ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ 2018ലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിപ്പിച്ചത് ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച മൂലമെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ പഠനത്തിൽ കണ്ടെത്തി. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിർദേശപ്രകാരമായിരുന്നു പഠനം. 

മഴ മുന്നറിയിപ്പുകളോ ഡാമുകളിലേക്കെത്തുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളോ ലഭ്യമായിരുന്നില്ല. ഇതു ഡാമുകളുടെ പ്രവർത്തനത്തെ ബാധിച്ചു. ഇടുക്കി അണക്കെട്ട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഉപയോഗിക്കണമെന്നു നിർമാണ രേഖയിൽ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ഉൽപാദനത്തിനു മാത്രമാണ് ഉപയോഗിക്കുന്നത്. 

പ്രളയം രൂക്ഷമായ ഓഗസ്റ്റ് 14 മുതൽ 18 വരെ ഇടുക്കി ഡാമിലെ മുഴുവൻ സംഭരണശേഷിക്കും പരമാവധി ജലനിരപ്പിനും ഇടയിലുള്ള ഫ്ലഡ് കുഷൻ ഉപയോഗപ്പെടുത്തിയില്ല. ഫ്ലഡ് കുഷൻ അളവായ 110.42 മില്യൻ ക്യുബിക് മീറ്റർ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ ആദ്യഘട്ടത്തിൽ വെള്ളം തുറന്നുവിട്ടത് ഒഴിവാക്കാമായിരുന്നു. ഇടമലയാർ ഡാമിലും മുഴുവൻ ശേഷിയിൽ ഫ്ലഡ് കുഷൻ ഉപയോഗപ്പെടുത്തിയില്ല. 

വെള്ളപ്പൊക്ക സമയത്ത് ലോവർ പെരിയാർ അണക്കെട്ടിലെ ടണലുകളിലെ തടസ്സം കാരണം പവർ ഹൗസിലേക്കു വെള്ളം തുറന്നുവിട്ടിരുന്നില്ല. ഇടമലയാർ പവർ ഹൗസിൽ 2018 ഓഗസ്റ്റ് 16 മുതൽ 18 വരെ വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നില്ല.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ വാട്ടർ റിസർച് വകുപ്പിലെ പി.പി.മജുംദാർ, ഐഷ ശർമ, ആർ.ഗൗരി എന്നിവരുടെ നേതൃത്വത്തിലാണു പഠനം നടത്തിയത്. മഹാപ്രളയവേളയിൽ അണക്കെട്ടുകളുടെ കൈകാര്യം ഫലപ്രദമായിരുന്നില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും കണ്ടെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com