തളിപ്പറമ്പിൽ റീപോളിങ് വേണം: രമേശ് ചെന്നിത്തല
Mail This Article
ഹരിപ്പാട് ∙ വ്യാപകമായി ബൂത്ത് പിടിത്തം നടന്ന തളിപ്പറമ്പ് മണ്ഡലത്തിൽ റീപോളിങ് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിലുള്ളവരെല്ലാം വോട്ട് ചെയ്യുമെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവന കള്ളവോട്ടിനുള്ള ആഹ്വാനമായിരുന്നു. അതനുസരിച്ചാണ് ബൂത്ത് പിടിത്തം നടന്നത്. ഇതുവരെയില്ലാത്ത വിധത്തിലാണ് അവിടെ ബൂത്ത് പിടിത്തമുണ്ടായത്. ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ചു. വോട്ടർമാരെ ഭീഷണിപ്പെടുത്തി. യുഡിഎഫ് സ്ഥാനാർഥി തന്നെ തിരഞ്ഞെടുപ്പ് കമ്മിഷനും മറ്റും പരാതി നൽകിയിട്ടുണ്ട്. ഇതു പരിശോധിച്ചു കമ്മിഷൻ നടപടിയെടുക്കണം.
സിപിഎമ്മിന്റെ ഏകാധിപത്യത്തിന് കുപ്രസിദ്ധിയാർജിച്ച ആന്തൂരിൽ 35 ബൂത്തുകളിൽ ഒരിടത്തൊഴികെ എല്ലായിടത്തും എതിർകക്ഷികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ചതായും രമേശ് പറഞ്ഞു.
വ്യാജ വോട്ടർമാർ വന്നാൽ കർശന നടപടിയെടുക്കുമെന്ന ഹൈക്കോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും മുന്നറിയിപ്പ് ഫലം കണ്ടെന്ന് രമേശ് പറഞ്ഞു. വൻതോതിൽ കള്ളവോട്ട് ചെയ്യാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കം പൊളിച്ചത് വലിയ നേട്ടമാണ് – രമേശ് പറഞ്ഞു.
‘സിപിഎം ചോര കുടിച്ച് കൊതി തീരാത്ത പാർട്ടി’
∙ പരാജയം തിരിച്ചറിഞ്ഞ സിപിഎം ജനങ്ങളെ ആക്രമിക്കുകയാണെന്ന് രമേശ് പറഞ്ഞു. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ നീചമായാണ് ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. എത്ര ചോര കുടിച്ചാലും കൊതി തീരാത്ത പാർട്ടിയായി സിപിഎം – രമേശ് പറഞ്ഞു.
∙ മൻസൂറിന്റേത് സിപിഎം ആസൂത്രിതമായി ചെയ്ത കൊലപാതകമാണ്. തിരഞ്ഞെടുപ്പ് പരാജയം മുൻപിൽ കണ്ടുള്ള വിഭ്രാന്തി കാരണമാണ് സിപിഎം അക്രമത്തിനും കൊലപാതകത്തിനും മുന്നിട്ടിറങ്ങിയത്. മൻസൂർ വെട്ടേറ്റു കിടന്നപ്പോൾ ജനം തടിച്ചു കൂടിയിരുന്നു. എന്നാൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സിപിഎം നേതാക്കൾ സമ്മതിച്ചില്ല. രക്തം വാർന്നാണ് മരണം സംഭവിച്ചത്.
- പി.കെ.കുഞ്ഞാലിക്കുട്ടി, മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി
∙ സിപിഎം ഭീകരത മാപ്പർഹിക്കുന്നില്ല. ശക്തികേന്ദ്രങ്ങളിൽ ഓരോ രാഷ്ട്രീയ പാർട്ടികളും ഇത്തരം നിലപാട് സ്വീകരിച്ചാൽ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിക്കണം.
- പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് പ്രസിഡന്റ്