ഡോളർ കടത്തു കേസ്: അഭിഭാഷകയിൽ നിന്ന് കസ്റ്റംസ് മൊഴിയെടുത്തു
Mail This Article
കൊച്ചി ∙ ഡോളർ കടത്തു കേസിൽ തിരുവനന്തപുരത്തെ അഭിഭാഷക എസ്. ദിവ്യയുടെ മൊഴി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രേഖപ്പെടുത്തി. സ്വർണക്കടത്തു പിടികൂടുന്നതിനു മുൻപത്തെ ദിവസം സ്വപ്നയുടെ മൊബൈലിലേക്കു വന്ന ഫോൺ വിളികളിലൊന്നു ദിവ്യയുടെ പേരിലുള്ള സിം കാർഡിൽ നിന്നാണെന്നു കണ്ടെത്തിയതിനെ തുടർന്നാണു ചോദ്യം ചെയ്തത്.
മൊബൈൽ സേവന കമ്പനിയിൽ മാനേജരായ ബന്ധു, ടാർഗറ്റ് തികയ്ക്കാൻ വേണ്ടി തന്റെ പേരിൽ എടുത്തു നൽകിയ 5 ഫോൺ നമ്പറുകളിലൊന്നാണിതെന്നു ദിവ്യ മൊഴി നൽകി. 5 നമ്പറുകളും ഉപയോഗിച്ചത് ഇതേ മൊബൈൽ കമ്പനിയുടെ ടെലിമാർക്കറ്റിങ് ഫ്രാഞ്ചൈസിയാണെന്നും മൊഴിയിൽ പറയുന്നു. മൊബൈൽ കമ്പനി മാനേജരും ഫ്രാഞ്ചൈസി ജീവനക്കാരനും ഇക്കാര്യം ശരിവച്ചു മൊഴി നൽകി. ടെലി മാർക്കറ്റിങ്ങിന്റെ ഭാഗമായി വിളിച്ചതാണെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.
സ്വപ്ന അറസ്റ്റിലായതിനു ശേഷം, സിം പ്രവർത്തനരഹിതമാണെന്നു കണ്ടതോടെയാണു ദിവ്യയ്ക്കു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടിസ് അയച്ചത്. 11 മണിയോടെ തുടങ്ങിയ മൊഴിയെടുക്കൽ, വൈകിട്ട് ആറോടെ പൂർത്തിയായി. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ നാളെയും സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ 12നും ചോദ്യം ചെയ്യാൻ കസ്റ്റംസ് നോട്ടിസ് നൽകി.
English Summary: Details collected from advocate in dollar smuggling case