ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിക്കാൻ 7 ദിവസം മാത്രം ശേഷിക്കെ, വോട്ടുറപ്പിക്കാൻ മുന്നണികൾ അവസാനഘട്ടത്തിലേക്ക്. പ്രചാരണം കൊഴുപ്പിക്കാൻ വരും ദിവസങ്ങളിൽ ദേശീയ നേതാക്കൾ കൂട്ടത്തോടെ കേരളത്തിലെത്തും. പെസഹ വ്യാഴം മുതൽ വൻപ്രചാരണ പരിപാടികൾക്കു പരിമിതികളുണ്ടാകാം എന്നതിനാൽ നാടിളക്കിയുള്ള പ്രചാരണത്തിന് അവശേഷിക്കുന്നത് 3 ദിവസം മാത്രം.

യുഡിഎഫ്: പ്രിയങ്ക ഗാന്ധി 30, 31 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലും രാഹുൽ ഗാന്ധി 3, 4 തീയതികളിൽ വയനാട്, കോഴിക്കോട് ജില്ലകളിലും പ്രചാരണത്തിനെത്തും. ഇതിനകം രാഹുൽ രണ്ടു റൗണ്ട് പര്യടനം നടത്തിക്കഴിഞ്ഞു. രാഹുലിന്റെ റാലികൾ അദ്ദേഹത്തിനു കേരളത്തിലുള്ള ജനപ്രീതിയുടെ തെളിവായാണു സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. നെഹ്റു കുടുംബത്തോടു മലയാളികൾക്കുള്ള സ്നേഹവായ്പ് പ്രിയങ്കയുടെ വരവിൽ പ്രകടമാകുമെന്ന പ്രതീക്ഷയുണ്ട്. ഓരോ ദിവസവും കൂടുതൽ മെച്ചപ്പെടുന്നു എന്ന വിലയിരുത്തലാണു യുഡിഎഫിന്.

എൽഡിഎഫ്: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ദേശീയ നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് എന്നിവർ കേരളത്തിൽ ക്യാംപ് ചെയ്യുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം 30 വരെ തുടരും. തുടർഭരണത്തിനുള്ള സാഹചര്യം ഉണ്ടെന്നാണു വെള്ളിയാഴ്ച ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. അതേസമയം അമിതമായ ആത്മവിശ്വാസം പാടില്ലെന്ന നിർദേശം താഴേക്കു നേതൃത്വം കൈമാറി.

എൻഡിഎ: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവർ ഈയാഴ്ചയെത്തും. പ്രധാനമന്ത്രി നാളെ പാലക്കാട്ടും രണ്ടിനു കോന്നിയിലും തിരുവനന്തപുരത്തും എത്തും. പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിൽ ഇരുമുന്നണികൾക്കും ഭീഷണി ഉയർത്താൻ ബിജെപിക്കു കഴിയുന്നുണ്ടെന്നു നേതൃത്വം കരുതുന്നു.

ആയുധങ്ങൾ പുതിയതുണ്ടോ?

ആഴക്കടൽ മത്സ്യബന്ധനം, വ്യാജവോട്ട്, ഭക്ഷ്യക്കിറ്റ് വിതരണം, സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളാണ് അവസാന ആഴ്ചയിലെ പ്രധാന പ്രചാരണ വിഷയങ്ങൾ. ശബരിമല കേന്ദ്രബിന്ദുവായി തന്നെ തുടരുന്നു. ഭരണ നേട്ടങ്ങളിലും പിണറായി ബ്രാൻഡിങ്ങിലും ഊന്നുന്ന രീതിയാണ് ഇടതുമുന്നണി അവലംബിക്കുന്നത്. അവസാന റൗണ്ടിൽ പ്രയോഗിക്കാൻ മുന്നണികൾ കാത്തുവച്ചിരിക്കുന്ന രഹസ്യായുധങ്ങൾ എന്തൊക്കെയെന്നും ഈയാഴ്ച അറിയാം.

Content Highlights: Kerala assembly election campaign final lap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com