നേട്ടമൂറ്റാൻ നോട്ടമിട്ടത് 10 കോടി കിലോഗ്രാം അരി
Mail This Article
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള ആഴ്ചകളിൽ റേഷൻ സംവിധാനം വഴി സംസ്ഥാനത്തുടനീളം വിതരണം ചെയ്യാൻ സർക്കാർ ലക്ഷ്യമിട്ടതു 10 കോടി കിലോഗ്രാമിലേറെ അരി. വിതരണ നടപടികൾ തിരഞ്ഞെടുപ്പ് അടുക്കും വരെ വൈകിച്ചതു കൊണ്ടാണ് അരിയുടെ പേരിൽ രാഷ്ട്രീയപ്പോരു തിളച്ചതും തിരഞ്ഞെടുപ്പു കമ്മിഷനിലേക്കു പ്രതിപക്ഷം പരാതിയുമായെത്തിയതും.
27 ലക്ഷത്തോളം സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന 5 കോടി കിലോഗ്രാമിലേറെ അരിയാണ് ഇതിൽ പകുതി. മുൻഗണനേതര വിഭാഗത്തിലെ (നീല, വെള്ള) 50 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾക്കു വിതരണം ചെയ്യാൻ ഉദ്ദേശിച്ച, കിലോയ്ക്ക് 15 രൂപ നിരക്കിലുള്ള 10 കിലോഗ്രാം സ്പെഷൽ അരിയാണു ബാക്കിയുള്ളത്. ഇതിൽ ഈ മാസം നൽകുന്ന 10 കിലോഗ്രാം അരിയുടെ കണക്കെടുത്താൽ മാത്രം 5 കോടി കിലോഗ്രാമിലേറെ വരും.
കോവിഡ് സാഹചര്യത്തിൽ സ്കൂൾ തുറക്കാത്തതു മൂലം പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി മുടങ്ങിയിരുന്നു. കേന്ദ്ര വിഹിതം കൂടി ഉൾപ്പെടുത്തിയാണു പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ അംഗങ്ങളായ കുട്ടികൾക്ക് അരിയും 8 ഇനം സാധനങ്ങളും ഉൾപ്പെട്ട ഭക്ഷ്യക്കിറ്റുകൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിതരണം ചെയ്തു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലെ വിഹിതമാണ് ഈ കിറ്റിൽ ഉണ്ടായിരുന്നത്.
ഈ അധ്യയനവർഷത്തിൽ സെപ്റ്റംബർ മുതൽ മാർച്ച് വരെ ബാക്കിയുള്ള മാസങ്ങളിലേക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു ഫെബ്രുവരി പകുതിയോടെയാണു സർക്കാർ ഉത്തരവിറങ്ങിയത്. സപ്ലൈകോയിൽ വൈകിയ കാരണം പറഞ്ഞ് ഇതു നടപ്പാക്കുന്നതു പിന്നെയും നീണ്ടു. ഇതോടെ അരി മാത്രം സ്കൂളുകൾ വഴി വിതരണം ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ ഈ മാസം മാത്രം 5 മുതൽ 25 കിലോഗ്രാം വരെ അരി സ്കൂളിൽ നിന്ന് ഓരോ വിദ്യാർഥിയുടെയും വീട്ടിലെത്തിക്കേണ്ട സ്ഥിതിയായി. ഇതിന്റെ വിതരണം നടന്നുവരികയാണ്.
ലോക്ഡൗൺ കാലത്തു നീല, വെള്ള കാർഡ് ഉടമകൾക്കു 10 കിലോഗ്രാം സ്പെഷൽ അരി 15 രൂപയ്ക്കു നൽകാൻ തീരുമാനിച്ചിരുന്നു. കിലോയ്ക്ക് 22.50 രൂപയ്ക്കു കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന അരിയാണു സബ്സിഡിയോടെ നൽകുന്നത്. എന്നാൽ, ഫണ്ട് കുറവെന്നു പറഞ്ഞ് നവംബറിൽ വിതരണം നിർത്തി. അതേസമയം, വ്യാപാരികൾ പണം നൽകി ഇതിനായി എടുത്ത ഏകദേശം 79.07 ലക്ഷം ടൺ അരി പല റേഷൻ കടകളിലും അന്നു മുതൽ കെട്ടിക്കിടക്കുന്നു. ഇതു വിതരണം ചെയ്തു പണം തിരികെ ലഭ്യമാക്കാൻ വ്യാപാരി സംഘടനകൾ മാസങ്ങളായി സർക്കാരിനോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും നടപടിയെടുത്തില്ല.
ഒടുവിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സ്പെഷൽ അരി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം സർക്കാർ ഫെബ്രുവരി ആദ്യവാരം നടത്തി.
ഇതിനായി 42,040 ടൺ അരി ഇ ലേലത്തിൽ എഫ്സിഐയിൽ നിന്നു വാങ്ങാൻ തീരുമാനിച്ചു. പണം അനുവദിക്കാൻ വൈകിയതോടെ അരി വാങ്ങാൻ വൈകുകയും ഈ മാസത്തെ റേഷൻ വിഹിതത്തിന്റെ അറിയിപ്പിൽ ഉൾപ്പെടുത്താൻ കഴിയാതെ വരികയും ചെയ്തു. ഈ അരിയാണ് തിരഞ്ഞെടുപ്പിന്റെ തലേ ആഴ്ച തിടുക്കത്തിൽ വിതരണം ചെയ്യാൻ ശ്രമം തുടങ്ങിയതും പരാതിയെ തുടർന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞതും.
Content Highlights: Mid day meal rice distribution Kerala: allegations