ADVERTISEMENT

മലയാള സിനിമയിൽ തലമുറകളുടെ വിടവു നികത്തിയ നടനായിരുന്നു ‘ബാലേട്ടൻ.’ സിനിമയുടെ എഴുത്തിലും അഭിനയത്തിലും രണ്ടു തലമുറകൾക്കൊപ്പം സന്ദേഹമില്ലാതെ പ്രവർത്തിച്ചു. പവിത്രവും ഉള്ളടക്കവും എഴുതിയ ബാലചന്ദ്രൻ തന്നെ കമ്മട്ടിപ്പാടവും എടക്കാട് ബറ്റാലിയനും എഴുതി. മോഹൻലാലും ശ്രീവിദ്യയും മുതൽ ദുൽഖറും ടൊവിനോയും വരെ ബാലേട്ടന്റെ കഥകളുടെ ജീവനറിഞ്ഞു.നറുനിലാവിൽ പേന മുക്കി കവിതയെഴുതിയ പി.കുഞ്ഞിരാമൻ നായരുടെ കാൽപ്പാടുകൾ സ്ക്രീനിൽ വരച്ചിടാനും‘ഇവൻ മേഘരൂപനി’ലൂടെ ആ പ്രതിഭയ്ക്കു കഴിഞ്ഞു.

സ്കൂൾ ഓഫ് ലെറ്റേഴ്സിൽനിന്നു വിരമിച്ച ഉടനെയാണ് സ്കൂൾ ഓഫ് ഡ്രാമയിലെ പഴയ സഹപാഠി വി.കെ. പ്രകാശ് ‘ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലെ ജ്യോത്സ്യന്റെ വേഷത്തിൽ അഭിനയിക്കാൻ വിളിക്കുന്നത്. വികെപിയുടെ ‘പുനരധിവാസ’ത്തിന്റെ തിരക്കഥ ബാലചന്ദ്രനായിരുന്നു. ബ്യൂട്ടിഫുളിനു ശേഷം വികെപി ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് ബാലേട്ടനെ തിരക്കുള്ള നടനാക്കി. അനൂപ് മേനോന്റെ തിരക്കഥ. 

വിഷയലമ്പടനായ കോര എന്ന കഥാപാത്രം. മെലിഞ്ഞു നരച്ച താടിയൊക്കെയുള്ള ഒരാൾ വേണം എന്ന ആലോചനയിലാണ് ബാലേട്ടനെ വിളിക്കുന്നത്. ഇയാൾ ഇത്തരക്കാരനാണോ എന്നു പ്രേക്ഷകർക്കും സന്ദേഹം തോന്നണം. ബാലേട്ടൻ അതങ്ങ് ഏറ്റെടുത്തു. 

തിയറ്ററിൽ നിറഞ്ഞ കയ്യടി. പിന്നീട് ‘ഹോട്ടൽ കാലിഫോർണിയ’യിലെ ശശിപ്പിള്ളയുടെ കഥാപാത്രം അനൂപെഴുതിയപ്പോഴും ബാലചന്ദ്രൻ ഉഷാറാക്കി. കയ്യടി നേടിയത് കോരയാണെങ്കിലും ശശിപ്പിള്ളയാണ് തനിക്ക് കൂടുതലിഷ്ടമെന്ന് ബാലചന്ദ്രൻ അനൂപിനോടു പറഞ്ഞു. അതിനു കാരണവുമുണ്ട്. ഒരുപാടു കോരമാരെ എനിക്കറിയാം. എന്നാൽ ശശിപ്പിള്ള വ്യത്യസ്തനാണ്.

2011 മുതൽ 10 വർഷം അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. മമ്മൂട്ടി നായകനായ ‘വൺ’ എന്ന പുതിയ സിനിമയിലും തിയറ്ററിലോടുന്ന ‘ഓപ്പറേഷൻ ജാവ’യിലും ബാലചന്ദ്രനുണ്ട്. ഇനി ഇറങ്ങാനിരിക്കുന്ന കുറുപ്പ്, മിന്നൽ മുരളി എന്നിവയിലും കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com