ADVERTISEMENT

കൊച്ചി ∙ യുഡിഎഫ് അധികാരത്തിൽ വന്നാൽ തകർന്ന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനു പ്രഥമ പരിഗണന നൽകുമെന്നു രാഹുൽ ഗാന്ധി. യുഡിഎഫിന്റെ പ്രചാരണത്തിനായി കൊച്ചിയിലെത്തിയ അദ്ദേഹം വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു.

ജനങ്ങളിലേക്കു പണമെത്തിച്ചാൽ മാത്രമേ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചമാകൂ. എന്നാൽ ജനങ്ങളുടെ കയ്യിൽ നിന്നു പണം കൊള്ളയടിക്കുകയാണു കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ. ജനങ്ങളിലേക്കു പണമെത്തിക്കുകയും പുതിയ സമ്പദ്‍വ്യവസ്ഥ സൃഷ്ടിക്കുകയുമാണു ന്യായ് പദ്ധതിയിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്. അതൊരു ധർമം നൽകലല്ല. സാമാന്യബുദ്ധി ഉപയോഗിച്ചുള്ള സാമ്പത്തികശാസ്ത്ര പ്രയോഗമാണത്. സാധാരണക്കാരന്റെ കൈകളിലെത്തുന്ന പണം അവർ വഴി വിപണിയിലെത്തും. സാധനസാമഗ്രികൾ ചെലവാകും. അപ്പോൾ സാധനസാമഗ്രികൾ പുതുതായി വൻതോതിൽ ഉൽപാദിപ്പിക്കപ്പെടും. ഉൽപാദനം കൂട്ടാൻ തൊഴിൽശാലകൾ സജീവമാകും. അതോടെ തൊഴിലാളികൾക്കു കൂടുതൽ തൊഴിലുണ്ടാകും. ഇത്തരത്തിലൊരു സാമ്പത്തിക ചക്രമാണു യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ കേരളത്തിൽ സംഭവിക്കാൻ പോകുന്നത്.

ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച് അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. കേരളത്തിലെ ജനങ്ങളും മത്സ്യത്തൊഴിലാളികളും വിഡ്ഢികളാണെന്നു കരുതരുത്. അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാർ പ്രതിപക്ഷം ചോദ്യം ചെയ്തില്ലായിരുന്നെങ്കിൽ മത്സ്യത്തൊഴിലാളികളുടെ സ്ഥിതി എന്താകുമായിരുന്നു? കേരളത്തിൽ ചെറുപ്പക്കാർക്കു ജോലി വിദൂര സ്വപ്നമാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ചെറുപ്പക്കാർക്കു തൊഴിൽ ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.

പെട്രോൾ ഇല്ലാത്ത കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കും പോലെയാണു മുഖ്യമന്ത്രി സമ്പദ്ഘടനയെ ഉണർത്താൻ ശ്രമിക്കുന്നത്. ജനങ്ങളുടെ നികുതിഭാരം കുറയ്ക്കണം. ജനങ്ങളിലേക്കു നേരിട്ടു പണം എത്തിക്കാനുള്ള ശ്രമങ്ങളാണു യുഡിഎഫ് നടത്തുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു. യുവാക്കളെയും പരിചയസമ്പന്നരെയും ഒരു പോലെ ഉൾപ്പെടുത്തിയാണു കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക. യുവാക്കളുടെ അദൃശ്യമായ ശക്തി ഈ തിരഞ്ഞെടുപ്പു കഴിയുമ്പോൾ കേരളം കാണും. പുതിയ തലമുറ, പുതിയ കാഴ്ചപ്പാട്, പുതിയ ചിന്ത എന്നിവയാണു യുവാക്കളായ സ്ഥാനാർഥികളിലൂടെ മുന്നോട്ടു വയ്ക്കുന്നത്. ജനങ്ങളുടെ പ്രകടന പത്രികയാണു ആവിഷ്കരിച്ചിരിക്കുന്നത്. റബർ, നാളികേരം, നെല്ല് എന്നിവയ്ക്കു കുറഞ്ഞ താങ്ങുവില ഉറപ്പുവരുത്തും. ഭവനരഹിതരായ 5 ലക്ഷം പേർക്കു വീടുണ്ടാക്കുമെന്നും രാഹുൽ പറഞ്ഞു.

Content Highlights: Rahul Gandhi election campaign in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com