മനുഷ്യനെ വെട്ടിനുറുക്കാൻ മറ്റൊരു മനുഷ്യന് എങ്ങനെ കഴിയും; ടിപി വധത്തിൽ വിഎസ്
Mail This Article
ന്യൂഡൽഹി ∙ ‘ഒന്നും വേണ്ട, ഒരു മനുഷ്യനെ ഇങ്ങനെ വെട്ടിനുറുക്കാൻ മറ്റൊരു മനുഷ്യന് എങ്ങനെ കഴിയും? അതു മാത്രമെങ്കിലും ആലോചിക്കൂ. പിന്നെ മനുഷ്യരാണെന്നു പറഞ്ഞു നടന്നിട്ട് എന്തു കാര്യം?’– ചോദിക്കുന്നത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചുള്ള തന്റെ നിലപാടു വിമർശിക്കപ്പെട്ടപ്പോഴാണ് ഒരു സ്വകാര്യ സംഭാഷണത്തിൽ സിപിഎമ്മിന്റെ മനഃസാക്ഷിക്കുനേരെ വിഎസ് ചോദ്യമുന്നയിച്ചത്.
‘വിഎസിന്റെ ആത്മരേഖ’ എന്ന പേരിൽ തൃശൂർ കറന്റ് ബുക്സ് ഉടൻ പുറത്തിറക്കുന്ന ജീവചരിത്രത്തിലാണ് ടിപി വധം, ലാവ്‌ലിൻ കേസ്, 1996 ൽ മാരാരിക്കുളത്തെ തോൽവി, പൊളിറ്റ്ബ്യൂറോയിൽ നിന്നുള്ള പുറത്താക്കൽ, 2006 ലെ സ്ഥാനാർഥിത്വം തുടങ്ങി തന്റെ ജീവിതത്തിലെ ശ്രദ്ധേയമായ പല അധ്യായങ്ങളെക്കുറിച്ചും വിഎസ് തുറന്നുപറയുന്നത്. ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ പി.ജയനാഥ് തയാറാക്കിയ ജീവചരിത്രത്തിന് വിഎസ് തന്നെയാണ് അവതാരികയെഴുതിയിട്ടുള്ളത്.
‘ഈ പുസ്തകത്തിലൂടെ കടന്നുപോയപ്പോൾ, പഴയകാല ജീവിതത്തിലേക്ക് ആത്മാർഥമായി എത്തിനോക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. ഒരർഥത്തിൽ, ഒരോർമപ്പെടുത്തലാണ് ഈ പുസ്തകമെന്നു നിസ്സംശയം പറയാം’ – അവതാരികയിൽ വിഎസ് എഴുതുന്നു.
2012 മേയ് 4ന് രാത്രിയിലായിരുന്നു ടിപി ചന്ദ്രശേഖരന്റെ കൊലപാതകം. അതേക്കുറിച്ച് വിഎസിന്റെ ആത്മരേഖ പറയുന്നത്: ‘വെട്ടിനുറുക്കപ്പെടുകയായിരുന്നു. അരുംകൊലയിൽ നാടാകെ ഞെട്ടിത്തെറിച്ചു എന്നതാണ് വാസ്തവം. സർവവിഭാഗം ജനങ്ങളും ആ നിഷ്ഠുരതയെ അപലപിച്ചു. അരോഗദൃഢഗാത്രനായ ചെറുപ്പക്കാരൻ, ക്രിമിനൽ പശ്ചാത്തലമില്ലാത്ത യുവാവ്. പ്രദേശത്തെ ജനസേവകൻ, ജനസമ്മതി ആർജിച്ച പൊതുപ്രവർത്തകൻ, സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗം. വന്ദ്യവയോധികൻ മാധവന്റെ മകളുടെ ഭർത്താവ്, എല്ലാറ്റിലുമുപരി മകനും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. അതൊക്കെയായിരുന്നു ചന്ദ്രശേഖരൻ. മൃതദേഹത്തിനരികെ വിഎസ് കനത്ത ഹൃദയഭാരത്തോടെ നിന്നു.
മകന്റെ സ്ഥാനത്ത് കണ്ടു സ്നേഹിച്ച ആ യുവാവിന് അന്ത്യചുംബനംപോലെ പുഷ്പചക്രം അർപ്പിച്ചു. അന്ത്യാഭിവാദ്യം നേർന്നു. പുറത്തിറങ്ങിയ വിഎസിനെ മാധ്യമപ്രവർത്തകർ പൊതിഞ്ഞു. അവരുടെ ആവശ്യപ്രകാരം പ്രതികരണം. വിഎസ് ഒരു വാചകം മുഴുമിപ്പിച്ചു: ‘ചന്ദ്രശേഖരൻ ധീരനായ കമ്യൂണിസ്റ്റ് പോരാളിയായിരുന്നു.’ ആ വിശേഷണത്തിൽ അസ്വസ്ഥരായവരുണ്ട്. വിഎസിന് അത് ഒഴിവാക്കാൻ ആവില്ലായിരുന്നു. അദ്ദേഹം എന്തു പറയുന്നതിനും നിലപാട് എടുക്കുന്നതിനും അടിസ്ഥാനമായി ഉത്തമബോധ്യമുണ്ട്. ഇവിടെയും അതുതന്നെ.’