പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ഉറപ്പ്; തള്ളിക്കളയാതെ നേമം
Mail This Article
പുതുപ്പള്ളി ∙ പോക്കറ്റിലെ ഡയറി എടുത്ത് 16–ാം തീയതിയിലെ പേജിൽ ഉമ്മൻ ചാണ്ടി കുറിച്ചു – ‘പള്ളിക്കത്തോട് ബ്ലോക്ക് ഓഫിസ്, നാമനിർദേശ പത്രിക’. ഇതു കണ്ടവർ വിവരം പുറത്തെത്തിച്ചു. അതോടെ കരോട്ട് വള്ളക്കാലിൽ വീട്ടുമുറ്റത്തും റോഡിലും 4 മണിക്കൂറോളം പ്രതിഷേധവുമായി നിന്ന പ്രവർത്തകർ ആവേശത്തോടെ കയ്യടിച്ചു. പുതുപ്പള്ളി മണ്ഡലംവിട്ട് ഉമ്മൻ ചാണ്ടി പോകരുതെന്ന ആവശ്യവുമായി പ്രവർത്തകർ നടത്തിയ ‘ഉപരോധം’ അതോടെ അവസാനിച്ചു. അപ്പോഴും നേമത്ത് സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് തീർത്തുള്ള മറുപടി ഉമ്മൻ ചാണ്ടി പറഞ്ഞതുമില്ല.
നേമത്തു സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്നലെ രാവിലെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയ ഉമ്മൻ ചാണ്ടിയെ പ്രവർത്തകർ സ്നേഹക്കോട്ട കെട്ടി തടയുകയായിരുന്നു. മുദ്രാവാക്യവും കരച്ചിലുമായി വാഹനം തടഞ്ഞു. മുക്കാൽ മണിക്കൂറോളം അദ്ദേഹത്തിനു പുറത്തിറങ്ങനായില്ല. ഇതിനിടെ, യൂത്ത് കോൺഗ്രസ് നേതാവ് ജസ്റ്റിൻ ജോൺ വീടിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.
നേമത്തു മത്സരിക്കേണ്ടിവരുമെന്ന കാര്യം പുതുപ്പള്ളിയിലെ പ്രവർത്തകരെ അറിയിച്ച് അനുവാദം വാങ്ങാനായിരുന്നു ഉമ്മൻ ചാണ്ടി എത്തിയത്. നേതാക്കളുടെ യോഗവും വിളിച്ചിരുന്നു. ‘അപകടം’ മണത്ത നേതാക്കളും പ്രവർത്തകരും രാവിലെ മുതൽ വള്ളക്കാലിൽ വീട്ടിലേക്ക് എത്തി. ഉമ്മൻ ചാണ്ടിയുടെ കട്ടൗട്ടുകളും പാർട്ടി പതാകകളുമായി പ്രവർത്തകർ വീടിനു ചുറ്റും റോഡിലും കുത്തിയിരുന്നു.
നേമത്തെക്കുറിച്ച് എന്താണ് തീരുമാനമെന്ന് ഒരു വാക്കു പോലും ഉമ്മൻ ചാണ്ടി പരസ്യമായി പറഞ്ഞില്ല. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്, ടോമി കല്ലാനി, മണ്ഡലം ഭാരവാഹികൾ എന്നിവരുമായി ചർച്ച നടത്തി. ‘പുതുപ്പള്ളിയിൽ പേരുണ്ട്, പക്ഷേ, നേമത്തേക്ക് ചിലപ്പോൾ ...’ ഉമ്മൻ ചാണ്ടി ഇത്രയും പറഞ്ഞപ്പോഴേക്ക് നേതാക്കൾ എതിർത്തു. ജോഷി ഫിലിപ് അടക്കം രാജി ഭീഷണി മുഴക്കി. പുതുപ്പള്ളി വിടുന്നത് അപകടമാണെന്ന് തിരുവഞ്ചൂരും കെ.സി. ജോസഫും പറഞ്ഞു. ഇതിനിടെ വയലാർ രവി ഫോണിൽ വിളിച്ചു.
തുടർന്നാണ് പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയത്. ഒരു മണിയോടെ പ്രവർത്തകർ പിരിഞ്ഞു. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്കു പുറപ്പെട്ടു.
നിലവിൽ പുതുപ്പള്ളിയിലെ സ്ഥാനാർഥിയായി എന്റെ പേരാണുള്ളത്. നേമത്ത് ആരെന്ന കാര്യത്തിൽ ചർച്ച തുടരുകയാണ്. പുതുപ്പള്ളിക്കാരുടെ വികാരം മനസ്സിലാക്കുന്നു. നേമത്ത് ശക്തമായ മത്സരം നടക്കണം- ഉമ്മൻ ചാണ്ടി
English Summary: Protest infront of Oommen Chandy's house