ബിജെപി സ്ഥാനാർഥികളെ ഇന്നറിയാം; സുരേഷ് ഗോപി തിരുവനന്തപുരം സെൻട്രലിലെന്നു സൂചന
Mail This Article
ന്യൂഡൽഹി ∙ കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ എന്നിവിടങ്ങളിലേക്കുള്ള ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർഥിപ്പട്ടിക ഇന്നു കേന്ദ്രതിരഞ്ഞെടുപ്പു സമിതിക്കു മുൻപിലെത്തും. ഇന്നു വൈകിട്ടോ നാളെയോ പ്രഖ്യാപനമുണ്ടായേക്കും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുൻ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവർ ഇന്നലെ സാധ്യതാ പട്ടിക കേരളത്തിന്റെ തിരഞ്ഞെടുപ്പു ചുമതലയുളള കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി ചർച്ച ചെയ്തു. ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ജെ.പി. നഡ്ഡ, അമിത്ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവരും പങ്കെടുക്കുന്ന യോഗത്തിൽ കേരള പ്രതിനിധികളും പങ്കെടുക്കും.
വി.മുരളീധരൻ മത്സരിക്കുന്നതു ദേശീയ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാവും. സാധ്യതാ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ശോഭ സുരേന്ദ്രന്റെ പേർ ചാത്തന്നൂരും മറ്റു ചില മണ്ഡലങ്ങളിലുമുണ്ട്. കെ.സുരേന്ദ്രൻ കോന്നിയിലാകുമെന്നാണു സൂചന. കുമ്മനം രാജശേഖരൻ മത്സരിക്കാനിടയുള്ള നേമത്തിനു പുറമേ കഴക്കൂട്ടത്തും സുരേന്ദ്രന്റെ പേരുണ്ടായിരുന്നു. ഹരിപ്പാട് ബി.ഗോപാലകൃഷ്ണനും പുതുപ്പള്ളിയിൽ എൻ. ഹരിയും പട്ടികയിലുണ്ട്. ധർമടത്ത് സി.കെ. പത്മനാഭൻ മത്സരിച്ചേക്കും. കെ. രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ മത്സരിക്കും. എം.ടി. രമേശിന്റെ പേര് കോഴിക്കോട് നോർത്തിലും പി.കെ. കൃഷ്ണദാസിന്റേതു കാട്ടാക്കടയിലും നിർദേശിക്കപ്പെട്ടിട്ടുണ്ട്.
സുരേഷ് ഗോപിയുടെ പേര് തൃശൂരും നേമവും തിരുവനന്തപുരം സെൻട്രലും അടക്കമുള്ള മണ്ഡലങ്ങളിലുണ്ടെങ്കിലും അദ്ദേഹം തിരുവനന്തപുരത്തു മത്സരിക്കാൻ സാധ്യതയുണ്ടെന്ന് പാർട്ടിവൃത്തങ്ങൾ പറഞ്ഞു. ഇവിടെ സാധ്യതാ പട്ടികയിലുള്ള വിജയൻ തോമസ് മത്സരിക്കാൻ താൽപര്യമില്ലെന്നു പറഞ്ഞിട്ടുണ്ട്.
ഇതിനിടെ, കേരളത്തിൽ 35 സീറ്റു കിട്ടിയാൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവർത്തിച്ചു.