9 മണ്ഡലങ്ങളിലായി 19,133 വ്യാജവോട്ട്
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 9 മണ്ഡലങ്ങളിലായി 19,133 വ്യാജ വോട്ടർമാരെക്കൂടി കണ്ടെത്തിയതിന്റെ പട്ടികയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു പുതിയ പരാതി നൽകി. കഴിഞ്ഞ ദിവസം 5 മണ്ഡലങ്ങളിലായി ചൂണ്ടിക്കാട്ടിയ 14,657 വ്യാജ വോട്ടർമാർക്കു പുറമേയാണിത്. എല്ലാ മണ്ഡലങ്ങളിലും വലിയ തോതിൽ വ്യാജ വോട്ടർമാരുണ്ടെന്നതിന്റെ തെളിവാണിതെന്നും ഇവരെ നീക്കാൻ കമ്മിഷൻ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇന്നലത്തെ പട്ടികയിൽ ഏറ്റവും കൂടുതൽ വ്യാജ വോട്ടർമാർ തവനൂരാണ്– 4395. മറ്റു മണ്ഡലങ്ങളിൽ ഇങ്ങനെ: കൂത്തുപറമ്പ് 2795, കണ്ണൂർ 1743, കൽപറ്റ 1795, ചാലക്കുടി 2063, പെരുമ്പാവൂർ 2286, ഉടുമ്പൻചോല 1168, വൈക്കം 1605, അടൂർ 1283. മിക്കയിടത്തും വോട്ടർ പട്ടികയിൽ ഒരേ വോട്ടർമാരുടെ പേരും ഫോട്ടോയും പലവട്ടം ആവർത്തിച്ചിരിക്കുകയാണ്. ചിലതിൽ വിലാസത്തിലും മറ്റും വ്യത്യാസമുണ്ട്.
ഉദുമയിൽ കുമാരി എന്ന വോട്ടറുടെ കാര്യത്തിൽ വെളിപ്പെട്ടതു പോലെ, തങ്ങളുടെ പേര് വെവ്വേറെ തിരിച്ചറിയൽ കാർഡ് നമ്പറുകളുമായി പലതവണ ആവർത്തിച്ചിരിക്കുന്നത് വോട്ടർമാർ അറിയണമെന്നില്ലെന്നു ചെന്നിത്തല പറഞ്ഞു. ചിലർ സംഘടിതമായി എല്ലാ മണ്ഡലങ്ങളിലും കൃത്രിമം നടത്തിയിരിക്കുകയാണ്; കള്ളവോട്ടിനായി ഇവർ തിരിച്ചറിയൽ കാർഡുകൾ കൈവശപ്പെടുത്തിരിക്കുകയാണെന്നും ആരോപിച്ചു.
നാളത്തെ അനുബന്ധ പട്ടികയിലും ആശങ്ക
തിരുവനന്തപുരം ∙ നാളെ പ്രസിദ്ധീകരിക്കുന്ന അനുബന്ധ വോട്ടർ പട്ടികയെക്കുറിച്ചും ആശങ്ക. കഴിഞ്ഞ 9 വരെയുള്ള അപേക്ഷകരെയാണ് അനുബന്ധ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
പത്രിക ഇന്നു കൂടി
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. ഉച്ചയ്ക്കു ശേഷം 3 വരെ പത്രിക നൽകാം. സൂക്ഷ്മപരിശോധന നാളെ. 22 വരെ പത്രിക പിൻവലിക്കാം.
Content Highlights: Bogus vote in Kerala