ADVERTISEMENT

സോഷ്യലിസ്റ്റുകളുടെ ശക്തികേന്ദ്രമായ വടകരയെ ഇന്നു കേരളമോർക്കുന്നത് 51 വെട്ടുകളുടെ വേദനയോടെയാണ്. ആ വടകരയിൽ ടി.പി. ചന്ദ്രശേഖരന്റെ ആർഎംപിയും സോഷ്യലിസ്റ്റുകളും നേർക്കുനേർ പോരിനിറങ്ങുമ്പോൾ കടത്തനാടിന്റെ കളരിയിൽ ഓരോ ചുവടിലും ആവേശം. അടുത്ത അടവ് എന്തെന്ന ഉദ്വേഗം.

കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ യുഡിഎഫ് പിന്തുണയോടെ പോരിനിറങ്ങുമ്പോൾ മറുപക്ഷത്ത് എൽഡിഎഫ് മാത്രമല്ല, വടകരയുടെ ചരിത്രവുമുണ്ട്.

1957 ലെ ആദ്യ തിരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റുകളെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് വടകര. ജനതാ പാർട്ടി യുഡിഎഫിനൊപ്പം നിന്ന 1980 ലെ തിരഞ്ഞെടുപ്പിലൊഴികെ ഇടതുപക്ഷത്തെ മാത്രം വരിച്ച മണ്ണ്. 2009 ൽ പിളർന്ന് ഇരുചേരികളിലായ ജനതാദളുകൾ പരസ്പരം ഏറ്റുമുട്ടിയ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തോടൊപ്പമുള്ള ദളിനെ വിജയിപ്പിച്ച മണ്ഡലം.

എൽഡിഎഫിൽ മടങ്ങിയെത്തിയ ലോക്താന്ത്രിക് ജനതാദളിനു (എൽജെഡി) നൽകിയ സീറ്റിൽ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനാണ് സ്ഥാനാർഥി. ചരിത്രത്തിൽ സോഷ്യലിസത്തിനാണ് മേൽക്കൈയെങ്കിലും ആർഎംപിയുടെ രൂപീകരണത്തിനു ശേഷമുള്ള വടകരയുടെ രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റെ ആശങ്ക.

2008 ലാണ് ഒഞ്ചിയത്തെ സിപിഎം വിമതർ ആർഎംപി രൂപീകരിച്ചത്. സിപിഎം കോട്ടയായ ഒഞ്ചിയം പഞ്ചായത്തിൽ പിന്നീടു നടന്ന 3 തദ്ദേശ തിരഞ്ഞെടുപ്പിലും ആർഎംപി ഭരണം പിടിച്ചു. വടകര ബ്ലോക്ക് പഞ്ചായത്തിൽ രണ്ടു വട്ടം എൽഡിഎഫിന് ഭരണം നഷ്ടമായി. 2011,16 നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2009,14 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ആർഎംപി വടകരയിൽ നിർണായക ശക്തിയായി.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ പി.ജയരാജന്റെ സ്ഥാനാർഥിത്വം പുതിയൊരു കൂട്ടുകെട്ടിനു വഴിതുറന്നു. ജയരാജനെ തോൽപ്പിക്കാൻ യുഡിഎഫിന് വോട്ടു ചെയ്യുമെന്ന് ആർഎംപി പ്രഖ്യാപിച്ചു.

ആ കൂട്ടുകെട്ട് തദ്ദേശ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ മുൻകൈയെടുത്തത് അന്നു വടകരയങ്കത്തിൽ ജയരാജനെ തോൽപ്പിച്ച കെ.മുരളീധരൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് – ആർഎംപി സഖ്യം 3 പഞ്ചായത്തുകളിൽ ഭരണം പിടിച്ചു. തകർന്നുവീണതിൽ ജനതാദൾ കോട്ടയായ ഏറാമലയുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം ആവർത്തിക്കാൻ പ്രചോദനമായതും ഈ തദ്ദേശ വിജയം തന്നെ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 3 മുന്നണികൾക്കുമെതിരെ മത്സരിച്ച രമ 20,504 വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തി. എൽഡിഎഫ് അന്നു വിജയിച്ചത് 9511 വോട്ടിന്. ഇക്കുറി യുഡിഎഫും ആർഎംപിയും ചേരുമ്പോൾ ഈ വ്യത്യാസം എളുപ്പത്തിൽ മറികടക്കാമെന്നാണ് പ്രതീക്ഷ. എന്നാൽ കഴി‍ഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം ഉണ്ടായിരുന്നു എൽജെഡി ഇക്കുറി എൽഡിഎഫിലാണ്. അന്നു യുഡിഎഫ് സ്ഥാനാർഥിയായിരുന്ന മനയത്ത് ചന്ദ്രൻ ഇപ്പോൾ എൽഡിഎഫിന്റെ സ്ഥാനാർഥി.

സിറ്റിങ് സീറ്റ് എൽജെഡിക്കു നൽകിയതിലുള്ള ജനതാദൾ എസിന്റെ പ്രതിഷേധം ശമിച്ചിട്ടില്ല. കഴിഞ്ഞ 2 തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്ന എൽജെഡിയെ തോൽപ്പിച്ചാണ് ജനതാദൾ എസ് സ്ഥാനാർഥി സി.കെ. നാണു വിജയിച്ചത്. 

ആർഎംപി മത്സരിച്ച കഴിഞ്ഞ 2 തിരഞ്ഞെടുപ്പിലും നാലാം സ്ഥാനത്തായിരുന്ന ബിജെപി ഇക്കുറി കൂടുതൽ കരുത്തോടെ രംഗത്തുണ്ട്. സംസ്ഥാന സമിതി അംഗം എം. രാജേഷ്കുമാറാണ് സ്ഥാനാർഥി.

മത്സരിക്കുന്നതു ഘടകകക്ഷിയാണെങ്കിലും സ്വന്തം മണ്ഡലമെന്ന കരുതലുണ്ട് സിപിഎമ്മിന് വടകരയിൽ. ഓരോ ചുവടിലും അടവിലും സിപിഎമ്മിന്റെ മേൽനോട്ടമുണ്ട്. കാരണം വടകരയിൽ തോൽക്കുകയെന്നാൽ ടി.പി.ചന്ദ്രശേഖരനോടു തോൽക്കുക എന്നാണ്.

മേയ് രണ്ടിനാണ് തിരഞ്ഞെടുപ്പ് ഫലം– ചന്ദ്രശേഖരന്റെ ഒൻപതാം ചരമവാർഷികത്തിനു രണ്ടു നാൾ മുൻപ്.

Content Highlights: Assembly election 2021: Vadakara politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com