എൽഡിഎഫ് സ്ഥാനാർഥിയെ സിപിഎം പുറത്താക്കി
Mail This Article
കോട്ടയം ∙ പിറവത്തെ എൽഡിഎഫ് സ്ഥാനാർഥി ഡോ. സിന്ധുമോൾ ജേക്കബിനെ സിപിഎം ലോക്കൽ കമ്മിറ്റി പുറത്താക്കി. സിപിഎം ഉഴവൂർ ബ്രാഞ്ച് അംഗവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോൾക്കെതിരെ ‘പാർട്ടി വിരുദ്ധ’ പ്രവർത്തനങ്ങളുടെ പേരിലാണു നടപടി.
ഘടകകക്ഷിയായ കേരള കോൺഗ്രസിനു (എം) നൽകിയ പിറവം സീറ്റിൽ അവരുടെ സ്ഥാനാർഥിയായി സിപിഎം അംഗമായ സിന്ധുമോളെ ബുധനാഴ്ച വൈകിട്ടാണ് പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ സിപിഎമ്മിൽനിന്നു പുറത്താക്കിയതായി അറിയിച്ചുള്ള പോസ്റ്റർ ഉഴവൂരിലും പരിസരത്തും പ്രത്യക്ഷപ്പെട്ടു. പാർട്ടിയോട് ആലോചിക്കാതെ സ്ഥാനാർഥി ആയതിനാണ് നടപടിയെന്ന് സിപിഎം ലോക്കൽ സെക്രട്ടറി കെ. സജീവ് പറഞ്ഞു.
ഇതേസമയം, സിന്ധുമോളെ പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ടില്ലെന്നു ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ പറഞ്ഞു. പുറത്താക്കാൻ ലോക്കൽ കമ്മിറ്റിക്ക് അധികാരമില്ല.
പാലാ ഏരിയ കമ്മിറ്റിയുടെ ശുപാർശയിൽ ജില്ലാ കമ്മിറ്റിയാണ് നടപടി എടുക്കേണ്ടതെന്നും ആ നടപടി ക്രമം പാലിച്ചില്ലെന്നും വാസവൻ ചൂണ്ടിക്കാട്ടി. എന്നാൽ, ലോക്കൽ കമ്മിറ്റിയുടെ തീരുമാനം വൈകുന്നേരത്തോടെ പാലാ ഏരിയ കമ്മിറ്റി ശരിവച്ച് ജില്ലാ കമ്മിറ്റിക്കു കൈമാറി.
സിന്ധുമോൾ ഈ വർഷം അംഗത്വം പുതുക്കിയിട്ടില്ലെന്നായിരുന്നു വാസവൻ നൽകിയ വിശദീകരണം. പുറത്താക്കൽ സംഭവത്തിൽ അന്വേഷണം നടത്തുമെന്നും നടപടി പരസ്യപ്പെടുത്തിയതു തെറ്റാണെന്നും വാസവൻ പറഞ്ഞു.
14 വർഷമായി ബ്രാഞ്ച് കമ്മിറ്റിയംഗമായ സിന്ധുമോൾ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കായി 4 തവണ മത്സരിച്ചു ജയിച്ചു; നാലും സ്വതന്ത്ര ചിഹ്നത്തിലായിരുന്നു.
English Summary: Kerala Congress M candidate in Piravam expelled from CPM