വൻ ആയുധ, ലഹരിവേട്ട: 3 ബോട്ടുകൾ പിടികൂടി
Mail This Article
കൊച്ചി ∙ 5 എകെ 47 തോക്കുകളും 1000 വെടിയുണ്ടകളും 300 കിലോഗ്രാം ഹെറോയിനും സഹിതം 3 ബോട്ടുകൾ മിനിക്കോയ് ദ്വീപിൽ നിന്നു മാറി കോസ്റ്റ്ഗാർഡും നാവികസേനയും ചേർന്നു പിടികൂടി. സമീപകാലത്തെ ഏറ്റവും വലിയ ലഹരിമരുന്ന്, ആയുധ വേട്ടയാണിത്. കിലോയ്ക്ക് ഒരു കോടിയിലധികം രൂപ വിലമതിക്കുന്നതാണു ഹെറോയിൻ എന്ന ലഹരിമരുന്ന്.
ഡോണിയർ വിമാനം മിനിക്കോയ് ദ്വീപിൽ നിന്ന് 166 കിലോമീറ്റർ മാറി ഒരാഴ്ചയായി നിരീക്ഷിച്ച 7 ബോട്ടുകളിൽ 3 എണ്ണമാണു സംശയം തോന്നി കസ്റ്റഡിയിലെടുത്തതെന്നു നാവികസേന അറിയിച്ചു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സഹായത്തോടെയാണു നീക്കമെന്നും കൂടുതൽ അന്വേഷണത്തിനായി വൻകരയിലെത്തിക്കുമെന്നും കോസ്റ്റ്ഗാർഡും നാവികസേനയും അറിയിച്ചു. പാക്കിസ്ഥാനിൽ നിന്നു ലഹരിമരുന്നു പുറങ്കടലിലെത്തിച്ചു കപ്പലുകളിലേക്കു കൈമാറുന്ന ശ്രീലങ്കൻ ബോട്ടുകളാണു പിടികൂടിയതെന്നു സൂചനയുണ്ട്.
മറ്റു വിശദാംശങ്ങൾ നാവികസേന പുറത്തുവിട്ടിട്ടില്ല. വൻകരയിലെത്തിച്ചു കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വിശദാംശങ്ങൾ ലഭ്യമാകൂ. ലഹരിമരുന്നു കടത്തിയതെന്നു കരുതുന്ന ഒരു ശ്രീലങ്കൻ ബോട്ട് വിഴിഞ്ഞം തീരത്തിനു സമീപം 7ന് കോസ്റ്റ്ഗാർഡ് പിടികൂടിയിരുന്നു.
Content Highlights: Drugs seized by navy near Minicoy Island