ലഘുവല്ല ഗുരുവായൂർ
Mail This Article
കളി തുടങ്ങുന്നതിനു മുൻപേ ബിജെപിയെ ഞെട്ടിച്ച മണ്ഡലമാണു ഗുരുവായൂർ. ബിജെപി സ്ഥാനാർഥി നിവേദിത സുബ്രഹ്‍മണ്യന്റെ പത്രിക സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലെന്ന കാരണത്താൽ തള്ളിപ്പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരം വഴിപാടു കഴിക്കുകയും വിജയത്തിനു ശേഷം ദർശത്തിനു വരികയും ചെയ്യുന്ന ക്ഷേത്രമിരിക്കുന്ന സ്ഥലമാണു ഗുരുവായൂർ.
അതായതു പാർട്ടി നേതൃത്വത്തിന് അടുത്തറിയാവുന്ന സ്ഥലം. പത്രികയുമായി ബന്ധപ്പെട്ടു ബിജെപിക്കകത്തെ കളി കമ്പനി കാണാനിരിക്കുന്നതേയുള്ളൂ.
കഴിഞ്ഞ 3 തവണ ഇവിടെനിന്നു വിജയിച്ച കെ.വി. അബ്ദുൽ ഖാദറിനു പകരം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ മത്സരിപ്പിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. പക്ഷേ, സംസ്ഥാന കമ്മിറ്റിയിലെത്തിയപ്പോൾ ബേബി ജോണിനെ വെട്ടിനിരത്തി. പകരം ഏരിയ സെക്രട്ടറി എൻ.കെ. അക്ബറിനെ സ്ഥാനാർഥിയാക്കി. തീരുമാനം മുകളിൽനിന്നായതിനാൽ കാര്യമായ എതിർപ്പുണ്ടായില്ല.
ഇതിനു ശേഷം മുസ്‌ലിം ലീഗ് നടത്തിയ നീക്കമാണു ശ്രദ്ധേയം. എല്ലാം കൊണ്ടും ക്ഷേത്രനഗരിക്കു പറ്റിയ ഒരാളെത്തന്നെ നിയോഗിച്ചു. ശബരിമല പ്രക്ഷോഭ കാലത്തു സിപിഎമ്മിനെ അടിക്കാനുള്ള വടിയായി എതിരാളികളെല്ലാം ഉപയോഗിച്ചതു കെ.എൻ.എ. ഖാദറിന്റെ പ്രസംഗങ്ങളായിരുന്നു. ഹിന്ദു പുരാണങ്ങളും തത്വസംഹിതകളും മതസൗഹാർദവുമെല്ലാം നിറഞ്ഞു തുളുമ്പുന്ന പ്രസംഗങ്ങൾ. സ്വന്തം സമുദായത്തിലും ആദരണീയൻ. ലീഗ് ജില്ലാ കമ്മിറ്റി തന്നെയാണു ഖാദറിനെ തരുമോ എന്നു ചോദിച്ചത്. ഗ്രൂപ്പു വഴക്കുകളുടെ കാലം കടന്നു ലീഗ് എല്ലാം മറന്ന് ഒരുമിച്ച കാലം കൂടിയാണിത്.
ഖാദർ വന്നതോടെ കോൺഗ്രസും ഉഷാറായി. അതിനിടയിലാണു ബിജെപിയുടെ പത്രിക തള്ളുന്നത്. മറിയുമായിരുന്ന ഏറെ പരമ്പരാഗത വോട്ടുകൾ അതോടെ യുഡിഎഫിനു തുണയാകുമെന്നു നേതൃത്വം കരുതുന്നു.
1957 മുതൽ 2006 വരെ സിപിഎമ്മിനു പാർട്ടി ചിഹ്നത്തിൽ ജയിക്കാനാകാത്ത മണ്ഡലമാണിത്. 77 മുതൽ 91 വരെയുള്ള 5 തിരഞ്ഞടുപ്പിൽ ലീഗു പിടിച്ച മണ്ഡലം. 96 ൽ സ്വതന്ത്രനിലൂടെ എൽഡിഎഫ് ജയിച്ചു. 2006 മുതൽ 3 തിരഞ്ഞെടുപ്പിലും കെ.വി. അബ്ദുൽ ഖാദറിലൂടെ സിപിഎം പിടിച്ചെടുത്തു. 2016 ലെ തിരഞ്ഞടുപ്പിൽ എൽഡിഎഫിനു 2011 ലെ തിരഞ്ഞെടുപ്പിനെക്കാൾ 3.77% വോട്ടു കുറവായിരുന്നു. 2011 ൽ 9306 വോട്ടു നേടിയ ബിജെപി 2016 ൽ നേടിയതു 25,490 വോട്ടാണ്.
പകരം സ്ഥാനാർഥിയില്ലാതെ ദിവസങ്ങളോളം ചർച്ച നടത്തിയ ബിജെപി നേതൃത്വം ഡിഎസ്ജെപി (ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാർട്ടി) സ്ഥാനാർഥി ദിലീപ് നായർക്കു പിന്തുണ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എൻഡിഎയിലേക്കു കയറാൻ കാത്തുനിന്നിരുന്ന ഡിഎസ്ജെപിക്ക് ഇത് ഒരു പാലമായി. 6 ദിവസം വെറുതെയിരുന്ന എൻഡിഎ പ്രവർത്തകർക്ക് ഇതോടെ ആവേശമായിട്ടുണ്ട്.