ADVERTISEMENT

പാനൂർ (കണ്ണൂർ) ∙ വോട്ടറെ വാഹനത്തിൽ കൊണ്ടുവന്നതിനെ ചൊല്ലി തുടങ്ങിയ സംഘർഷമാണ് യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിന്റെ കൊലപാതകത്തിലേക്കു നയിച്ചത്. ഉച്ചയ്ക്കു 12.30 മുതൽ തുടങ്ങിയ പ്രകോപനങ്ങൾക്കും വാക്കേറ്റങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും ശേഷമായിരുന്നു കൊലപാതകത്തിനു കാരണമായ അക്രമം നടന്നത്. 

വോട്ടറെ യുഡിഎഫ് പ്രവർത്തകർ വാഹനത്തിൽ എത്തിച്ചത് എൽഡിഎഫ് പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. സ്ഥലത്തെത്തിയ ലീഗ് പ്രാദേശിക നേതാവിനെ മർദിച്ചു. ഇദ്ദേഹം മുഹ്സിൻ ഏജന്റായ ബൂത്തിലെത്തി വിവരം ധരിപ്പിച്ചു. തുടർന്നു ബൂത്ത് പരിസരത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയംഗം ഉൾപ്പെടെ രണ്ടു സിപിഎം പ്രവർത്തകർക്കു മർദനമേറ്റു.

ഇതിനു പിന്നാലെ ആയിരുന്നു ഡിവൈഎഫ്ഐ പാനൂർ മേഖലാ ട്രഷറർ കെ.സുഹൈലിന്റെ പ്രകോപനപരമായ വാട്സാപ് സ്റ്റാറ്റസ്. ‘സഖാവിനെ ആക്രമിച്ച മുസ്‍ലിം ലീഗിന്റെ ചെന്നായ കൂട്ടങ്ങളേ, നിങ്ങൾ ഈ ദിവസം വർഷങ്ങളോളം ഓർത്തുവയ്ക്കും, ഉറപ്പ്’ എന്നതായിരുന്നു വാചകം.

സിപിഎം പ്രവർത്തകർക്കെതിരെ മർദനം നടന്ന ബൂത്തിലെ ഏജന്റ് ആയിരുന്നു എന്നല്ലാതെ മുഹ്സിൻ സംഘർഷത്തിൽ പങ്കെടുത്തതായി ആരോപണം ഇല്ല. വോട്ടെടുപ്പിനു ശേഷം വീട്ടിലേക്കുള്ള വഴിയിൽ 11 പേരുള്ള അക്രമിസംഘം മുഹ്സിനെ പിന്തുടർന്നിരുന്നു. സ്വന്തം വീട്ടിലേക്കു കയറാതെ തൊട്ടടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണു മുഹ്സിൻ കയറിയത്.

പുറത്തു പതുങ്ങിനിന്ന സംഘം, പുറത്തിറങ്ങിയ ഉടൻ മുഹ്സിനെ തടഞ്ഞുനിർത്തുകയും വെട്ടുകയുമായിരുന്നു. മൻസൂർ സഹോദരനെ രക്ഷപ്പെടുത്താൻ തുനിഞ്ഞപ്പോഴാണു ബോംബേറ് ഉണ്ടായത്.

പ്ലസ്ടു പഠനം കഴിഞ്ഞ് ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന മൻസൂർ ഒരു വർഷമായി നാട്ടിലുണ്ടായിരുന്നു. യൂത്ത് ലീഗ് പ്രവർത്തകൻ ആയിരുന്നു എങ്കിലും ജേഷ്ഠനെപ്പോലെ സജീവ പ്രവർത്തനം നടത്തിയിരുന്നില്ല മൻസൂർ.

‘സിപിഎം വീണ്ടും കൊലക്കത്തി എടുക്കുന്നു’

തിരുവനന്തപുരം ∙ ഇടവേളയ്ക്കു ശേഷം സിപിഎം വീണ്ടും കൊലക്കത്തിയെടുത്തതു ഞെട്ടൽ ഉളവാക്കുന്നുവെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  മൻസൂറിനെ കൊന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com