സർക്കാർ കണക്ക് പൊളിയുന്നു; പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞു
Mail This Article
തിരുവനന്തപുരം∙ പൊതുവിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ വർധിച്ചുവെന്ന സർക്കാരിന്റെ അവകാശവാദം തെറ്റാണെന്നു വിദ്യാഭ്യാസവകുപ്പിന്റെ കണക്ക്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണി അവതരിപ്പിക്കുന്ന വലിയ അഭിമാന നേട്ടം കൂടിയാണ് ഔദ്യോഗിക കണക്കുകളിൽ പൊളിയുന്നത്.
2015 -16 അധ്യയനവർഷം ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 33.67 ലക്ഷം കുട്ടികളുണ്ടായിരുന്നത് 2019–20ൽ 33.27 ലക്ഷമായി കുറഞ്ഞുവെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച കണക്കുകളിൽ നിന്നു വ്യക്തമാകുന്നു. ചില ക്ലാസുകളിലെ കുട്ടികളുടെ എണ്ണത്തിലെ വർധന മാത്രം എടുത്തു കുട്ടികൾ വർധിച്ചുവെന്നു പ്രചാരണം നടത്തുകയാണെന്നാണ് ആരോപണം.
കഴിഞ്ഞ 5 വർഷത്തിനിടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ആകെ 40694 കുട്ടികൾ കുറഞ്ഞു. അതേസമയം, സർക്കാർ സ്കൂളുകളുടെ മാത്രം കണക്കെടുത്താൽ കുട്ടികളുടെ എണ്ണം 11.54 ലക്ഷത്തിൽ നിന്ന് 11.68 ലക്ഷമായി ഉയർന്നു. എയ്ഡഡ് സ്കൂളുകളിൽ 22.13 ലക്ഷത്തിൽ നിന്ന് 21.58 ആയി കുറഞ്ഞു. കോവിഡ് ആയതിനാൽ 2020–21 അധ്യയനവർഷത്തെ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികളുടെ മാത്രം എണ്ണമെടുത്താലും സർക്കാരിന്റെ അവകാശവാദം സാധൂകരിക്കുന്നതല്ല. 2015–16ൽ 2.53 ലക്ഷം കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു. 2019–20ൽ അത് 2.68 ലക്ഷമായി. ആകെ വർധന ഏതാണ്ട് 13000.
ഓരോ അധ്യയന വർഷവും പുതുതായി എത്തിയ കുട്ടികളുടെ എണ്ണം മുൻ വർഷത്തെ എണ്ണവുമായി താരതമ്യം ചെയ്യുന്നതിനു പകരം ഓരോ ക്ലാസിലും പ്രവേശനം നേടിയ കുട്ടികളുടെ എണ്ണവും അടുത്ത വർഷത്തെ ഉയർന്ന ക്ലാസിലെത്തിയ കുട്ടികളും തമ്മിലുള്ള വ്യത്യാസമാണ് വർധനയായി പ്രചരിപ്പിക്കുന്നതെന്നാണ് ആക്ഷേപം.