ADVERTISEMENT

കണ്ണൂർ ∙ സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ സ്ഥാനാർഥി സാധ്യതാപ്പട്ടികയിൽ നിന്നു പുറത്തായത് അണികൾക്കിടയിൽ ചർച്ചയാവുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ എം.ബി. രാജേഷ്, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ എന്നിവർക്കു കിട്ടിയ ഇളവ് ജയരാജന്റെ കാര്യത്തിൽ ഉണ്ടായില്ല. ജയരാജനെ പാർട്ടി ഒതുക്കുകയാണെന്നാണു വികാരം.

ജയരാജനെ തഴയാനുള്ള ശ്രമങ്ങൾക്കു പിന്നിൽ പാർട്ടിയിലെ ഒരുവിഭാഗം നേതാക്കളുണ്ടെന്ന സംശയമാണ് അണികൾ ഉയർത്തുന്നത്. പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച എൻ. ധീരജ് കുമാർ ഈ ആരോപണമാണ് ഉയർത്തിയത്.

പി. ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെ, വ്യക്തി പൂജയിലേക്ക് അണികളെ വളർത്തിയെടുക്കുന്നുവെന്ന ആരോപണമുയർന്നു. ജയരാജനുള്ള വാഴ്ത്തുപാട്ടാണ് ഇതിനു കാരണമായി പറഞ്ഞത്. ഇതു തിരുത്തണമെന്നു പാർട്ടി നേതൃത്വം ആവശ്യപ്പെടുകയും അക്കാര്യം പാർട്ടി യോഗങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായിരുന്നു വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനായി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള മാറ്റം. അവിടെയും മറ്റു നേതാക്കൾക്കു ലഭിച്ച ആനുകൂല്യം ജയരാജനുണ്ടായില്ല. സെക്രട്ടറിയുടെ ചുമതല മറ്റൊരാളെ ഏൽപിച്ചുകൊണ്ടല്ല, സ്ഥാനം രാജിവയ്പിച്ചു കൊണ്ടാണ് ജയരാജനെ മത്സരിപ്പിച്ചത്. അതുകൊണ്ട് വടകരയിൽ തോറ്റ ശേഷം സെക്രട്ടറി സ്ഥാനത്തേക്കു തിരിച്ചെത്താനും കഴിഞ്ഞില്ല.

ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യയും ആന്തൂർ നഗരസഭാ അധ്യക്ഷയുമായ പി.കെ. ശ്യാമളയ്ക്കെതിരെ പി. ജയരാജൻ നിലപാടെടുത്തതും പാർട്ടിയിൽ വലിയ വിവാദമുണ്ടാക്കി. രാഷ്ട്രീയ അക്രമങ്ങളുടെ സൂത്രധാരൻ എന്ന നിലയിൽ ജയരാജനെ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ചില ഭാഗങ്ങളിൽ നിന്ന് ഉണ്ടായതും തിരിച്ചടിയായെന്ന് അണികൾ കരുതുന്നു. ഉയരുന്ന പ്രതിഷേധം തണുപ്പിക്കാൻ പി.ജയരാജൻ തന്നെ ഇന്നലെ സമൂഹമാധ്യമത്തിലൂടെ അഭ്യർഥന നടത്തി.

English Summary: Unrest within CPM has intensified as the party releases the primary list of candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com