ADVERTISEMENT

കൊച്ചി ∙ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ വോട്ടർ പട്ടികയിൽ പിഴവുണ്ടെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ആരും ഇരട്ട വോട്ട് ചെയ്യുന്നില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പാക്കണമെന്നും ഹൈക്കോടതി.

ഇരട്ട/വ്യാജ വോട്ടുകൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹർജി ഇന്നും വീണ്ടും പരിഗണിക്കും.

ഒരാൾ എവിടെയൊക്കെ പട്ടികയിൽ പേരു ചേർത്താലും ഒരു വോട്ടേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നു കോടതി നിർദേശിച്ചു. എല്ലാ വോട്ടെടുപ്പ് സ്ഥലങ്ങളിലും ആവശ്യത്തിനു കേന്ദ്ര, സംസ്ഥാന സേനകളെ വിന്യസിച്ചു നീതിപൂർവവും ജനാധിപത്യപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണം. ഇതിന് യുദ്ധകാലാടിസ്ഥാനത്തിൽ കമ്മിഷൻ നടപടിയെടുക്കണം. പരാതിക്കിടയില്ലാതെ ഇത് അക്ഷരംപ്രതി നടപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ചെന്നിത്തലയ്ക്കെതിരെ കമ്മിഷൻ; പരാതി പതിനൊന്നാം മണിക്കൂറിൽ

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രമേശ് ചെന്നിത്തല നൽകിയതു പൊതാൽപര്യ ഹർജിയില്ല, രാഷ്ട്രീയ താൽപര്യ ഹർജിയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നൽകിയ എതിർ സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.

അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞിട്ടും പരാതിക്കാരനോ പാർട്ടിയോ പിഴവു ചൂണ്ടിക്കാട്ടിയില്ല. അവസരങ്ങളൊന്നും ഉപയോഗിക്കാതിരുന്ന പരാതിക്കാരൻ 11–ാം മണിക്കൂറിലാണു ഉണർന്നതെന്നും എതിർസത്യവാങ്മൂലത്തിൽ പറഞ്ഞു.

ഇരട്ട/വ്യാജ വോട്ട്:പൂർണ പട്ടിക ഇന്ന്

തിരുവനന്തപുരം ∙ ഇരട്ട/വ്യാജ വോട്ടുകൾ പരിശോധിച്ച ശേഷമുള്ള പൂർണ പട്ടിക ഇന്നു തയാറാകും. ബൂത്ത് ലെവൽ ഓഫിസർമാരോട് (ബിഎൽഒ) ഈ പട്ടിക ഇന്നു സമർപ്പിക്കാനാണ് കലക്ടർമാർ നിർദേശിച്ചിരിക്കുന്നത്. വോട്ടെടുപ്പു ദിവസം ഈ പട്ടിക വോട്ടർ പട്ടികയ്ക്കൊപ്പം പ്രിസൈഡിങ് ഓഫിസർമാർക്കു നൽകി വ്യാജ വോട്ടുകൾ പൂർണമായി തടയുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്. 

ഇരട്ട/വ്യാജ വോട്ടർമാരെക്കുറിച്ച് വീടുകളിലെത്തി അന്വേഷണം നടത്തി, അവിടെ താമസമുള്ളവർക്കുമാത്രം വോട്ട് നിലനിർത്തി മറ്റുള്ളവ അനർഹരുടെ പട്ടികയിലേക്കു മാറ്റണമെന്നാണ് ബിഎൽഒമാരോട് നിർദേശിച്ചിരിക്കുന്നത്. സൂക്ഷ്മപരിശോധനയിൽ ഭൂരിഭാഗം ബൂത്തുകളിലും ഇരട്ടിപ്പും വ്യാജവോട്ടുകളും കണ്ടെത്തിയിട്ടുണ്ടെന്നാണു സൂചന. ഓരോ ജില്ലയിലെയും അനർഹരുടെ പട്ടികയിലേക്കു മാറ്റിയ വോട്ടർമാരുടെ എണ്ണം അറിയിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com