ADVERTISEMENT

തിരുവനന്തപുരം ∙ ഏറ്റുമാനൂർ കൂടി നൽകി കേരള കോൺഗ്രസുമായുള്ള (ജോസഫ്) തർക്കം കോൺഗ്രസ് തീർക്കുന്നു. കോട്ടയം ജില്ലയിലെ പുതുപ്പള്ളി, വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീ 5 സീറ്റുകൾ കോൺഗ്രസിനും കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ സീറ്റുകൾ കേരള കോൺഗ്രസിനും എന്നാണു ധാരണ.

തൊടുപുഴ, ഇടുക്കി, കോതമംഗലം, ഇരിങ്ങാലക്കുട, തിരുവല്ല, കുട്ടനാട് എന്നിവ കൂടി ചേർത്ത് ജോസഫ് ഗ്രൂപ്പിന് 9 സീറ്റ് ഉറപ്പായി. ഒരു സീറ്റു കൂടി ചോദിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് തീർത്തുപറഞ്ഞിട്ടില്ല. പേരാമ്പ്ര പത്താമത്തെ സീറ്റായി വേണമെന്ന ആവശ്യം നിരസിച്ചു. മുസ്‌ലിം ലീഗും ഈ സീറ്റ് ചോദിച്ചിട്ടുണ്ട്.

ലീഗിനു കൂത്തുപറമ്പ് ഉറപ്പായി. അവർ അധികമായി ചോദിച്ച മൂന്നാമത്തെ സീറ്റായ പട്ടാമ്പി നൽകാനുള്ള ബുദ്ധിമുട്ട് കോൺഗ്രസ് വ്യക്തമാക്കി. പട്ടാമ്പിക്കു പകരം ഏതെന്നു തീരുമാനിച്ചാൽ ലീഗ്– കോൺഗ്രസ് അന്തിമ ധാരണയാകും.

യുഡിഎഫിലെ അന്തിമ സീറ്റ് ചർച്ചകൾ ഇനി ഫോണിലൂടെയാകും. കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾക്കു നേതാക്കൾ ഇന്നു ഡൽഹിക്കു തിരിക്കും. ബുധനാഴ്ചയ്ക്കകം പ്രഖ്യാപനത്തിനാണു ശ്രമം.

ചങ്ങനാശേരി വിടാതെ സിപിഐ

തിരുവനന്തപുരം ∙ ചങ്ങനാശേരി സീറ്റ് സംബന്ധിച്ച സിപിഎം–സിപിഐ ചർച്ചയും അലസി. കേരള കോൺഗ്രസിന് (എം) കാഞ്ഞിരപ്പള്ളി വിട്ടുനൽകുമ്പോൾ പകരം ചങ്ങനാശേരി വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തീർത്തുപറഞ്ഞു. ഇന്നു 4ന് എൽഡിഎഫ് യോഗം ചേരുംമുൻപു തർക്കം തീർക്കാനാണു ശ്രമം. പ്രശ്നം തീർന്നില്ലെങ്കിൽ എൽഡിഎഫ് യോഗം മാറ്റിവച്ചേക്കുമെന്നും സൂചനകളുണ്ട്.

ചങ്ങനാശേരി തരാൻ പ്രയാസമുണ്ടെങ്കിൽ കോട്ടയമോ പുതുപ്പള്ളിയോ ഒഴികെ ജില്ലയിലെ മറ്റേതെങ്കിലും സീറ്റ് വേണമെന്നാണ് സിപിഐയുടെ ആവശ്യം. ഇരിക്കൂർ, തിരൂരങ്ങാടി, ഏറനാട് സീറ്റുകൾ വിട്ടുനൽകാനും സന്നദ്ധത അറിയിച്ചു.

കേരള കോൺഗ്രസിന് (എം) ചാലക്കുടി കൂടി വിട്ടുനൽകാൻ സിപിഎം തീരുമാനിച്ചു. പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ഇടുക്കി, തൊടുപുഴ, റാന്നി, പിറവം അല്ലെങ്കിൽ പെരുമ്പാവൂർ, ഇരിക്കൂർ, കുറ്റ്യാടി എന്നീ 10 സീറ്റുകളും അവർക്കു ലഭിക്കും. പിറവവും പെരുമ്പാവൂരും ഒരുമിച്ചുവേണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം. ഇതിനുപുറമേ ചങ്ങനാശേരിയും  ആവശ്യപ്പെടുന്നു.

സ്ഥാനാർഥികളിലേക്ക് ജോസഫ് വിഭാഗം

തിരുവനന്തപുരം∙ 9 സീറ്റുകൾ ഉറപ്പിച്ചതോടെ കേരള കോ‍ൺഗ്രസ്(ജോസഫ്) സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക്. മാണി വിഭാഗത്തിൽനിന്നു ജോസഫിലേക്കു വന്ന നേതാക്കളുടെ വിഹിതം കൂടി കണക്കിലെടുത്താണു സീറ്റുകൾ ലഭിച്ചത് എന്നതിനാൽ തങ്ങൾ‍ക്കു സ്ഥാനാർഥി നിർണയത്തിൽ മതിയായ പരിഗണന വേണമെന്ന അഭ്യർഥന അവർ ജോസഫിനു മുന്നിൽ വച്ചിട്ടുണ്ട്.

സാധ്യതാ പട്ടിക:

തൊടുപുഴ: പി.ജെ.ജോസഫ്

കടുത്തുരുത്തി: മോൻസ് ജോസഫ്

ഇടുക്കി: ഫ്രാൻസിസ് ജോർജ്

കോതമംഗലം: ഷിബു തെക്കുംപുറം

ഇരിങ്ങാലക്കുട: തോമസ് ഉണ്ണിയാടൻ

കുട്ടനാട്: ജേക്കബ് ഏബ്രഹാം

ഏറ്റുമാനൂർ: പ്രിൻസ് ലൂക്കോസ്

തിരുവല്ല: ജോസഫ് എം പുതുശ്ശേരി /വർഗീസ് മാമ്മൻ

ചങ്ങനാശേരി: വി.ജെ.ലാലി / സാജൻ ഫ്രാൻസിസ്

English Summary: Kerala assembly elections 2021 updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com