ADVERTISEMENT

ന്യൂഡൽഹി ∙ സ്ഥാനാർഥിയാകാൻ കഴിയാത്തതിലെ വിഷമമായിരിക്കും ആർ. ബാലശങ്കറിന്റെ പ്രതികരണത്തിനു കാരണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. 

ആർഎസ്എസിനോ ബിജെപിക്കോ വിരുദ്ധമായതും സുചിന്തിത അഭിപ്രായമായും അതിനെ കാണേണ്ടതില്ല. മാനസിക വിഷമം വരുമ്പോൾ എന്തെല്ലാം പറയുമെന്നും പറയാനാവില്ല. സീറ്റുകളൊന്നും ഞാൻ പോക്കറ്റിൽ നിന്നെടുത്തു കൊടുക്കുന്നതല്ല– മുരളീധരൻ പറഞ്ഞു.

ബിജെപി സീറ്റു നൽകുന്നതിന് മാനദണ്ഡമുണ്ട്. പ്രധാനമന്ത്രി ഉൾപ്പെടുന്ന തിരഞ്ഞെടുപ്പു സമിതി ചേർന്നാണ് തീരുമാനമെടുക്കുന്നത്. സാധ്യതാ പട്ടിക നൽകുകയാണ് സംസ്ഥാന നേതൃത്വം ചെയ്യുന്നത്. 

കേരളത്തിൽ ബിജെപി വലിയ വളർച്ചയുടെ ഘട്ടത്തിലാണ്. സ്വാഭാവികമായും കോൺഗ്രസും സിപിഎമ്മും ഉന്നയിക്കുന്ന ആരോപണമാണ് സഖ്യാരോപണം. ചില മാധ്യമ പ്രവർത്തകരെ കരുക്കളാക്കി കോൺഗ്രസും സിപിഎമ്മും നടത്തുന്നതാണ് ഇത്തരം പ്രചാരവേലകൾ. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കെതിരെയുള്ള ഇടതു സ്ഥാനാർഥികളും പിണറായിക്കെതിരെയുള്ള സ്ഥാനാർഥിയും ആരാണെന്നു നോക്കിയാൽ രഹസ്യധാരണകളെക്കുറിച്ചു ബോധ്യം വരുമെന്നും അദ്ദേഹം പറഞ്ഞു. 

വെളിപ്പെടുത്തൽ തള്ളി ബിജെപി ദേശീയ വക്താവ് 

തൃശൂർ ∙ ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആർ.ബാലശങ്കറിന്റെ വെളിപ്പെടുത്തൽ തള്ളി ബിജെപി ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗർവാൾ. എൽഡിഎഫും യുഡിഎഫും തമ്മിലാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് ധാരണയെന്നും ബിജെപി എല്ലാ സീറ്റിലും ജയിക്കാനാണു പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ ഭരണത്തിനു പുറത്തു നിർത്താൻ വോട്ടു കച്ചവടമാണ് ഇരു മുന്നണികളും നടത്തുന്നത്. ത്രിപുരയിൽ സംഭവിച്ചതു പോലെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകുമെന്നും അഗർവാൾ പറഞ്ഞു. 

കേന്ദ്രം അന്വേഷിക്കണം: പി.പി. മുകുന്ദൻ

കണ്ണൂർ ∙ ആർ. ബാലശങ്കറിനു സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യവും ചില മണ്ഡലങ്ങളിൽ സിപിഎം–ബിജെപി ഡീൽ ഉണ്ടെന്ന അദ്ദേഹത്തിന്റെ ആരോപണവും കേന്ദ്രനേതൃത്വം അന്വേഷിക്കണമെന്നു മുതിർന്ന ബിജെപി നേതാവ് പി.പി. മുകുന്ദൻ. അന്വേഷിച്ചു സത്യം കണ്ടെത്തിയില്ലെങ്കിൽ ഭാവിയിൽ പാർട്ടിക്കു ദോഷംചെയ്യും. സ്ഥാനാർഥി നിർണയത്തിലുണ്ടായ അപസ്വരങ്ങൾ അവമതിപ്പുണ്ടാക്കി.

കെ. സുരേന്ദ്രൻ 2 മണ്ഡലങ്ങളിൽ മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഒരിടത്തെങ്കിലും ജയിക്കുന്നതിലാണു കാര്യം. നേതൃത്വം അപക്വമായ ശൈലിയിലേക്കു പോയതുകൊണ്ടാണു ശോഭ സുരേന്ദ്രന്റെ വിഷയം വലുതായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com