നേമത്ത് കണ്ണുനട്ട്, ഉമ്മൻ ചാണ്ടി മത്സരിച്ചേക്കും; രമേശും തയാർ; കോൺഗ്രസ് പട്ടിക ഇന്ന്
Mail This Article
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു കുതിപ്പേകാൻ നേമം മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്ഥാനാർഥിയായേക്കും. ഡൽഹിയിൽ നടക്കുന്ന ഉൾപാർട്ടി യോഗങ്ങളിൽ ഇക്കാര്യം സജീവ ചർച്ചയായി. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ നേമം വെല്ലുവിളി ഏറ്റെടുക്കാൻ സന്നദ്ധനാണെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചു.
നേമത്ത് മത്സരിക്കാൻ താനും തയാറാണെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡിന് ഉചിത തീരുമാനമെടുക്കാമെന്നും ഇന്നലെ രാത്രി നടന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. ഹൈക്കമാൻഡ് ഇന്ന് അന്തിമ തീരുമാനമെടുക്കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്നു വൈകിട്ട് യോഗം ചേർന്ന് സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഏക സിറ്റിങ് സീറ്റിൽ ബിജെപിയെ നേർക്കുനേർ നേരിടാൻ ഉമ്മൻ ചാണ്ടിയെ കളത്തിലിറക്കുന്നത് സംസ്ഥാനത്തുടനീളം പാർട്ടിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ബിജെപി വിരുദ്ധ വോട്ടുകൾ കോൺഗ്രസിന് ഉറപ്പിക്കാനും പ്രചാരണക്കളത്തിൽ ഇടതു മുന്നണിയെ കടത്തിവെട്ടാനും ഇതു സഹായിക്കുമെന്നു പാർട്ടി വൃത്തങ്ങൾ ‘മനോരമ’യോടു പറഞ്ഞു.
ചെന്നിത്തലയെ രംഗത്തിറക്കുന്നതും സമാന നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്നാണു വിലയിരുത്തൽ. കോൺഗ്രസിനു ശക്തി പകരാൻ നേമത്ത് സ്ഥാനാർഥിയാകാൻ തനിക്കു മടിയില്ലെന്ന് അടുത്ത വൃത്തങ്ങളോട് ഉമ്മൻ ചാണ്ടി സൂചിപ്പിച്ചു. ഉമ്മൻ ചാണ്ടി നേമത്തേക്കു മാറിയാൽ, പുതുപ്പള്ളിയിൽ കോൺഗ്രസിനായി പുതുമുഖ സ്ഥാനാർഥി വന്നേക്കും.
നേമത്തിറങ്ങിയാൽ ഉമ്മൻ ചാണ്ടിയെ തോൽപിക്കാൻ സിപിഎമ്മും ബിജെപിയും കൈകോർക്കുമെന്ന ആശങ്കയും കോൺഗ്രസിനുണ്ട്. സംസ്ഥാനത്തുടനീളം പ്രചാരണത്തിനു പോകാൻ കഴിയാതെ നേമത്ത് തളച്ചിടപ്പെടുമെന്ന പ്രശ്നവുമുണ്ട്. എതിരാളികളുടെ സംഘടിത കരുത്തിനെ മറികടക്കാനുള്ള ജനപ്രീതി ഉമ്മൻ ചാണ്ടിക്കുണ്ടെന്നും അത് താഴേത്തട്ടിൽ പ്രവർത്തകർക്കു നൽകുന്ന ഊർജം വളരെ വലുതായിരിക്കുമെന്നും നേമത്ത് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
∙ ‘നേമത്തു ഞാൻ സ്ഥാനാർഥിയാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. അതേക്കുറിച്ച് ചർച്ച നടന്നിട്ടില്ല.’ – ഉമ്മൻ ചാണ്ടി
English Summary: UDF seat-sharing talks on ‘last lap’, to be finalised soon