ADVERTISEMENT

രാഷ്ട്രീയം പറയാനാണെങ്കിൽ മുറ്റത്തു കസേരയിട്ടു വിസ്തരിച്ചാവാം എന്നു പറയും ഒറ്റപ്പാലത്തുകാർ. കെപിസിസിയുടെ പ്രഥമ സമ്മേളനത്തിനു വേദി, എഐസിസി അധ്യക്ഷൻ ചേറ്റൂർ ശങ്കരൻ നായരുടെ നാട്, മുൻ രാഷ്ട്രപതി കെ.ആർ. നാരായണനെ ലോക്സഭയിലേക്ക് അയച്ച മണ്ഡലം തുടങ്ങി കോൺഗ്രസുകാർ ചരിത്രം പറഞ്ഞു തുടങ്ങുമെങ്കിലും എന്തായാലെന്താ ഇപ്പോഴത്തെ ഒറ്റപ്പാലം തങ്ങളുടെ കോട്ടയാണെന്നു പറയും ഇടതുപക്ഷം.

രാഷ്ട്രീയത്തിലും രാഷ്ട്രപുനർനിർമാണത്തിലും കയ്യൊപ്പിട്ട ചരിത്രവ്യക്തികളുടെ നാടായ ഒറ്റപ്പാലത്തു തുടർച്ചയായി സിപിഎമ്മാണു ജയിക്കുന്നത്.

ഇത്തവണ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ഡിവൈഎഫ്ഐ നേതാവും അഭിഭാഷകനുമായ കെ.പ്രേംകുമാറിനെ സിപിഎം ട്രാക്കിലിറക്കിയപ്പോൾ സിവിൽ സർവീസ് ഉപേക്ഷിച്ചു വന്ന മെഡിക്കൽ ബിരുദധാരി ഡോ. പി. സരിനെ കോൺഗ്രസുകാർ രംഗത്തിറക്കി. കടുത്ത മത്സരത്തിനിടെ വോട്ടുകൾ കൊയ്യാൻ പ്രദേശവാസിയായ ബിജെപി നേതാവ് പി.വേണുഗോപാലുമുണ്ട്.

ഇടതുപക്ഷത്തിന് ആഴത്തിൽ വേരുള്ള മണ്ഡലത്തിൽ കരുതലോടെയാണു സിപിഎം കരുക്കൾ നീക്കുന്നത്. സിറ്റിങ് എംഎൽഎയായ പി. ഉണ്ണിക്ക് രണ്ടാമത് അവസരം നൽകാതെ യുവാവായ പ്രേംകുമാറിനെ മത്സരത്തിനിറക്കിയതു ഡോ.സരിനെപ്പോലുള്ള ചെറുപ്പക്കാർ എതിർപക്ഷത്തു വരുമെന്നു കരുതിത്തന്നെയാണ്. സംഘടനാശേഷിയുടെ മികവും താഴെത്തട്ടിൽ കോൺഗ്രസിന്റെ വേരുകൾക്ക് അത്ര ബലമില്ലെന്നതും വിജയം ഉറപ്പിക്കാനുള്ള കാരണമായി സിപിഎം കാണുന്നു. മുൻപുണ്ടായിരുന്ന വിഭാഗീയത ഇപ്പോൾ ഇല്ലെന്ന ആശ്വാസവും പാർട്ടിക്കുണ്ട്.

ഉറപ്പായും ഒറ്റപ്പാലം പിടിക്കുമെന്നതിന്റെ ലക്ഷണം മണ്ഡലത്തിലാകെ കാണുന്നുണ്ടെന്നു യുഡിഎഫ് പറയുന്നു. സരിനെ കെ.ആർ. നാരായണന്റെ പിൻഗാമി എന്നു പറഞ്ഞാണു കോൺഗ്രസ് അവതരിപ്പിക്കുന്നത്. കുറെക്കാലമായി പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്നതിനാൽ സരിനു മണ്ഡലത്തിൽ ആഴത്തിൽ ബന്ധമുണ്ട്. സംഘടനാദൗർബല്യം സരിന്റെ വ്യക്തിബന്ധം കൊണ്ടു മറികടക്കാമെന്നു പാർട്ടി കണക്കുകൂട്ടുന്നു.

കഴിഞ്ഞ 2 തവണ മത്സരിച്ചപ്പോഴും ജില്ലാ ജനറൽ സെക്രട്ടറി പി.വേണുഗോപാൽ വോട്ട് വർധിപ്പിച്ചിരുന്നു. മണ്ഡലത്തിലെ പല തദ്ദേശസ്ഥാപനങ്ങളിലും രണ്ടാം സ്ഥാനം നേടിയതിന്റെ മെച്ചം തിരഞ്ഞെടുപ്പിൽ കാണാമെന്നു ബിജെപി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com