ഡോളർകടത്തു കേസിൽ സ്വപ്നയുടെ രഹസ്യമൊഴി ഹൈക്കോടതിയിൽ: പ്രേരിപ്പിച്ചത് മുഖ്യമന്ത്രി, സ്പീക്കർ
Mail This Article
കൊച്ചി ∙ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പ്രേരണയാലാണ് യുഎഇ കോൺസുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്കു ഡോളർ കടത്തിയതെന്നു സ്വർണക്കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയതായി കസ്റ്റംസ് ഹൈക്കോടതിയിൽ വെളിപ്പെടുത്തി. യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിയുമായും അനധികൃത പണമിടപാടുകളുമായും മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തിയതായി അറിയിച്ചു. 3 മന്ത്രിമാരുടെയും സ്പീക്കറുടെയും നിയമവിരുദ്ധവും അനുചിതവുമായ പ്രവർത്തനങ്ങളെക്കുറിച്ചും സ്വപ്ന മൊഴി നൽകിയെന്നു കസ്റ്റംസിന്റെ വിശദീകരണപത്രികയിൽ പറയുന്നു.
തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ സ്വപ്‌നയ്‌ക്കു മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിലെ നിരീക്ഷണങ്ങൾക്കെതിരെ ജയിൽ ഡിജിപി നൽകിയ ഹർജിയിലാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ പത്രിക നൽകിയത്.
കസ്റ്റംസ് നിയമത്തിലെ 108–ാം വകുപ്പു പ്രകാരം സ്വപ്ന നൽകിയ മൊഴിയിലും ക്രിമിനൽ നടപടിച്ചട്ടത്തിലെ 164–ാം വകുപ്പു പ്രകാരം മജിസ്ട്രേട്ടിനു നൽകിയ രഹസ്യമൊഴിയിലും മുഖ്യമന്ത്രിക്കും സ്പീക്കർക്കും 3 മന്ത്രിമാർക്കുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.
വിശദീകരണ പത്രികയിലെ മറ്റു വിവരങ്ങൾ:
മുഖ്യമന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, പഴ്സനൽ സ്റ്റാഫ് എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നു സ്വപ്ന വെളിപ്പെടുത്തി. പല ഇടപാടുകളിലും ഉന്നതർക്കുള്ള പങ്കും അവർ വാങ്ങിയ കോഴയും മൊഴിയിലുണ്ട്. എല്ലാ ഇടപാടുകളെക്കുറിച്ചും അറിയാമെന്നും താൻ സാക്ഷിയാണെന്നും സ്വപ്ന അറിയിച്ചു. അറബിക് ഭാഷാ പരിജ്ഞാനമുള്ളതിനാൽ ഉന്നതരും മധ്യപൂർവദേശത്തുനിന്നുള്ളവരും തമ്മിലുള്ള ഇടപാടുകളിൽ അവർ ദ്വിഭാഷിയായി പ്രവർത്തിച്ചു.
സർക്കാർ പദ്ധതികളുടെ മറവിൽ ഉന്നത രാഷ്ട്രീയക്കാരും മറ്റു ചിലരും കോൺസുലേറ്റ് ഉദ്യോഗസ്ഥരും തമ്മിലുള്ള അനധികൃത സാമ്പത്തിക ഇടപാടുകൾ ഏകോപിപ്പിച്ചത് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണെന്നു സ്വപ്ന വെളിപ്പെടുത്തി.
12നു ഹാജരാകാൻ സ്പീക്കർക്ക് കസ്റ്റംസ് നോട്ടിസ്
കൊച്ചി∙ ഡോളർ കടത്തു കേസിൽ 12നു രാവിലെ 11 മണിക്കു ചോദ്യം ചെയ്യലിനു ഹാജരാകാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടിസ് നൽകി. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ എത്തണമെന്നാണു നിർദേശം. വിദേശത്തേക്കുള്ള ഡോളർ സ്പീക്കർ തന്നെ ഏൽപിച്ചെന്നും ഡോളറടങ്ങിയ ബാഗ് താൻ യുഎഇ മുൻ കോൺസൽ ജനറലിനു െകെമാറിയെന്നുമുള്ള സ്വപ്നയുടെ മൊഴിയുടെ പേരിലാണു ചോദ്യംചെയ്യൽ.
Content Highlights: Dollar smuggling: Pinarayi Vijayan involved; Swapna Suresh