അരി കൊടുക്കാം; പ്രചാരണം പാടില്ല; സ്പെഷൽ അരി വിതരണം അനുവദിച്ച് ഹൈക്കോടതി
Mail This Article
മനോരമ ലേഖകൻ
കൊച്ചി ∙ മുൻഗണനേതര വിഭാഗത്തിലെ (നീല, വെള്ള) റേഷൻ കാർഡ് ഉടമകൾക്കുള്ള സ്പെഷൽ അരിവിതരണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാൽ, അരിവിതരണം തുടരാമെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത് ഉപയോഗിക്കരുതെന്നു ജസ്റ്റിസ് പി.വി. ആശ സർക്കാരിനു നിർദേശം നൽകി.
വെള്ള, നീല റേഷൻ കാർഡുകളുള്ള ഓരോ കുടുംബത്തിനും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 15 രൂപ നിരക്കിൽ പത്തു കിലോ അരി വിതരണം ചെയ്യുന്നതു തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്.
ഏപ്രിലിലെ കിറ്റ് ഇന്നു മുതൽ
തിരുവനന്തപുരം∙ ഏപ്രിൽ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ഇന്നു തുടങ്ങും. നീല, വെള്ള കാർഡ് ഉടമകൾക്കു കിലോയ്ക്കു 15 രൂപയ്ക്കു നൽകുന്ന 10 കിലോ സ്പെഷൽ അരിയുടെ വിതരണം നാളെയും റേഷൻ കടകൾ വഴി ആരംഭിക്കും. ഇതു സംബന്ധിച്ചു ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിർദേശം നൽകി.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണു സ്പെഷൽ അരി വിതരണം നാളെ ആരംഭിക്കാനുള്ള നിർദേശം. തിരഞ്ഞെടുപ്പിനു മുൻപ് 4 ദിവസങ്ങളാണു കിറ്റ് വിതരണത്തിനു ലഭിക്കുക. ഏപ്രിൽ 1, 2, 4 തീയതികൾ അവധിയാണ്. അവധിദിനങ്ങളിൽ കട തുറക്കില്ലെന്ന് റേഷൻ കട ഉടമകൾ വ്യക്തമാക്കിയിട്ടുണ്ട്.
പരസ്യ പ്രചാരണം 4നു രാത്രി 7 വരെ
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രിൽ 4 ന് വൈകിട്ട് 7 ന് അവസാനിക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.