പട്ടിക വന്നിട്ടും എൽഡിഎഫിൽ കനലെരിയുന്നു
Mail This Article
തിരുവനന്തപുരം ∙ പിറവത്തെ എൽഡിഎഫ് സ്ഥാനാർഥിയെ സിപിഎം പുറത്താക്കുകയും സ്ഥാനാർഥിത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുകയും ചെയ്തതോടെ സ്ഥാനാർഥിപ്പട്ടികയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ തർക്കങ്ങൾ പാരമ്യത്തിൽ. പാർട്ടിയിൽ സംഭവിക്കുന്ന അസാധാരണ സാഹചര്യം മനസ്സിലാക്കി കുറ്റ്യാടിയിലെ പ്രശ്നപരിഹാരത്തിന് ഉന്നത നേതൃത്വം നേരിട്ടിറങ്ങി. കാഞ്ഞങ്ങാട്ട് മന്ത്രി ഇ. ചന്ദ്രശേഖരനെതിരെ സംസ്ഥാന കൗൺസിൽ അംഗം പ്രതിഷേധവുമായി രംഗത്തെത്തിയത് സിപിഐയെയും ഞെട്ടിച്ചു.
സിപിഎം അംഗമായ സിന്ധുമോൾ ജേക്കബിനെ പിറവത്ത് കേരള കോൺഗ്രസ്(എം) സ്ഥാനാർഥി ആക്കിയത് അവിശ്വസനീയ വഴിത്തിരിവുകളാണ് എൽഡിഎഫിൽ സൃഷ്ടിച്ചത്. മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥി ആയതു പാർട്ടിവിരുദ്ധ പ്രവർത്തനമാണെന്ന് ആരോപിച്ച് ലോക്കൽ കമ്മിറ്റി അവരെ പുറത്താക്കിയത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കി. കേരള കോൺഗ്രസ് സ്ഥാനാർഥി ആയത് സിപിഎം നേതൃത്വം അറിഞ്ഞാണെന്നു സിന്ധുമോൾ പ്രതികരിക്കുകയും ചെയ്തു. സിപിഎമ്മിന്റെ ചരിത്രത്തിൽ നടക്കാത്ത നാടകീയ സംഭവങ്ങളാണിതെല്ലാം.
സിന്ധു മോൾക്കും അവരുടെ സ്ഥാനാർഥിത്വത്തിനും എതിരെ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റും പിറവം നഗരസഭാംഗവുമായ ജിൽസ് പെരിയപ്പുറം രംഗത്തെത്തി. പിറവം തനിക്കു ലഭിക്കാത്തത് പണം നൽകാനില്ലാതിരുന്നതുകൊണ്ടാണെന്ന് ജിൽസ് തുറന്നടിച്ചു. കേരള കോൺഗ്രസ് അംഗത്വം അദ്ദേഹം രാജിവച്ചു. ജിൽസിന് സീറ്റു നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവർത്തകർ പിറവത്ത് ജോസ് കെ.മാണിയുടെ കോലം കത്തിച്ചു. നോട്ടെണ്ണൽ യന്ത്രത്തിന്റെ മാതൃകയും ഇവർ അഗ്നിക്കിരയാക്കി.
കേരള കോൺഗ്രസിനു സീറ്റ് കൊടുത്തതിന്റെ പേരിൽ വെട്ടിലായ മറ്റൊരു മണ്ഡലമായ കുറ്റ്യാടിയിൽ ആ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനും എ.വി. ഗോവിന്ദനും വ്യക്തമാക്കി.
പ്രതിഷേധ പ്രകടനം കണ്ട് സ്ഥാനാർഥിയെ മാറ്റുന്ന പാർട്ടിയല്ല സിപിഎം എന്നും സംഭവിച്ചതു പരിശോധിക്കുമെന്നും ഇരുവരും പറഞ്ഞു. മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കുന്നുമ്മൽ ഏരിയ കമ്മിറ്റി കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും വടകര ഏരിയ കമ്മിറ്റി ജില്ലാ സെക്രട്ടറി പി.മോഹനനും വിളിച്ചു ചേർത്തു.
പ്രകടനത്തിനു നേതൃത്വം നൽകിയവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നു. 14നു കുറ്റ്യാടിയിൽ സിപിഎം വിശദീകരണ യോഗവും പ്രകടനവും നടത്തും. തിരുവമ്പാടിയിലെ സ്ഥാനാർഥി നിർണയത്തിനെതിരെ മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും കോഴിക്കോട് ജില്ലാ നേതൃത്വത്തിനു മറ്റൊരു തലവേദനയായി. മണ്ഡലം കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതിനു പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കാഞ്ഞങ്ങാട് മന്ത്രി ഇ.ചന്ദ്രശേഖരനു വീണ്ടും സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് സംസ്ഥാന കൗൺസിൽ അംഗം ബങ്കളം പി.കുഞ്ഞികൃഷ്ണൻ എൽഡിഎഫ് മണ്ഡലം കൺവീനർ സ്ഥാനം രാജിവച്ചു. എൽഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ മടിക്കൈയിലെ ഭൂരിപക്ഷം സിപിഐ അംഗങ്ങളും ബഹിഷ്കരിച്ചു. സ്ഥാനാർഥിപ്പട്ടിക അന്തിമമാക്കിയ സംസ്ഥാന കൗൺസിൽ യോഗത്തിൽ മന്ത്രിക്കെതിരെ കടുത്ത ആക്ഷേപങ്ങൾ ബങ്കളം കുഞ്ഞികൃഷ്ണൻ ഉന്നയിച്ചിരുന്നു.
English Summary: Rift in Kerala Congress Over Piravom seat, Jils periyapuram resigns