ADVERTISEMENT

തൃശൂർ ∙ കോൺഗ്രസ് പട്ടിക പുറത്തുവന്നപ്പോൾ കൈപ്പമംഗലത്തെ സ്ഥാനാർഥിയുടെ പേരു കണ്ട പലരും കരുതി, ഇതാ പുതിയൊരു വനിതാ സ്ഥാനാർഥി – ശോഭ സുബിൻ.

ഈയിടെ കലക്ടറേറ്റിൽനിന്നു സ്ഥാനാർഥിയെ വിളിച്ച ഉദ്യോഗസ്ഥൻ ചോദിച്ചു, ‘‘സ്ഥാനാർഥി ശ്രീമതി ശോഭ സുബിന്റെ നമ്പറല്ലേ?’’ ശോഭ പറഞ്ഞു: ‘‘സ്ഥാനാർഥി ഞാൻ തന്നെ. പക്ഷേ, ശ്രീമതിയല്ല. പുരുഷനാണ്!’’

പതിവുപോലെ ശോഭയ്ക്കു നെഞ്ചു പൊള്ളിയ ഒരു നിമിഷംകൂടി.

Sobhasubin
ഓമന, സുബ്രഹ്മണ്യൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ ശോഭ സുബിന്റെ പേരിലെ ശോഭ അമ്മയാണ്; കനൽ പോലെ എന്നും ഉള്ളിലെരിയുന്ന സ്വന്തം അമ്മ.

ശോഭയ്ക്ക് 8 മാസം മാത്രം പ്രായമുള്ളപ്പോഴാണ് അമ്മയെ നഷ്ടപ്പെടുന്നത്. അമ്മയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ ജയിലിലായി. അനാഥനായ പിഞ്ചുകുഞ്ഞിനെ ഏറ്റെടുത്തു വളർത്തിയത് അമ്മാവൻ മത്സ്യത്തൊഴിലാളിയായ സുബ്രഹ്മണ്യൻ.

വർഷങ്ങൾക്കു ശേഷം കുഞ്ഞിനെ പാലപ്പെട്ടി എസ്എൻഎസ് എൽപി സ്കൂളിൽ ചേർക്കാൻ കൊണ്ടുവന്നപ്പോൾ ടീച്ചർ ചോദിച്ചു, ‘‘ആൺകുട്ടിക്കെന്താ ഈ പേര്?’’ സുബ്രഹ്‍മണ്യൻ പറഞ്ഞു, ‘‘ഇവനു 8 മാസം പ്രായമുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടതാണ്. ഓർമയ്ക്കായി അമ്മയുടെ പേരിട്ടതാണ്.’’ ടീച്ചർ കുട്ടിയെ േചർത്തുനിർത്തി.

‘‘പെണ്ണിന്റെ േപരാണ് എന്നും അച്ഛനും അമ്മയും ഇല്ലാത്തവനെന്നും പറഞ്ഞു കുട്ടികൾ എന്നെ കളിയാക്കുമായിരുന്നു. കുട്ടിക്കാലത്തു ഞാൻ പലയിടത്തും പോയിരുന്നു കരയും. എന്നാലും എന്റെ പേരിനെ ഞാൻ സ്നേഹിച്ചു. എന്നെ ശോഭ എന്നു വിളിക്കാൻ കൂട്ടുകാരോടു പറഞ്ഞു. അതു കേൾക്കുമ്പോൾ അമ്മ കൂടെയുള്ളതുപോലുള്ളൊരു ധൈര്യമാണ്’’ – ശോഭ സുബിൻ പറയുന്നു.

ദുരിതങ്ങളുടെ അലമറിയുന്ന കടൽ താണ്ടിയാണ് ശോഭ വളർന്നത്. അമ്മയുടെ സഹോദരി ഓമന പരിസരത്തെ വീട്ടിൽ പാത്രം കഴുകാൻ പോകുമ്പോൾ കിട്ടുന്ന ഭക്ഷണമായിരുന്നു സുബിന്റെയും സഹോദരങ്ങളുടേയും അന്നം. ശോഭയെ വളർത്താൻ വേണ്ടി ഓമന വിവാഹം വേണ്ടെന്നു വച്ചു.

കടപ്പുറത്തു പ്ലേറ്റ് കഴുകുകയും മത്സ്യം വിൽക്കുകയും ചുമടെടുക്കുകയും വള്ളം തുഴയുകയും വല വലിക്കുകയും ചെയ്താണു ശോഭ പഠിച്ചു നിയമ ബിരുദം നേടിയത്.

ഇടയ്ക്കു 3 വർഷം ഗൾഫിലും ജോലി ചെയ്തു. തിരികെയെത്തി രാഷ്ട്രീയത്തിൽ സജീവമായി. സഹപാഠിയായ കെ.എം. രേഷ്മയെ വിവാഹം കഴിച്ചു. വാടകവീട്ടിലേക്കു താമസം മാറി. 7 മാസം മുൻപ് അച്ഛനായി.

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ശോഭയെ കാണാൻ അച്ഛൻ വന്നു. പരോളിലിറങ്ങിയതായിരുന്നു. ‘‘അന്ന് 10 രൂപ തന്നു. വീട്ടിലെത്തിയപ്പോൾ ആ 10 രൂപ അമ്മമ്മ അടുപ്പിലിട്ടു കത്തിച്ചു. എന്നിട്ട് എന്നെ ചേർത്തുപിടിച്ചു പറഞ്ഞു, ‘‘നിനക്ക് അമ്മയും അച്ഛനുമില്ല’’ – ശോഭ ഓർക്കുന്നു. പിന്നീടൊരിക്കലും അച്ഛനുമായി സംസാരിച്ചിട്ടില്ല.

ഇക്കഴിഞ്ഞ ജില്ലാ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് വാർഡിൽ അവരുടെ ഏരിയ സെക്രട്ടറിയെ 387 വോട്ടിന് അട്ടിമറിച്ചതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കു ശോഭയ്ക്കു വിളി വന്നത്.

‘‘ഞാനീ കടപ്പുറത്തു കിടന്നു വളർന്നതാണ്. കുട്ടിക്കാലത്ത് ഒരു ചോക്ലേറ്റുപോലും ആഘോഷമായിരുന്നു. തരാൻ ആരുമില്ല. ഇതുവരെ കിട്ടിയതല്ലാം ദൈവവും പാർട്ടി പ്രവർത്തകരും തന്ന ദാനം മാത്രമാണ്. അതിനുള്ള നന്ദിയാണ് എന്റെ ജീവിതം’’ – ശോഭ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com