ഫോട്ടോ ഒന്ന്, വോട്ടർ പലത്; കോഴിക്കോട് നോർത്തിൽ മാത്രം ഇങ്ങനെ 16 വോട്ടർമാർ
Mail This Article
തിരുവനന്തപുരം ∙ യഥാർഥ വോട്ടർമാരുടെ പേരും വിലാസവും ഉപയോഗിച്ച് ഒന്നിലേറെ തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡുകൾ അനുവദിച്ചതു പുറത്തുവന്നതിനു പിന്നാലെ, ഒരേ ഫോട്ടോ ഉപയോഗിച്ച് വെവ്വേറെ പേരിലും വിലാസത്തിലും വോട്ടർപട്ടികയിൽ ആളെ ചേർത്തതായും കണ്ടെത്തി. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ പ്രാഥമിക പരിശോധനയിൽ 8 വോട്ടർമാരുടെ പടങ്ങൾ ഉപയോഗിച്ചു കൃത്രിമം നടത്തിയതായി തെളിഞ്ഞു. സാധാരണക്കാർക്കു വോട്ടർപട്ടികയിൽ ക്രമക്കേടുകൾ നടത്താൻ കഴിയില്ലെന്നിരിക്കെ, ഉദ്യോഗസ്ഥരുടെ ഭാഗത്തു ഗുരുതര പിഴവുണ്ടായെന്ന സംശയമാണ് ഉയരുന്നത്.
കോഴിക്കോട് നോർത്തിലെ 87–ാം ബൂത്തിൽ 455, 457 ക്രമനമ്പറുകളിലെ വോട്ടർമാരുടെ പടം ഒന്നാണ്. 455ലെ പേര് ജിനുല (38 വയസ്സ്), പിതാവ് ഉസ്മാൻ. 457ലെ പേര് റഹിയാന (34), പിതാവ് ജിംഷാദ്. വീട്ടുനമ്പറും വീട്ടുപേരും രണ്ടിലും ഒന്നുതന്നെ.
71–ാം ബൂത്തിലെ 756–ാം നമ്പറിലുള്ള നാരായണക്കുട്ടി അമ്മയ്ക്ക് 76 വയസ്സ്. ഇതേ ഫോട്ടോയുമായി 761–ാം നമ്പറിലുള്ള റീന ജയ്സന്ത നടപ്പള്ളിയുടെ പ്രായം ഇതിന്റെ നേർപകുതി, 38 !
119–ാം ബൂത്തിൽ 708, 709 നമ്പറുകളിലും ഒരേ ഫോട്ടോ. പേരുകൾ എസ്. ശ്രീഷ് ബാബു, എസ്. സുരേഷ് ബാബു. വീട്ടുപേരും പിതാവിന്റെ പേരും വിലാസവും ഒന്നുതന്നെ.
121–ാം ബൂത്തിൽ 168, 388 നമ്പറുകളിൽ ഒരേ ഫോട്ടോയിലുള്ളത് ബാലചന്ദ്രനും രാജനും. ബാലചന്ദ്രന്റെ പിതാവ് ഗോവിന്ദൻ നായർ. രാജന്റെ പിതാവ് വാസു. വീട്ടുപേരും വിലാസവും വയസ്സും വ്യത്യസ്തം.
ഇതേ മണ്ഡലത്തിൽ ഇത്തരത്തിൽ നാലു ജോടികളെക്കൂടി കണ്ടെത്തി. 12–ാം ബൂത്തിൽ 317–ാം നമ്പറിലുള്ള മമ്മദ്കോയയും 1030–ാം നമ്പരിലുള്ള സലിംഷായും; 68–ാം ബൂത്തിലെ 42–ാം നമ്പർ വോട്ടർ ക്രിസ്റ്റഫറും 418–ാം നമ്പർ വോട്ടർ ശർമയും; 146–ാം ബൂത്തിൽ 32–ാം നമ്പറിലുള്ള ഇ.അക്ഷയും 486–ാം നമ്പറിലുള്ള കെ.പി.നിഹാൽ റോഷനും; 102–ാം ബൂത്തിൽ 183–ാം നമ്പറിലെ പങ്കജാക്ഷിയും 857–ാം നമ്പറിലെ ജ്യോതിലക്ഷ്മിയും.
യഥാർഥ വോട്ടർ ആരെന്നറിയാൻ നേരിട്ടുള്ള പരിശോധന വേണ്ടിവരും. വോട്ടർമാർ അറിഞ്ഞുള്ള പ്രശ്നമാകാൻ ഇടയില്ലെന്നാണു നിഗമനം. വോട്ടർപട്ടികയിൽ തിരുത്തലുകൾ വരുത്താൻ അധികാരമുള്ളവരുടെ അറിവില്ലാതെ ഇങ്ങനെ സംഭവിക്കില്ലെന്നും വിദഗ്ധർ പറയുന്നു. മറ്റു മണ്ഡലങ്ങളിലും ഇത്തരം ക്രമക്കേടുകൾ നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ആകെ ഇരട്ടവോട്ട് 3.25 ലക്ഷം: ചെന്നിത്തല
തിരുവനന്തപുരം ∙ 69 മണ്ഡലങ്ങളിലെ ഇരട്ട വോട്ടർമാരുടെ പട്ടിക കൂടി ഇന്നു തിരഞ്ഞെടുപ്പു കമ്മിഷനു നൽകുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇത്തരത്തിൽ ആകെ 3.25 ലക്ഷത്തോളം ഇരട്ട വോട്ടുണ്ട്. 66 മണ്ഡലങ്ങളിലെ 2,16,510 വ്യാജ വോട്ടർമാരുടെ വിവരങ്ങളാണു കഴിഞ്ഞ ദിവസങ്ങളിൽ കമ്മിഷനു കൈമാറിയത്. ഭരണകക്ഷി അനുകൂല ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നു സംശയിക്കണമെന്നും അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും ഇന്നു പരാതി നൽകുമെന്നും രമേശ് പറഞ്ഞു.