ഇഞ്ചോടിഞ്ച് പൊരുതി മുന്നേറി ക്യാപ്റ്റൻ ചെന്നിത്തല; സർക്കാരിന്റെ കീഴടങ്ങൽ
Mail This Article
യുഡിഎഫിന്റെ ‘വർക്കിങ് ക്യാപ്റ്റൻ’ ഓരോ നിമിഷവും പോരിനുള്ള പുതിയ ആയുധങ്ങൾ തിരഞ്ഞുപിടിക്കാനും അവയുടെ പ്രഹരശേഷി പെരുപ്പിച്ചെടുക്കാനുമുള്ള നിരന്തര ശ്രദ്ധയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും ടീമും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് അവ തരാതരത്തിനു നൽകുന്നുമുണ്ട്.
പത്രസമ്മേളനങ്ങളിൽ ആയുധങ്ങൾ നിരത്തിവയ്ക്കുകയും ജനകീയവേദികളിൽ അവ ആഞ്ഞുവീശുകയും ചെയ്യുകയാണ് ചെന്നിത്തലശൈലി. ഓരോ വിഷയത്തിലും സർക്കാരിന്റെ ഉടൻകീഴടങ്ങലുകൾ അദ്ദേഹത്തെ പോർക്കളത്തിൽ ഉത്സാഹഭരിതനാക്കുന്നു.
വടക്കുനിന്നു തെക്കോട്ടുള്ള ആദ്യഘട്ട ജനകീയയാത്രയിൽ ആലപ്പുഴ കടപ്പുറത്തുവച്ചുകിട്ടിയ വരുണാസ്ത്രമാണ് അതിനൊത്ത വേദികളിൽ രമേശ് തൊടുത്തുവിടുന്നത്. ‘അമേരിക്കൻ മോഡൽ’ മീൻപിടിത്തക്കരാർ കമ്യൂണിസ്റ്റ് നിലമായ കൊല്ലം ചടയമംഗലത്തും അലകളുയർത്താൻ പോന്നതാണെന്ന് അറിഞ്ഞാണ് പ്രയോഗം. തൊട്ടടുത്തുതന്നെ കുണ്ടറയുണ്ട്. മത്സ്യവകുപ്പു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയെയും വരിഞ്ഞുകെട്ടാൻ ഇവിടെനിന്നേ തുടങ്ങുകയാണു ചെന്നിത്തല.
തുരുതുരാ വരുന്ന സർവേ ഫലങ്ങളിൽ മാധ്യമങ്ങളോടു പരിഭവത്തിലാണ് ചെന്നിത്തല. താൻ തൊടുത്തുവിട്ട ഓരോ അസ്ത്രത്തിനും മുന്നിൽ സർക്കാർ മുട്ടുമടക്കി പിൻവാങ്ങുന്നത് പൊതുസമൂഹം കാണുന്നുണ്ട്. ജനാഭിലാഷത്തിന് എതിരെ സർക്കാരിന്റെ കോടികൾ മുടക്കിയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മറുനാടൻ സർവേക്കാരുടെ ഊഹക്കണക്കുകളെ അദ്ദേഹം വേദികളിൽ ചിത്രീകരിക്കുന്നത്. പൊട്ടിപ്പോയ പഴയ സർവേ കണക്കുകൾ ഉയർത്തിക്കാട്ടി ജനങ്ങളുടെ സർവേ വരാനിരിക്കുന്നു എന്ന് അദ്ദേഹം അണികളെയും കേൾവിക്കാരെയും ഉത്സാഹപ്പെടുത്തുന്നു.
കോർപറേറ്റുകളെ ഉപയോഗിച്ചു മാധ്യമങ്ങളെ മോദി വരുതിയിലാക്കുന്നതുപോലയാണു പിണറായിയുടെ തന്ത്രമെന്നും ചെന്നിത്തല അരങ്ങുകളിൽ കുറ്റപ്പെടുത്തുന്നു.
നയവും അനുനയവും ഒരേ ശ്വാസത്തിൽ പ്രയോഗിച്ചുകൊണ്ടാണു രമേശിന്റെ കാർയാത്ര. തലമുറമാറ്റത്തിന്റെ വെളിച്ചം കോൺഗ്രസിന്റെ പട്ടികയിൽ അടിച്ചെങ്കിലും വരമ്പിലേക്കു മാറിനിൽക്കേണ്ടി വന്ന മുതിർന്ന നേതാക്കളെ തുടർച്ചയായി വിളിച്ചുകൊണ്ടുള്ള മാനേജ്മെന്റ്. താൻ ഇളക്കിവിട്ട മത്സ്യബന്ധനക്കരാർ വിവാദത്തിൽ പിടിച്ചു പള്ളികളിൽ ഇടയലേഖനം വന്നതു ചൂണ്ടിക്കാട്ടി കൊല്ലത്തെ സ്ഥാനാർഥി ബിന്ദു കൃഷ്ണയ്ക്ക് ഫോണിലൂടെ നിർദേശം – ബിഷപ്പിനെ കണ്ടു പിന്തുണ അറിയിക്കണം.
ഉച്ചനേരത്തു ചടയമംഗലം മണ്ഡലത്തിലെ നിലമേലിൽ കുടുംബസംഗമവേദിയിൽ രമേശ് വന്നിറങ്ങിയപ്പോഴേക്കും സ്ഥലവും ആൾക്കാരും ഉച്ചമയക്കം വിട്ടുണർന്നിരുന്നു. ഒച്ചയും ഓളവുമായി ആവേശം നിറയ്ക്കുന്നതു ചെറുപ്പക്കാരാണ്.
നേതാവിനെ സ്വീകരിക്കാൻ നിൽക്കുന്നവരിൽ പണ്ടു യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐക്കാർ മുതുകത്തു ചാപ്പ കുത്തി വിട്ട കെഎസ്‌യുക്കാരൻ എ.ആർ.നിഷാദും ഉണ്ട്. സ്ഥാനാർഥി എം.എം.നസീറിന്റെ ജന്മനാട്ടിലെ സ്വീകരണമാണ്. ചെറുപ്പത്തിന്റെ സ്കെയിൽ താഴേക്കുവന്ന്, സ്വാഗതം പറയാൻ എത്തിയത് ഒരു രണ്ടാം ക്ലാസുകാരിയും. കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രനും ചടയമംഗലത്തെ ഒരിക്കൽ മാത്രം എൽഡിഎഫിൽനിന്നു പിടിച്ചെടുത്തു ചരിത്രമുണ്ടാക്കിയ പ്രയാർ ഗോപാലകൃഷ്ണനും വേദിയിലുണ്ട്. സിപിഎമ്മിന്റെയും ബിജെപിയുടെയും പണമൊഴുക്കലിനെപ്പറ്റി ചെന്നിത്തല വാചാലനാകുന്നു –‘എകെജി സെന്ററിലെ തിരക്കഥയനുസരിച്ചു വരുന്ന സർവേകണക്കുകളിൽ ആരും കുലുങ്ങരുത്. ജനങ്ങളുടെ സർവേ യുഡിഎഫിന് അനുകൂലമാണ്...’
ജോലിക്കുവേണ്ടി ചെറുപ്പക്കാർ മുട്ടിലിഴയേണ്ടി വന്ന സമരത്തെപ്പറ്റി പറയുമ്പോൾ ആ ഭാഗത്തുനിന്ന് ആരവം. ആകാശം വിൽക്കുന്ന മോദിയോട് കടലിനെ വിൽപനയ്ക്കു വയ്ക്കുന്ന പിണറായിയെ ഉപമിച്ച് സർക്കാർ വിമർശനം. നവോത്ഥാന നായകന്റെ വേഷം കെട്ടിയാടി ശബരിമലപ്രശ്നത്തിൽ മുഖ്യമന്ത്രി വിശ്വാസികളെ വഞ്ചിച്ചു എന്ന് ആക്ഷേപം. തങ്ങളുടെ ‘ജനകീയ മാനിഫെസ്റ്റോ’യിൽ മുന്നോട്ടുവയ്ക്കുന്ന ന്യായ് ക്ഷേമ പദ്ധതികളുടെ വിശദീകരണം – പ്രചാരണ വേദികളിൽ രമേശ് ഈ ന്യായക്രമങ്ങൾ കൃത്യമായി പിന്തുടരുന്നു.
യുഡിഎഫ് മുന്നണിയുടെ ക്യാപ്റ്റൻ ആരെന്ന പൊതുചോദ്യത്തെ തന്റെ ഊർജസ്വലമായ പ്രചാരണയാത്രകൾ കൊണ്ട് അപ്രസക്തമാക്കുകയാണ് ചെന്നിത്തല. ജനാധിപത്യത്തിന്റെ ഭംഗിയാണ് കോൺഗ്രസിന്റെ മുഖം എന്ന് അദ്ദേഹം വിശദീകരിക്കും. മുതിർന്ന നേതാക്കൾ എല്ലാവരും ദിവസവും ചർച്ച ചെയ്തു മുന്നണിയുടെ കുതിപ്പുശേഷി കൂട്ടുകയാണ്. ഞാൻ തന്നെയാണ് പാർട്ടി, ഞാൻ തന്നെയാണു സ്റ്റേറ്റ് എന്ന പിണറായി ശൈലി അല്ല കോൺഗ്രസിന്റേതെന്ന് രമേശ്.
ശിവഭക്തനായ അദ്ദേഹം ജനങ്ങൾക്കു മുന്നിലേക്ക് ഇറങ്ങുംമുൻപു രാവിലെ അര മണിക്കൂർ പ്രാർഥിക്കും.
ഹരിപ്പാടിലെ ജനങ്ങളിൽ വിശ്വാസം ഉറപ്പിച്ചുകൊണ്ടാണു രമേശിന്റെ സംസ്ഥാന പര്യടനം. അവസാന നാലു ദിനങ്ങൾ മാത്രം സ്വന്തം മണ്ഡലക്കാര്യം. അതിനിടെ ഇന്നെത്തുന്ന രാഹുൽ ഗാന്ധിക്കും പിന്നാലെ വരുന്ന പ്രിയങ്കയ്ക്കും ആതിഥേയനാകണം. രാഹുൽ ഇന്നു ഹരിപ്പാട് മണ്ഡലത്തിലും പ്രസംഗിക്കും.
ചടയമംഗലത്തെ വേദി പിന്നിട്ടു പത്തനംതിട്ട ജില്ലയിലേക്ക്. പിന്നെ വീണ്ടും വടക്കോട്ട്. ഒരുതവണ ജനസ്പന്ദനമറിഞ്ഞു പൂർത്തിയാക്കിയ ദേശങ്ങളിലേക്കു വീണ്ടും. തിരഞ്ഞെടുപ്പാവേശം തിളപ്പിച്ച് തിരികെയെത്തുമ്പോഴേക്കും തലസ്ഥാന ഭരണവേദി മാറ്റത്തിന്റെ പരവതാനി നിവർത്തിയിടുമെന്നു പ്രതിപക്ഷനേതാവ് ഉറച്ചുവിശ്വസിക്കുന്നു.