അഭിമാനപ്പിടിവള്ളി
Mail This Article
‘പൊന്നിൻസൂചിയാണെന്നാലും കണ്ണിൽകൊണ്ടാൽ മുറിഞ്ഞുനോവും’ എന്നു പി.ഭാസ്കരൻ പണ്ടെഴുതിയത് കൊടുവള്ളി മണ്ഡലത്തെക്കുറിച്ചാണെന്നു തോന്നുന്നു. മുസ്‌ലിം ലീഗിന്റെ പൊന്നാപുരം കോട്ടയെന്നു വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലം. എന്നാൽ അപ്രതീക്ഷിത അടിയൊഴുക്കുകളാണ് കൊടുവള്ളിയെ സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ തവണ കൈവിട്ടുപോയ മണ്ഡലം വൻഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാൻ എം.കെ. മുനീറെന്ന കരുത്തനെ മുസ്‌ലിം ലീഗ് പോരിനിറക്കുന്നതും അതുകൊണ്ടുതന്നെ.
കഴിഞ്ഞ തവണ ലീഗിൽനിന്നു രാജിവച്ച് എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയായി പോരാടി നേടിയ വിജയത്തിന്റെ തുടർച്ച പ്രതീക്ഷിച്ചാണ് കാരാട്ട് റസാഖ് ഇത്തവണ വരുന്നത്. ബിജെപിയെ പിന്തുണയ്ക്കുന്ന പ്രദേശങ്ങളിലെ മാറ്റമില്ലാത്ത വോട്ടുകളുടെ സുരക്ഷിതത്വത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ടി. ബാലസോമൻ കന്നിയങ്കത്തിനിറങ്ങുന്നു. ഇത്തവണ 2 സിറ്റിങ് എംഎൽഎമാർ മത്സരിക്കുന്ന സംസ്ഥാനത്തെ ഏക മണ്ഡലം കൊടുവള്ളിയാണ്.
1977ൽ മണ്ഡലം രൂപീകരിച്ചതു മുതൽ ലീഗ് സ്ഥാനാർഥികളെയും ലീഗ് വിമതരെയും മാത്രം തുണച്ച ചരിത്രമാണ് കൊടുവള്ളിക്കുള്ളത്. ഇ. അഹമ്മദ്, പി.വി. മുഹമ്മദ്, പി.എം. അബൂബക്കർ, സി. മമ്മൂട്ടി, വി.എം. ഉമ്മർ, സി. മോയിൻകുട്ടി തുടങ്ങിയ ലീഗ് നേതാക്കളെ വിജയിപ്പിച്ച മണ്ഡലം. എന്നാൽ ലീഗിൽനിന്നു പുറത്തുവന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ച പി.ടി.എ. റഹീം 2006 ൽ തോൽപ്പിച്ചത് കെ. മുരളീധരനെയാണ്. കഴിഞ്ഞതവണ അവസാനനിമിഷം വരെ ലീഗിൽ പ്രവർത്തിക്കുകയും രാജിവച്ച് ഇടതുസ്വതന്ത്ര സ്ഥാനാർഥിയാവുകയും ചെയ്ത കാരാട്ട് റസാഖ് 573 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.എ. റസാഖിനെ തോൽപ്പിച്ചത്.
മുനീറിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ചു പ്രാദേശിക നേതൃത്വത്തിൽ ഉടലെടുത്ത പടലപിണക്കങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. മണ്ഡലത്തിനു പുറത്തുനിന്നു സ്ഥാനാർഥി വേണ്ടെന്ന വാദവുമായി പ്രാദേശികനേതാക്കൾ മുനീറിന്റെ വീടിനുമുന്നിൽപോലും പ്രതിഷേധിച്ചു. സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്തിൽനിന്നു മുനീർ കൊടുവള്ളിയിലേക്കു മാറുന്നതിൽ ആ മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. ഒടുവിൽ സംസ്ഥാനനേതൃത്വം ഇടപെട്ടാണ് തർക്കങ്ങൾ പരിഹരിച്ചത്.
കൊടുവള്ളിയുടെ രാഷ്ട്രീയശീലങ്ങൾ അത്രയെളുപ്പത്തിൽ പ്രവചിക്കാൻ കഴിയില്ല. കോടിയേരിയുടെ ‘മിനി കൂപ്പർ’ വിവാദത്തിലെ നായകൻ കാരാട്ട് ഫൈസലിനെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കം എതിർപ്പുകളെത്തുടർന്ന് അവസാനനിമിഷമാണ് എൽഡിഎഫ് തിരുത്തിയത്. പക്ഷേ, സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസൽ പൊടിപാറുന്ന വിജയം നേടി. അവിടെ ഇടതുസ്ഥാനാർഥിക്ക് കിട്ടിയത് പൂജ്യം വോട്ട്! അബദ്ധത്തിൽപ്പോലും ഒരൊറ്റ വോട്ടും എൽഡിഎഫ് സ്ഥാനാർഥിക്കു വീഴാതെ നോക്കിയ ആ വൈദഗ്ധ്യം രാഷ്ട്രീയവിദ്യാർഥികൾക്കു പാഠപുസ്തകമാണെങ്കിൽ ആ പുസ്തകത്തിലെ മറ്റ് അധ്യായങ്ങളാണ് കെ. മുരളീധരനും പി.ടി. എ.റഹീമും കാരാട്ട് റസാഖും.
Content Highlights: Koduvally assembly constituency election