ADVERTISEMENT

പന്തളം ∙ പാലായിലുണ്ടായ വാഹനാപകടത്തിൽ ‘മരിച്ച’ യുവാവ് 3 മാസത്തിനുശേഷം ജീവനോടെ കായംകുളത്ത്. യുവാവിന്റേതെന്നു കരുതി സംസ്കരിച്ച മൃതദേഹം ആരുടേതെന്നറിയാതെ പൊലീസ്. പൂഴിക്കാട് വിളയിൽ കിഴക്കേതിൽ സക്കായി എന്നു വിളിക്കുന്ന വി.കെ. സാബുവിനെ (35) ആണ് ഇന്നലെ രാവിലെ കായംകുളത്തു കണ്ടെത്തിയത്. 

കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ പാലാ ഇടപ്പാടിയിൽ വാഹനമിടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെയാണ് സാബുവെന്നു തെറ്റിദ്ധരിച്ച് സംസ്കരിച്ചത്. പാലാ പൊലീസ് സ്റ്റേഷനിൽ നിന്നാണ് 26ന് അപകടവിവരം വിളിച്ചു പറഞ്ഞതെന്ന് സാബുവിന്റെ സഹോദരൻ സജി പറയുന്നു. പാലായിലെത്തിയ സജിയും ബന്ധുക്കളും മൃതദേഹം സാബുവിന്റേതു തന്നെയെന്നു ‘തിരിച്ചറിഞ്ഞു’. സാബുവിന് മുൻ ഭാഗത്തെ 3 പല്ലുകൾ ഇല്ലായിരുന്നു. മൃതദേഹത്തിലും ഇങ്ങനെ തന്നെയായിരുന്നതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. 

മൃതദേഹത്തിൽനിന്നു ഡിഎൻഎ സാംപിൾ ശേഖരിച്ചെങ്കിലും പരിശോധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിച്ച മൃതദേഹം കുടശനാട് സെന്റ് സ്റ്റീഫൻസ് പള്ളിയിൽ സംസ്കരിച്ചു. 

ഇതിനിടെയാണ് ഇന്നലെ രാവിലെ 8ന് കായംകുളം ബസ് സ്റ്റാൻഡിൽ വച്ച്  ബസ് ഡ്രൈവറായ മുരളീധരൻ നായർ സാബുവിനെ കാണുന്നത്. ഇദ്ദേഹം ഓടിച്ചിരുന്ന ബസിൽ വർഷങ്ങൾക്കു മുൻപ് സാബു ജോലി ചെയ്തിരുന്നു. മുരളീധരൻ നായരാണ് ‘മരണ വിവരം’ സാബുവിനെ അറിയിക്കുന്നത്. ‌

സ്ഥിരം ജോലിയില്ലാത്ത സാബു പലയിടങ്ങളിലായി ചെറുകിട ജോലികൾ ചെയ്താണ് ജീവിച്ചിരുന്നത്. വർഷത്തിലൊരിക്കലോ മറ്റോ ആണ് വീട്ടിലേക്ക് വന്നിരുന്നതെന്നു ബന്ധുക്കൾ പറയുന്നു. സാബുവിനെ കണ്ടെത്തിയതോടെ പാലായിൽ അപകടത്തിൽ മരിച്ചത് ആരാണെന്ന അന്വേഷണത്തിലാണ് പൊലീസ്.

വിവിധ സ്റ്റേഷനുകളിലായി സാബുവിനെതിരെ കേസുണ്ടായിരുന്നതായി അടൂർ ഡിവൈഎസ്പി ബി. വിനോദ് പറഞ്ഞു. നവംബറിൽ തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്നു 46,000 രൂപ മോഷ്ടിച്ച കേസിൽ ഇയാളെ തിരുവനന്തപുരം പൊലീസിനു കൈമാറുമെന്നും പറഞ്ഞു.

മരിച്ചത് ആരെന്ന് വീണ്ടും അന്വേഷിക്കും

പാലാ ∙ സാബുവിനെ കായംകുളത്ത്  കണ്ടെത്തിയതോടെ ഇടപ്പാടി കോട്ടവഴിയിൽ അപകടത്തിൽ മരിച്ചതാരെന്ന് പൊലീസ് വീണ്ടും അന്വേഷിക്കും. അതേസമയം പരാതിക്കാരോ, മറ്റു തെളിവുകളോ ഇല്ലാത്തത് പൊലീസിന് കടമ്പയാകുന്നു.  കാണാതായവരെപ്പറ്റി മറ്റു പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പരിശോധിക്കും.  അപകട സ്ഥലത്തും സമീപ സ്ഥലങ്ങളിലും വിശദമായ അന്വേഷണം നടത്തും. അന്ന് അപകടത്തിൽ മരിച്ചയാളുടെ ഡിഎൻഎ സാംപിൾ പൊലീസ് സൂക്ഷിച്ചിട്ടുണ്ടെന്നും എസ്എച്ച്ഒ സുനിൽ തോമസ് പറഞ്ഞു.

English Summary: Sabu who was believed to be dead came back alive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com