ADVERTISEMENT

പൗരത്വ നിയമം നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു വ്യക്തമാക്കി. ‘സിഎഎ നടപ്പാക്കാൻ ഞങ്ങൾ അനുവദിക്കില്ല. അത് അനീതിയാണ്. ജനങ്ങളെ വിഭജിക്കുന്ന നിയമമാണ്. കേരളം മതനിരപേക്ഷതയുടെ നാടാണ്. ഇവിടെ സിഎഎ നടപ്പാക്കില്ല’ – മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

∙ ഈ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ വിജയത്തെക്കുറിച്ച് എത്രത്തോളം ആത്മവിശ്വാസമുണ്ട്?

നല്ല ആത്മവിശ്വാസമുണ്ട്. പ്രതീക്ഷിക്കുന്നതിലും വലിയ വിജയം ഞങ്ങൾ നേടും.

∙ ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിന് എത്രമാത്രം പ്രാധാന്യമുള്ളതാണ്, പ്രത്യേകിച്ചു കേരളത്തിൽ ?

എല്ലാ തിരഞ്ഞെടുപ്പുകളും പ്രാധാന്യമുള്ളതാണ്. ഈ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവിക്കു വളരെയേറെ പ്രധാനപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന, അക്രമത്തിന് സ്ഥാനമില്ലാത്ത പ്രത്യയശാസ്ത്രമാണോ അതോ ആളുകളെ ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണോ വേണ്ടതെന്നു കേരളം തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണിത്. കേരളം എന്തു തീരുമാനിക്കുന്നു എന്നതിനു ദേശീയതലത്തിലും പ്രാധാന്യമുണ്ട്.

∙ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ തലമുറമാറ്റം പ്രകടമാണ്. എന്നാൽ അതിലെ വനിതാ സ്ഥാനാർഥികളുടെ എണ്ണത്തിൽ താങ്കൾ സംതൃപ്തനാണോ?

സ്ഥാനാർഥിപ്പട്ടികയിലെ സ്ത്രീപങ്കാളിത്തത്തിൽ സംതൃപ്തനല്ല. കൂടുതൽ വനിതാ പ്രാധാന്യം വേണ്ടിയിരുന്നു. എന്നാൽ കൂടുതൽ ചെറുപ്പക്കാരായ സ്ഥാനാർഥികളെ ഉൾക്കൊള്ളിച്ച കാര്യത്തിൽ ഞാൻ സംതൃപ്തനാണ്. നിലവിലെ സാഹചര്യത്തിൽ നമുക്കു വലിയ ആശയങ്ങളെക്കുറിച്ചു ചിന്തിക്കണമെന്നു കേരളത്തിലെ നേതാക്കളോടു പറഞ്ഞിരുന്നു. ന്യായ് പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രകടനപത്രികയിൽ ഇടംപിടിച്ചത് അങ്ങനെയാണ്. പ്രകടനപത്രികയിലെ പല ആശയങ്ങളും കേരളത്തിന്റേതാണ്. പുതിയ കാര്യങ്ങൾ ചെയ്യണം. പുതുതലമുറയ്ക്കു കൂടുതൽ ഇടം നൽകണം. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ ഞാൻ പ്രതീക്ഷിച്ചതിലും ഭംഗിയായി ഇക്കാര്യങ്ങൾ ചെയ്തു. സ്ഥാനാർഥിപ്പട്ടികയിലെ യുവത്വത്തിന്റെ പ്രാധാന്യം കാണിക്കുന്നതു കോൺഗ്രസ് യുവത്വത്തോട് ചേർന്നു നിൽക്കുന്നു എന്നതാണ്. പരിചയസമ്പന്നരുടെയും യുവാക്കളുടെയും സന്തുലനം യുഡിഎഫിന്റെ സ്ഥാനാർഥിപ്പട്ടികയിലുണ്ട്.

യുഡിഎഫ് സ്ഥാനാർഥിപ്പട്ടികയിൽ 55% പുതുമുഖങ്ങളെ അവതരിപ്പിച്ചത് ഒരു ചെറിയകാര്യമല്ല. ഞങ്ങളുടെ സർക്കാരിൽ 55% പുതുതലമുറയും 45% പരിചയസമ്പന്നതയുമാണ് ഉറപ്പു നൽകുന്നത്.

∙ ഇന്ധനമില്ലാത്ത കാറാണു പിണറായി വിജയൻ ഓടിക്കുന്നതെന്നു പറയാൻ കാരണമെന്താണ്?

സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണു ലോകം. ഇതിനു മുൻപേ നോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യയെ തകർത്തു. സാമ്പത്തിക മേഖല നന്നാക്കാൻ കൂടുതൽ കാര്യങ്ങൾ ആദ്യം മുതലേ ചെയ്യേണ്ടിയിരുന്നു. ജനങ്ങളുടെ കൈകളിലേക്കു കൂടുതൽ പണം എത്തിക്കുന്ന നടപടികൾ കേന്ദ്രം എടുക്കേണ്ടിയിരുന്നു. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ പരാജയപ്പെട്ടു. കേരളത്തിൽ ഇക്കാര്യം ഇടതുപക്ഷം ചെയ്യുമെന്നു പ്രതീക്ഷിച്ചു. എന്നാൽ അവരും നിരാശപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തികരംഗം ഇന്ധനമില്ലാത്ത കാർ പോലെയാണ്. ജനങ്ങളുടെ കയ്യിലെ പണമാണ് ഇന്ധനം. ആളുകൾ പണം ചെലവാക്കുന്നതിന് അനുസരിച്ച് ഉൽപാദനം കൂടും. അതു കൂടുതൽ തൊഴിൽ സ‍ൃഷ്ടിക്കും. സമ്പദ്ഘടനയിലെ പ്രതിസന്ധി. തൊഴിലില്ലായ്മ എന്നീ മേഖലകളിൽ കേരളം അടിയന്തര സാഹചര്യത്തിലാണ് എന്നു മനസ്സിലാക്കിയുള്ളതാണു യുഡിഎഫിന്റെ പ്രകടനപത്രിക. അതിവേഗമുള്ള രക്ഷാനടപടി ആവശ്യമാണ്. ന്യായ് പദ്ധതി ലക്ഷ്യമിടുന്നതും അതാണ്.

മോശം സാമ്പത്തികാവസ്ഥയും തൊഴിലില്ലായ്മയുമാണു പ്രശ്നങ്ങളെന്ന് എല്ലാവരും സമ്മതിക്കുന്നു. അതിനുള്ള പ്രതിവിധികൾ യുഡിഎഫ് നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇടതുപക്ഷത്തിന്റെ കയ്യിൽ അതിനുള്ള പോംവഴികൾ ഒന്നുമില്ലെന്ന കാര്യം എന്നെ അതിശയിപ്പിക്കുന്നു.

∙ ന്യായ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ആളുകൾക്കു സംശയങ്ങളുണ്ട്. പദ്ധതിയെപ്പറ്റി വ്യക്തമാക്കാമോ?

ഇതൊരു വലിയ പദ്ധതിയാണ്. ഛത്തീസ്ഗഡിൽ ഞങ്ങൾ ന്യായ് നടപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു നടപടിയില്ലാതെ കേരളത്തിനു രക്ഷയില്ലെന്നു ഞങ്ങൾ കരുതുന്നു.

∙ ബിജെപിക്കും സംഘപരിവാറിനും എതിരെ സമരം ചെയ്യുന്നത് തങ്ങളാണെന്ന ഇടതുപക്ഷ വാദത്തെപ്പറ്റി?

നരേന്ദ്രമോദി എന്തിനാണു കോൺഗ്രസ് മുക്ത ഭാരതത്തെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷമുക്ത ഭാരതത്തെക്കുറിച്ച് അവർ പറയാത്തത് എന്തുകൊണ്ടാണ്? അങ്ങനെ നരേന്ദ്രമോദി പറയുന്നത് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ..?

∙ മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള യഥാർഥ വിഷൻ എന്താണ് ?

ന്യായ് പദ്ധതി അതിന്റെ ഭാഗമാണ്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കു ന്യായ് പദ്ധതി താങ്ങാകും. കേന്ദ്രത്തിൽ ഫിഷറീസിന് ഒരു മന്ത്രാലയംതന്നെ വേണം.

∙ നിങ്ങളുടെ സർക്കാർ വന്നാൽ പിൻവാതിൽ നിയമനം ഉണ്ടാകില്ല എന്ന് യുവജനങ്ങൾക്ക് ഉറപ്പുകൊടുക്കാൻ കഴിയുമോ?

ഞങ്ങളുടെ സംഘടനാരീതി ഇടതുപക്ഷത്തിൽനിന്നു വ്യത്യസ്തമാണ്. അവർക്ക് സംഘടനയാണ് ആദ്യം. അതിനു ശേഷമേ ജനങ്ങൾ ഉള്ളൂ. അതാണ് അവരുടെ പ്രത്യയശാസ്ത്രം. ഞാൻ ഇവിടെ വന്നപ്പോൾ തൊഴിലന്വേഷകരായ ചെറുപ്പക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്നത് കാണാനിടയായത് വലിയ വേദനയുണ്ടാക്കി. അവകാശപ്പെട്ട ജോലി ഇടതുപക്ഷക്കാർക്കു കൊടുത്തുവെന്നു മാത്രമല്ല, ഇത്ര ദിവസം സമരം ചെയ്തിട്ടും മുഖ്യമന്ത്രി ഒന്നു കാണാൻ പോലും തയാറായില്ല എന്നും അവരെ പരിഹസിച്ചെന്നും ആ ചെറുപ്പക്കാർ പറഞ്ഞു. അതൊന്നും എനിക്ക് അംഗീകരിക്കാനേ കഴിയില്ല. യുഡിഎഫിന്റെ രീതിയേ അതല്ല. ഞങ്ങളുടെ പരിഗണന ജനങ്ങൾക്കായിരിക്കും.

English Summary: Rahul Gandhi interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com