും. ഇന്നു മുതൽ 4 വരെ സംസ്ഥാന കേ‍ാർ കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യത്തിൽ ജില്ലകളിൽ ചേരുന്ന യോഗത്തിനൊടുവിലാണു ബാലറ്റിൽ അഭിപ്രായം രേഖപ്പെടുത്തേണ്ടത്.

പഞ്ചായത്ത്, നഗരസഭ, നിയേ‍ാജകമണ്ഡലം, ജില്ലാ, മേഖലാ തലങ്ങളിലുള്ള ഭാരവാഹികൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന– ദേശീയ കൗൺസിൽ അംഗങ്ങൾ, മേ‍ാർച്ചകളുടെ മണ്ഡലം, ജില്ലാ, സംസ്ഥാന ഭാരവാഹികൾ എന്നിവർ സ്ഥാനാർഥികളുടെ പേരുകൾ എഴുതി നൽകണം. ഇതിനായി സംസ്ഥാന കേ‍ാർ കമ്മിറ്റി അംഗങ്ങൾക്കു ജില്ലകളുടെ ചുമതല നൽകി: കേന്ദ്രമന്ത്രി വി. മുരളീധരൻ ( കാസർകേ‍ാട്), കുമ്മനം രാജശേഖരൻ (കെ‍ാല്ലം, എറണാകുളം), പി.കെ. കൃഷ്ണദാസ് (ആലപ്പുഴ, പത്തനംതിട്ട), സി.കെ. പത്മനാഭൻ (കേ‍ാഴിക്കേ‍ാട്, മലപ്പുറം), എ.എൻ. രാധാകൃഷ്ണൻ (ഇടുക്കി, കേ‍ാട്ടയം), ജേ‍ാർജ് കുര്യൻ (പാലക്കാട്, തിരുവനന്തപുരം), സി. കൃഷ്ണകുമാർ (തൃശൂർ), പി.സുധീർ (വയനാട്, കണ്ണൂർ).

ജില്ലകളിൽ നിർദേശിക്കുന്ന പേരുകളിൽ നിന്നു സംസ്ഥാന നേതൃത്വം ചുരുക്കപ്പട്ടിക തയാറാക്കി കേന്ദ്രനേതൃത്വത്തിനു നൽകും. കേന്ദ്രനേതൃത്വത്തിന്റെ സർവേ കൂടി കണക്കിലെടുത്താണ് അന്തിമപട്ടികയ്ക്കു രൂപം നൽകുക. ‌

ഇ.ശ്രീധരനെപ്പോലെ പാർട്ടിയിൽ പുതുതായി ചേർന്ന പ്രമുഖരിൽ മത്സരിക്കാൻ തയാറുള്ളവർക്കായി പത്തിലധികം മണ്ഡലങ്ങളെക്കുറിച്ച് ഏകദേശ ധാരണയിലെത്തി.

 കേന്ദ്രമന്ത്രി വി.മുരളീധരന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അടുത്തയാഴ്ച ദേശീയ നേതൃത്വം തീരുമാനമെടുക്കും. അനുമതി ലഭിച്ചാൽ അദ്ദേഹം കഴക്കൂട്ടത്തു ജനവിധി തേടും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കണമെന്നാണു കേന്ദ്രനേതൃത്വത്തിന്റെ നിർദേശം.

ബിജെപി സ്ഥാനാർഥി നിർണയം ഈ പത്തിനോ പതിനൊന്നിനോ പൂർത്തിയാകുമെന്നു സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. താനുൾപ്പെടെയുള്ള നേതാക്കളുടെ സ്ഥാനാർഥിത്വം തീരുമാനിക്കുക ദേശീയ നേതൃത്വം ആയിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com