വ്യാജ ഏറ്റുമുട്ടലുകളിൽ 8 മാവോയിസ്റ്റുകളെ പിണറായിയുടെ പൊലീസ് വധിച്ചെന്ന് രമേശ്
Mail This Article
ആലപ്പുഴ ∙ കേരളത്തിൽ എട്ടു മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് വെടിവച്ചു കൊന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രോഗികളെയും വയോധികരെയും സ്ത്രീകളെയും പോലും വെറുതേ വിട്ടില്ല.
കേന്ദ്ര ഫണ്ട് തട്ടാനുള്ള ക്രൂരകൊലപാതകങ്ങളെന്ന് സിപിഐ പോലും പറഞ്ഞു. കൗമാരക്കാരായ അലനെയും താഹയെയും നരേന്ദ്ര മോദിയുടെ ശൈലിയിൽ യുഎപിഎ ചുമത്തി ജയിലിലടച്ചു. സ്‌റ്റാൻ സ്വാമിയെ മോദി ജയിലിലടച്ചപോലെ ഒരു കുറ്റവും ചെയ്യാത്ത ഈ കൗമാരക്കാരെ പിണറായി സർക്കാർ ജയിലിലടച്ചു. മുഖ്യമന്ത്രി നേരിട്ടു ഭരിച്ച ആഭ്യന്തര വകുപ്പിൽ ഇതുവരെയില്ലാത്ത അഴിമതിയും അക്രമവുമായിരുന്നെന്ന് രമേശ് ആരോപിച്ചു.
കോടതി വിധിയുടെ മറവിൽ ശബരിമലയിൽ 3 തെറ്റുകളാണ് പൊലീസ് ചെയ്തത്. ആചാരം ലംഘിക്കാൻ വനിതാ ആക്ടിവിസ്റ്റിന് അകമ്പടി സേവിച്ചത് പൊലീസ് ഐജിയാണ്. സന്നിധാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് ഭക്തരെ കണ്ണീരിലാഴ്ത്തി. പൊലീസിലെ രാഷ്ട്രീയ അനുകൂലികളെ ഉപയോഗിച്ച് യുവതികളായ 2 ആക്ടിവിസ്റ്റുകളെ ഗൂഢമാർഗത്തിലൂടെ സന്നിധാനത്ത് എത്തിച്ചു. യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്ന് അഭിമാനത്തോടെ മാധ്യമങ്ങളോട് പ്രഖ്യാപിച്ചത് ആരാണെന്ന് രമേശ് ചോദിച്ചു.
വരാപ്പുഴയിലെ ശ്രീജിത്ത്, ഇടുക്കിയിലെ രാജ്കുമാർ തുടങ്ങി നിസ്സഹായരായ മനുഷ്യർ പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റു മരിച്ചു. പിണറായിയിൽ പോലും കസ്റ്റഡി മരണമുണ്ടായി. വാളയാറിൽ പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തിയ കേസ് അട്ടിമറിച്ചത് പൊലീസാണ്. ആ പൊലീസുകാർക്കെതിരെ നടപടി എടുത്തില്ല. അവർക്കും കിട്ടി സ്ഥാനക്കയറ്റം. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും മാധ്യമപ്രവർത്തകർക്കെതിരെ എവിടെ വച്ചും കേസെടുക്കാൻ കഴിയുന്നതുമായ വിധത്തിൽ പൊലീസ് ആക്ട് ഭേദഗതി ചെയ്യാൻ ശ്രമിച്ചു. പൊലീസിന്റെ തലപ്പത്തെ വൻ അഴിമതികൾ സിഎജി അക്കമിട്ട് നിരത്തി. എന്നിട്ടും ഒരു നടപടിയുമില്ല.
പാമ്പാടി എൻജിനീയറിങ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ അസ്വാഭാവിക മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെത്തിയ മാതാവ് മഹിജയെ പൊലീസ് നടുറോഡിൽ വലിച്ചിഴച്ചു.
പെരിയ ഇരട്ടക്കൊലപാതകം അട്ടിമറിച്ചതിനെ കോടതിതന്നെ രൂക്ഷമായി വിമർശിച്ചു. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസ് പ്രതികളുടെ പിഎസ്‌സി പരീക്ഷാ തട്ടിപ്പിലും കൃത്യ സമയത്ത് കുറ്റപത്രം നൽകാതെ പ്രതികളെ സഹായിച്ചു– രമേശ് ആരോപിച്ചു.
പ്രളയം: വീഴ്ച അന്വേഷിക്കണം
മുൻപില്ലാത്ത വിധമുണ്ടായ പ്രളയക്കെടുതികൾക്ക് കാരണം ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ചയാണെന്നും അതെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇക്കാര്യം അന്വേഷിക്കും. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ശാസ്ത്രീയ പഠനങ്ങളിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നേരത്തേ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ഇതേ നിഗമനത്തിലെത്തി. 54 ലക്ഷം പേരെ ബാധിക്കുകയും 14 ലക്ഷം പേർ ഭവനരഹിതരാവുകയും 433 പേർ മരിക്കുകയും ചെയ്ത മഹാദുരന്തത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞതായി രമേശ് പറഞ്ഞു.