ADVERTISEMENT

മൂവാറ്റുപുഴ, കോട്ടയം ∙ മൂവാറ്റുപുഴയിൽ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ലക്ഷണങ്ങളോടെ മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ കുടുംബത്തിലെ മറ്റൊരു പെൺകുട്ടിയെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കാൻ ആശുപത്രി അധികൃതർ ഒരുങ്ങുന്നു.

അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രി അധികൃതർ വിവരം കൈമാറി 3 ദിവസം പിന്നിട്ടിട്ടും കേസ് അന്വേഷിക്കാൻ മൂവാറ്റുപുഴ പൊലീസ് തയാറായിട്ടില്ല. അസം സ്വദേശിയായ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്ന് മൂവാറ്റുപുഴ എസ്ഐ വി.കെ.ശശികുമാർ പറഞ്ഞു.

കുഞ്ഞിന്റെ പിതാവിന്റെ സഹോദരനും ഭാര്യയുമാണു കൂടെയുളളതെന്നാണു പ്രാഥമിക വിവരം. കുറ്റകൃത്യം സംബന്ധിച്ച് അറിവില്ലെന്നാണ് ഇരുവരും പറയുന്നത്. ഇവരുടെ കുടുംബം മൂവാറ്റുപുഴ, പെരുമറ്റത്താണു വാടകയ്ക്കു താമസിക്കുന്നത്.

കുഞ്ഞിനു കടുത്ത വയറുവേദനയും മറ്റും തുടങ്ങിയതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണു മൂവാറ്റുപുഴ നെടുംചാലിൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് സന്നദ്ധ സംഘടന ഇടപെട്ടു കുട്ടിയെ മൂവാറ്റുപുഴ മെഡ‍ിക്കൽ സെന്ററിലേക്ക് മാറ്റി. മൂത്രതടസ്സം ഉണ്ടെന്നായിരുന്നു രക്ഷിതാക്കൾ ഡോക്ടറോട് പറഞ്ഞത്. വിശദമായ പരിശോധനയിൽ കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നു വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്ക്കായി ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

സർജറി വിഭാഗം നടത്തിയ പരിശോധനയിലാണു കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരുക്കും കണ്ടത്. സ്കാനിങ്ങിൽ കുഞ്ഞിന്റെ കുടൽ പൊട്ടിയതായി കണ്ടെത്തി. കുഞ്ഞു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞതോടെ ഞായറാഴ്ച പൊലീസിനെ വിവരം അറിയിച്ചു.

സർജറി വിഭാഗം ശസ്ത്രക്രിയ നടത്തിയതോടെയാണു പരുക്കുകൾ ഗുരുതരമാണെന്നു ബോധ്യപ്പെട്ടത്. ഡോക്ടർമാർ ബന്ധുക്കളോടു വിശദമായി വിവരങ്ങൾ തിരക്കിയെങ്കിലും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഇവർ പറയുന്നത്. ഈ ദമ്പതികളുടെ 2 മക്കൾ കൂടി ആശുപത്രിയിലുണ്ട്. ഇതിൽ മൂത്ത പെൺകുട്ടിയും വയറു വേദനയും മറ്റ് ആരോഗ്യ പ്രശ്നങ്ങളു‌ം ഉണ്ടെന്ന് അറിയിച്ചതോടെയാണ് ഈ കുട്ടിയെയും വിശദമായ പരിശോധനയ്ക്കു വിധേയമാക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.

ഈ കുടുംബത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തി വിവരങ്ങൾ അന്വേഷിക്കാൻ പോലും തയാറാകാത്തത് എന്തുകൊണ്ടാണെന്നു വിശദമാക്കാൻ പൊലീസിനു കഴിഞ്ഞില്ല. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമാണു ദമ്പതികൾക്ക് ഒപ്പമുള്ളത്. പീഡനത്തിന് ഇരയായതായി സംശയിക്കുന്ന കുട്ടി ഇയാളുടെ ആദ്യ ഭാര്യയുടെ കുട്ടിയാണെന്നും നാട്ടുകാർ പറയുന്നുണ്ട്. ഇവർ ഗുജറാത്ത് സ്വദേശികളാണെന്നും സംശയമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com