ബൂത്തിൽ എല്ലാ പാർട്ടിയുടെയും ഏജന്റുമാർ വേണം: ഹൈക്കോടതി
Mail This Article
കൊച്ചി ∙ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പോളിങ് ഏജന്റുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പോളിങ് സ്റ്റേഷനുകളിൽ എല്ലാ പാർട്ടികളുടെയും പോളിങ് ഏജന്റുമാരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി.
ഇരട്ട/വ്യാജ വോട്ടുകൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി തീർപ്പാക്കിയുള്ള ഹൈക്കോടതി ഉത്തരവിലാണിത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ഹർജിക്കാരന്റെ ആവശ്യത്തിൽ നടപടിയെടുത്തിട്ടുണ്ടെന്ന് ഇലക്‌ഷൻ കമ്മിഷൻ അറിയിച്ചു. ഹൈക്കോടതിയുടെ മറ്റു നിർദേശങ്ങൾ:
∙ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് കൃത്യമായി നടത്താൻ ഇരട്ട/വ്യാജ വോട്ടുകൾ തടയാൻ എല്ലാ മുൻകരുതലും സ്വീകരിക്കണം.
∙ പ്രശ്നബാധിത മേഖലകൾ ഉൾപ്പെടെ എല്ലാ പോളിങ് സ്റ്റേഷനുകളിലും ആവശ്യത്തിന് കേന്ദ്ര, സംസ്ഥാന സേനകളെ വിന്യസിക്കണം.
∙ ഒന്നിലേറെ തവണ പേര് ചേർത്തവരെയും ഒന്നിലേറെ ഇലക്‌ഷൻ തിരിച്ചറിയൽ കാർഡുള്ളവരെയും കണ്ടെത്താൻ വോട്ടർമാരുടെ ഫോട്ടോ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്താനുള്ള സാധ്യത തിരഞ്ഞെടുപ്പ് കമ്മിഷൻ ആരായണം.