സിപിഎം പ്രതീക്ഷ 80–85 സീറ്റ്; 75–80 സീറ്റോടെ അധികാരത്തിലേക്കെന്ന് യുഡിഎഫ്
Mail This Article
തിരുവനന്തപുരം ∙ പടക്കളത്തിൽ അവസാന അസ്ത്രം വരെ പ്രയോഗിച്ചു എന്ന ആത്മവിശ്വാസത്തോടെ മുന്നണികൾ വോട്ടെടുപ്പിന് ഒരുങ്ങി. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ നടക്കുന്ന ഇന്നത്തെ പകൽ കഴിഞ്ഞാൽ കേരളം ബൂത്തിലേക്ക്.
കലാശക്കൊട്ടിനു വിലക്കുണ്ടായിരുന്നുവെങ്കിലും കൊടിയിറക്കത്തിൽ ആവേശം കൊട്ടിക്കയറി. ഇതു വോട്ടെടുപ്പിലും പ്രതിഫലിക്കുമെന്നാണു സൂചനകൾ.
കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ 77 ശതമാനത്തിൽ ഏറെയായിരുന്നു പോളിങ്; തദ്ദേശത്തിൽ 76 ശതമാനവും.
എൽഡിഎഫ് – യുഡിഎഫ് മത്സരം തുടങ്ങിയശേഷം 1987ൽ ആയിരുന്നു കനത്ത പോളിങ്; 80.53%. എൽഡിഎഫ് അന്നു ഭരണം പിടിച്ചു. കുറവ് 1996ൽ; 71.15%. അന്നും എൽഡിഎഫ് തന്നെ വിജയിച്ചു. പോളിങ്ങിലെ ഏറ്റക്കുറച്ചിൽ ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമോ പ്രതികൂലമോ ആകില്ലെന്നതിന് ഈ ചരിത്രം തന്നെയാണു തെളിവ്.
അതേസമയം മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള മത്സരത്തിൽ മുന്നണികളും സ്ഥാനാർഥികളും ഉറ്റുനോക്കുന്നതും പോളിങ് ശതമാനത്തെ തന്നെ. വിശുദ്ധവാരവുമായി ബന്ധപ്പെട്ട അവധിദിനങ്ങൾ കഴിഞ്ഞാണ് വോട്ടെടുപ്പ് എന്നതിനാൽ വോട്ടർമാരെ ബൂത്തുകളിലെത്തിക്കുന്ന കാര്യം ഉറപ്പാക്കണമെന്ന നിർദേശം താഴേക്ക് മുന്നണികൾ നൽകിക്കഴിഞ്ഞു. ഇരട്ട വോട്ട് വിവാദം നീറി നിൽക്കുന്ന പശ്ചാത്തലത്തിൽ ‘ഒരു വോട്ടർക്ക് ഒരു വോട്ട്’ എന്ന തത്വമാണോ നടപ്പാകുക എന്നതും ഉറ്റുനോക്കപ്പെടും. ബൂത്തുകളിൽ ജാഗ്രതയ്ക്കൊപ്പം സംഘർഷങ്ങൾ ഒഴിവാക്കാനും പാർട്ടികൾ ശ്രദ്ധിക്കേണ്ടി വരും.
രാഹുൽഗാന്ധിയും പിണറായി വിജയനും നിർമല സീതാരാമനും മുന്നണികൾക്കു വേണ്ടി അവസാന ദിനങ്ങളിൽ പടയോട്ടത്തിന് നേതൃത്വം നൽകി. ശക്തമായ രാഷ്ട്രീയ മത്സരത്തിനു തെളിവു തന്നെയായിരുന്നു ഇന്നലത്തെ റോഡ് ഷോകൾ.
തുടർഭരണം എന്ന ചരിത്രം കുറിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് എൽഡിഎഫ് നേതാക്കൾ പങ്കുവയ്ക്കുന്നത്. സർക്കാരിനെതിരെ എങ്ങും വികാരമില്ലെന്നും മറിച്ച് പിണറായി വിജയൻ സർക്കാർ തുടരണമെന്ന വികാരമാണ് കാണുന്നതെന്നും സിപിഎം വിലയിരുത്തുന്നു. ഏതു സാഹചര്യത്തിലും 80 – 85 സീറ്റ് സിപിഎം പ്രതീക്ഷിക്കുന്നു. വോട്ടെടുപ്പിനു തൊട്ടുമുൻപുള്ള പാർട്ടി കണക്കുകൾ നേതൃത്വം സമാഹരിക്കുന്നതേയുള്ളൂ.
ആദ്യദിനങ്ങളിൽ പിന്നിലാണെന്ന തോന്നലുണ്ടായെങ്കിലും അതിശക്തമായി മുന്നിലേക്കു വരികയും ഒടുവിൽ എൽഡിഎഫിന്റെ മുന്നിൽ കയറുകയും ചെയ്തുവെന്നാണ് യുഡിഎഫിന്റെ വിശകലനം. ഭരണമാറ്റത്തിനായി കേരളം വോട്ടു ചെയ്യും എന്ന് അവർ പ്രതീക്ഷിക്കുന്നു. യുഡിഎഫിന്റെ പുതുമുഖ സ്ഥാനാർഥിനിര എൽഡിഎഫിന്റെ സിറ്റിങ് എംഎൽഎമാരിൽ ഭൂരിപക്ഷത്തെയും വെള്ളം കുടിപ്പിക്കുന്നുവെന്ന വിവരമാണു നേതൃത്വത്തിനു ലഭിച്ചത്. തൃശൂരിലും കൊല്ലത്തും ആലപ്പുഴയിലും 2016നെ സംബന്ധിച്ച് വൻ മാറ്റം യുഡിഎഫ് പ്രതീക്ഷിക്കുന്നു. 75 – 80 സീറ്റോടെ അധികാരത്തിൽ വരുമെന്നാണ് അവരുടെ കണക്ക്.
ഇരു മുന്നണികളും എൺപതിന് ചുറ്റുവട്ടത്താണു പ്രതീക്ഷിക്കുന്നത് എന്നതുതന്നെ മത്സരത്തിന്റെ കടുപ്പം വ്യക്തമാക്കുന്നു.
മുന്നണികളെ അനിശ്ചിതത്വത്തിലാക്കാനായെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ. നാൽപതോളം സീറ്റുകളിൽ മുപ്പതിനായിരത്തിലേറെ വോട്ട് അവർ ലക്ഷ്യമിടുന്നു. ഇതിൽ ചിലത് ജയിക്കുമെന്നും പ്രതീക്ഷിക്കുന്നു. വിചാരിക്കാത്ത മാറ്റം ബിജെപി പ്രവചിക്കുന്നെങ്കിലും അവരുടെ അവകാശവാദത്തെ തള്ളാനാണ് ഇരു മുന്നണികൾക്കും താൽപര്യം.
അതേസമയം, മണ്ഡലങ്ങളിൽ എൻഡിഎ പിടിക്കുന്ന വോട്ടുവിഹിതത്തെ അങ്ങേയറ്റം ഉദ്വേഗത്തോടെയാണു മുന്നണിസ്ഥാനാർഥികൾ വീക്ഷിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന് കേരളത്തിന്റെ കാര്യത്തിൽ എന്തെങ്കിലും ‘ഗെയിം പ്ലാൻ’ ഉണ്ടോയെന്ന സസ്പെൻസ് വോട്ടെണ്ണും വരെ തുടരും.
English Summary: Kerala election, CPM expect 80-85 seats