പ്രചാരണത്തിനു പിണറായിയിൽ തുടക്കമിട്ട് മുഖ്യമന്ത്രി; നെറികെട്ട കളിയിൽ തളരില്ല
Mail This Article
പിണറായി (കണ്ണൂർ) ∙ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടത്തിൽ കോൺഗ്രസും ബിജെപിയും ചേർന്നു നേരും നെറിയും കെട്ടുകളിക്കുകയാണെന്നും അതിൽ വിറങ്ങലിച്ചു പോകുന്നവരല്ല ഇടതുപക്ഷമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണത്തിനു സ്വന്തം നാടായ പിണറായിയിൽ തുടക്കമിടുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
എൽഡിഎഫിന്റെ വഴി തടസ്സപ്പെടുത്താൻ ഒരു ശക്തിക്കുമാവില്ല.
ഏതെങ്കിലും ഏജൻസികളെ കൊണ്ടു വന്നു വിരട്ടാൻ നോക്കിയാൽ അത് ഇവിടെ നടക്കില്ലെന്നും എൽഡിഎഫ് ധർമടം കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ പരിപാടിയിൽ പിണറായി പറഞ്ഞു.
പ്രതിസന്ധിയിൽ ജനങ്ങളെയാകെ ഒന്നിച്ചു നിർത്തിയ സർക്കാരിനെ വസ്തുതകൾ പറഞ്ഞു നേരിടാൻ കഴിയാത്തതിനാലാണ് കോൺഗ്രസും ബിജെപിയും ഒരേ സ്വരത്തിൽ അപഹസിക്കാൻ ശ്രമിക്കുന്നത്. ഇവരുടെ കൂട്ടായ ആക്രമണത്തെ ജനങ്ങൾ എങ്ങനെ എടുത്തുവെന്നതു തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതാണ്.
എൽഡിഎഫിനെ നേരിടാൻ എളുപ്പമല്ലെന്നു ബിജെപിക്ക് അറിയാം. കോൺഗ്രസിനെ എപ്പോൾ വേണമെങ്കിലും വാരാൻ കഴിയും. പച്ചില കാട്ടി ആടിനെ നടത്തുന്നതു പോലെയാണ് കോൺഗ്രസിനെ ബിജെപി നടത്തുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന സ്ഥാനത്തിനു ചേരുന്ന തരത്തിലല്ല അമിത്ഷാ സംസാരിച്ചത്. മുസ്‌ലിം എന്നു പറയുമ്പോൾ ഷായുടെ സ്വരം കടുക്കുകയാണ്. വർഗീയതയെ ആൾരൂപമായി സങ്കൽപിച്ചാൽ അതാണ് പഴയ അമിത്ഷാ.
ഇവിടത്തെ ഒരു സംശയാസ്പദ മരണത്തെ കുറിച്ച് പറയുകയുണ്ടായി. അത് ഏതാണെന്നു പറഞ്ഞാൽ അന്വേഷിക്കാം. സൊഹ്റാബുദീൻ ഷെയ്ഖിന്റെയും ഭാര്യ കൗസർബിയുടെയും കേസിലെ സാക്ഷിയായിരുന്ന തുൾസിറാം പ്രജാപതിയുടെയും വ്യാജ ഏറ്റുമുട്ടൽ കൊലപാതകം ആസൂത്രണം ചെയ്തതിന് കേസുള്ള ആളാണ് അമിത്ഷാ. അദ്ദേഹം ഇവിടെ വന്ന് നീതിബോധം പഠിപ്പിക്കേണ്ട.
അമിത് ഷായ്ക്ക് എതിരായ കേസ് പരിഗണിച്ച സിബിഐ ജഡ്ജി ആർ.എച്ച്. ലോധയുടെ കുടുംബം ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണ്.
സ്ഥാനത്തിനു ചേരാത്ത രീതിയിൽ സംസാരിച്ചാൽ വരുമാനത്തിൽ 16,000 മടങ്ങ് വർധനയുണ്ടാക്കിയ ഷായെ കുറിച്ചു പറയേണ്ടി വരുമെന്നു പിണറായി മറുപടി നൽകി.
കണ്ണൂർ വിമാനത്താവളത്തിലെത്തിയ പിണറായിയെ എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി. സഹദേവൻ, സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗം സി.എൻ. ചന്ദ്രൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. പുരുഷോത്തമൻ എന്നിവർ ചേർന്നു സ്വീകരിച്ചു.
വഴി നീളെ ആളുകൾ മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിച്ചു. ഒപ്പം ഭാര്യ കമലയും മകൾ വീണയും ഉണ്ടായിരുന്നു.