ADVERTISEMENT

ജയമാണോ തോൽവിയാണോ വീണ്ടും സ്ഥാനാർഥിയാകാനുള്ള മാനദണ്ഡം? കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നിബന്ധനകളിലെ വൈരുധ്യം രാഷ്ട്രീയ വൃത്തങ്ങളിൽ സജീവ ചർച്ചയായി.

തുടർച്ചയായി 2 തവണ ജയിച്ചവരെ ഇനി വേണ്ടെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ് നേരെ തിരിച്ച്. തുടർച്ചയായി 2 തവണ തോറ്റവരെ വേണ്ട.

ജയിക്കുന്നത് അയോഗ്യത ആണോ എന്നു സിപിഎം നേതാക്കളോടു ചോദിച്ചു. 2 തവണ ജയിച്ചവർക്കു മൂന്നാം തവണയും അവസരം കൊടുത്താൽ, പിന്നെ അതു നാലും അഞ്ചും ആകില്ല എന്നാരു കണ്ടു എന്നായിരുന്നു മറുപടി. അതു കൊണ്ട് എവിടെയെങ്കിലും വച്ച് ഒരു തീരുമാനമെടുക്കേണ്ടി വരും. 10 വർഷം എംഎൽഎ എന്നതു നല്ല കാലയളവാണ്. അതുകൊണ്ടു തൽക്കാലം മറ്റൊരാൾക്കായി മാറുക. ഒരിക്കൽ മാറി നിന്നാൽ പിന്നെ കിട്ടുമോ എന്ന യുക്തിയൊന്നും പാർട്ടിയോടു ചോദിച്ചിട്ടു കാര്യമില്ല. ഇതു പാർട്ടി തീരുമാനമാണ്, അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥമാണ് എന്ന മറുപടി വരും. തുടർച്ചയായി ജയിച്ചവരെ മാറ്റി നിർത്താൻ തീരുമാനിച്ച സിപിഎം തുടർച്ചയായി തോൽക്കുന്നതു അയോഗ്യതയായി കാണുന്നുമില്ല.

അങ്ങനെ ഒരു വ്യവസ്ഥ സിപിഎമ്മിൽ ഇല്ലെന്നു കണ്ടപാടെ, ആ കുറവ് നികത്താൻ കോൺഗ്രസ് തീരുമാനിച്ചു! 2 തവണ തോറ്റവർ സ്ഥാനാർഥിത്വം മോഹിച്ചു വരേണ്ട. എന്നാൽ തുടർച്ചയായി ജയിക്കുന്നത് കോൺഗ്രസിൽ ഒരു അയോഗ്യതയല്ല. തോൽക്കുന്നതു വരെ മത്സരിക്കാം, എന്നല്ല, 2 തവണ തോൽക്കുന്നതു വരെ മത്സരിക്കാം എന്നാണ് പുതിയ നിബന്ധനയോടെ വന്നിരിക്കുന്ന മാറ്റം!

ജീവിതത്തിൽ 3 തവണ മത്സരിച്ചിട്ടുണ്ടെങ്കിൽ പിന്നെ എം.എൻ. സ്മാരകത്തിലേക്ക് സീറ്റിന് അപേക്ഷിക്കേണ്ടെന്നാണ് സിപിഐ എടുത്ത തീരുമാനം. തുടർച്ചയോ ഇടർച്ചയോ കാനം രാജേന്ദ്രനു വിഷയമല്ല. സ്ഥിരമായി മത്സരിക്കുന്നവരെ ഒഴിവാക്കാനാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലും ആ മാനദണ്ഡം പിന്തുടർന്നാൽ സ്ഥാനാർഥിത്വം തീരുമാനിക്കുന്ന നേതാക്കളിൽ പലരും പട്ടികയ്ക്കു പുറത്താകും.

English Summary: CPM and Congress policies for candidature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com