സർക്കാർ വാദം പൊളിഞ്ഞു; ആഴക്കടൽ ധാരണാപത്രം റദ്ദാക്കി ഉത്തരവായില്ല
Mail This Article
തിരുവനന്തപുരം ∙ ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാരിന്റെ ഒരു കള്ളക്കളി കൂടി പൊളിഞ്ഞു. അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഇതിനായി സർക്കാർ ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ലെന്നു തെളിഞ്ഞു.
സംഭവം വിവാദമായതോടെ ഫെബ്രുവരി 26നു തന്നെ കരാർ റദ്ദാക്കിയതായി വ്യവസായ വകുപ്പ് ഇന്നലെ പത്രക്കുറിപ്പ് ഇറക്കി. എന്നാൽ, ധാരണാപത്രം റദ്ദാക്കിയെന്നു വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവനെ അറിയിച്ചുള്ള കെഎസ്ഐഡിസി എംഡി എം.ജി. രാജമാണിക്യത്തിന്റെ കുറിപ്പ് മാത്രമാണതെന്നു വ്യക്തമായി.
കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 2020 ഫെബ്രുവരി 28 നാണ് 5000 കോടി രൂപയുടെ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കു സർക്കാരും ഇഎംസിസിയും ഒപ്പിട്ടത്. സർക്കാരിനെ പ്രതിനിധീകരിച്ചാണു രാജമാണിക്യം ഒപ്പിട്ടത്. അതുകൊണ്ടു തന്നെ ധാരണാപത്രം റദ്ദാക്കാൻ സർക്കാരിന്റെ ഉത്തരവു വേണം.
പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തുകയും വിവാദമാകുകയും ചെയ്തതോടെ ധാരണാപത്രം റദ്ദാക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ ഫെബ്രുവരി 24ന് അറിയിച്ചു. പ്രതിപക്ഷം വിവാദമാക്കിയതിനാലാണു തീരുമാനമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ ഉത്തരവിറക്കിയില്ല.
എല്ലാം അറിഞ്ഞെന്ന് സമ്മതിച്ച് സർക്കാർ
∙ ധാരണാപത്രം ഒപ്പിട്ടതു വകുപ്പു മേധാവികൾ ഉൾപ്പെട്ട എംപവേഡ് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണെന്നു രാജമാണിക്യത്തിന്റെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ആഴക്കടൽ പദ്ധതി സർക്കാരിന്റെ അറിവോടെയല്ലെന്ന വാദം നുണയാണെന്ന് ഇതോടെ വീണ്ടും തെളിഞ്ഞു.
ഇഎംസിസിക്ക് ആവശ്യമായ സാമ്പത്തിക ഭദ്രതയും വിശ്വാസ്യതയുമില്ലെന്നും കമ്പനിയുടെ നിർദേശങ്ങൾ സർക്കാർ നയങ്ങൾക്കു വിരുദ്ധമാണെന്നും കണ്ടതിനാലാണ് ധാരണാപത്രം റദ്ദാക്കിയതെന്നാണു സർക്കാരിന്റെ ഇന്നലത്തെ വാർത്താക്കുറിപ്പിലുള്ളത്.
ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെ ധാരണാപത്രം ഒപ്പിട്ടത് എങ്ങനെയെന്നും അതേക്കുറിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ടെന്നുമുള്ള ചോദ്യമാണ് ഈ വിശദീകരണത്തിലൂടെ ഉയരുന്നത്.
വൻ കോഴ കൈമറിഞ്ഞു
സർക്കാരുമായി ഒപ്പിട്ട ഒറിജിനൽ ധാരണാപത്രം ഇപ്പോഴും നിലവിലുണ്ട്. അതിനർഥം അമേരിക്കൻ കുത്തക കമ്പനിയായ ഇഎംസിസിക്ക് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സർക്കാർ പണയപ്പെടുത്തുന്നു എന്നാണ്.
വീണ്ടും അധികാരത്തിൽ വന്നാൽ പദ്ധതി നടപ്പാക്കാനാണ് മുഖ്യ ധാരണാപത്രം റദ്ദാക്കാതിരിക്കുന്നത്. വൻ തോതിലുള്ള കോഴ ഇതിനു പിന്നിൽ കൈമറിഞ്ഞിട്ടുണ്ട്.
-രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്