ADVERTISEMENT

തിരുവനന്തപുരം ∙ നാമനിർദേശപത്രികകൾ സ്വീകരിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ കളം തെളിഞ്ഞു; 3 മുന്നണികളുടെയും പോരാളികൾ അങ്കത്തിനിറങ്ങി. രാഷ്ട്രീയകേരളം ഇനി അതിതീക്ഷ്ണ പ്രചാരണ ദിനങ്ങളിലേക്ക്.പത്രികകളുടെ സൂക്ഷ്മപരിശോധന മറ്റന്നാൾ കഴിഞ്ഞാൽ മണ്ഡലം ഇളക്കി സ്ഥാനാർഥിപര്യടനം ആരംഭിക്കും.

ഏപ്രിൽ ആദ്യം വിശുദ്ധവാരം ആയതിനാൽ പ്രചാരണ രീതികളിൽ മിതത്വം വേണ്ടിവരുമോ എന്നതു കൂടി കണക്കിലെടുത്തുള്ള തയാറെടുപ്പാണ് 3 മുന്നണികളും നടത്തുന്നത്. ജനങ്ങളിലേക്കു പരമാവധി എത്തിച്ചേരാനുള്ള ശ്രമം വരുന്ന ഒരാഴ്ച നടക്കും. തിങ്കളാഴ്ച വരെ സ്ഥാനാർഥികൾ വീടുകളും കടകളും കയറിയിറങ്ങും. 23 മുതൽ വാഹനപര്യടനം, ഒപ്പം നേതാക്കളുടെ റോഡ് ഷോ. ദേശീയ നേതൃനിരയിലെ പ്രമുഖർ പങ്കെടുക്കുന്ന യോഗങ്ങൾ. ബൂത്തുതലം വരെയുള്ള കൺവൻഷനുകൾ മിക്കയിടത്തും പൂർത്തിയായിക്കഴിഞ്ഞു.

കോൺഗ്രസ്

രാഹുൽ ഗാന്ധി, പ്രിയങ്ക

കേരളത്തിൽ ഇടതുമുന്നണിക്കെതിരെ ഇഞ്ചോടിഞ്ചു പോരാട്ടത്തിനാണു കളമൊരുങ്ങുന്നതെന്നും വരും ദിവസങ്ങളിൽ കോൺഗ്രസ് പ്രചാരണം ശക്തമാക്കണമെന്നും സംസ്ഥാന നേതൃത്വത്തിനു പാർട്ടി ഹൈക്കമാൻഡിന്റെ നിർദേശം. പ്രചാരണത്തിനു കൊഴുപ്പേകാൻ 22, 23 തീയതികളിൽ രാഹുൽ ഗാന്ധി കേരളത്തിലെത്തും. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായിരിക്കും രാഹുലിന്റെ ആദ്യഘട്ട പ്രചാരണം.

ഈ മാസം അവസാനത്തോടെ പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തെത്തും. ഇരുവരും പരമാവധി സമയം ജനങ്ങൾക്കിടയിൽ ചെലവഴിക്കുന്ന രീതിയിലായിരിക്കും പ്രചാരണം. വലിയ സമ്മേളനങ്ങൾ ഒഴിവാക്കും. പകരം, ചെറു ആൾക്കൂട്ട സദസ്സുകളെ അഭിസംബോധന ചെയ്യും. എല്ലാ ജില്ലകളിലും ഇവരിലൊരാൾ പ്രചാരണത്തിനെത്തും. 

പുതുമുഖങ്ങളും യുവാക്കളും അണിനിരക്കുന്ന സ്ഥാനാർഥിപ്പട്ടിക ഗുണം ചെയ്യുമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകൾ നേടാൻ പുതുമുഖ സ്ഥാനാർഥികൾ സഹായിക്കും.

എൽഡിഎഫ്

യച്ചൂരി, കാരാട്ട്, ഡി.രാജ, വൃന്ദ

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി 23ന് കാസർകോട്ട് പര്യടനം ആരംഭിക്കും, 28ന് തിരുവനന്തപുരത്തുനിന്നു മടങ്ങും. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് 25ന് കൊച്ചിയിലെത്തും. 2 ഘട്ടമായി കേരളത്തിലുള്ള കാരാട്ട് 6 ജില്ലകളിൽ പ്രസംഗിക്കും. വൃന്ദ കാരാട്ട് 28നും സുഭാഷിണി അലി നാളെയും (കൊല്ലം) എത്തും. പിബി അംഗങ്ങളായ എസ്.രാമചന്ദ്രൻ പിള്ള ആലപ്പുഴയിലും എം.എ. ബേബി കൊല്ലത്തും സംസ്ഥാന പര്യടനം തുടങ്ങി. ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്നു. പിബി അംഗം കോടിയേരി ബാലകൃഷ്ണൻ തലസ്ഥാനത്തു കേന്ദ്രീകരിക്കും. നാളെ സംസ്ഥാന നിർവാഹക സമിതിക്കു ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പര്യടനം ആരംഭിക്കും. ജനറൽ സെക്രട്ടറി ഡി.രാജ, എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ, കനയ്യകുമാർ എന്നിവരും വോട്ടു തേടാൻ എത്തും.

ബിജെപി

മോദി, ഷാ, 20 വൻ തോക്കുകൾ

പാർട്ടിയുടെ താരനിരയെ കേരളത്തിൽ ഇറക്കാനാണു ബിജെപിയുടെ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പെടെ 20 കേന്ദ്ര നേതാക്കളാണു കേരളത്തിലെത്തുന്നത്. മോദി 3 ദിവസം കേരളത്തിൽ ഉണ്ടാകും. 5 വൻ റാലികളാണ് പ്രധാനമന്ത്രിക്കായി ഒരുക്കുന്നത്. അമിത് ഷാ 10 സമ്മേളനങ്ങളിൽ പ്രസംഗിക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് 2 ദിവസം എത്തും. ദേശീയ അധ്യക്ഷൻ ജെപി. നഡ്ഡ 4 ദിവസം ചെലവിടും. മന്ത്രിമാരായ നിർമല സീതാരാമൻ, നിതിൻ ഗഡ്കരി, പ്രകാശ് ജാവഡേക്കർ, പീയൂഷ് ഗോയൽ, മുക്താർ അബ്ബാസ് നഖ്‍വി, രവിശങ്കർ പ്രസാദ്, സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ, അനുരാഗ് ഠാക്കൂർ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ 2 ദിവസം വീതം വോട്ടു തേടും. കോൺഗ്രസ് മുൻ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, തേജസ്വി സൂര്യ, റാം മാധവ്, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരാണ് ആദ്യ ഘട്ടത്തിൽ എത്തുന്നത്.

English Summary: Kerala Assembly Elections 2021 campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com