സ്റ്റുഡന്റ് ലാപ്ടോപ് പദ്ധതി ഇഴയുന്നു; വിതരണം ചെയ്തത് 200 എണ്ണം മാത്രം
Mail This Article
തിരുവനന്തപുരം∙ 1.37 ലക്ഷം പേർ റജിസ്റ്റർ ചെയ്ത സർക്കാരിന്റെ വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്ടോപ് പദ്ധതി വഴി ഇതുവരെ നൽകിയത് ഉദ്ഘാടന ദിവസം വിതരണം ചെയ്ത 200 ലാപ്ടോപ് മാത്രം. 2020 ജൂണിൽ മന്ത്രിസഭ അംഗീകാരം നൽകിയ പദ്ധതിയുടെ ഭാഗമായി ചിട്ടിക്കു പണമടച്ചു കാത്തിരിക്കുകയാണ് ബാക്കിയുള്ള ആയിരങ്ങൾ.
ഫെബ്രുവരിയിലായിരുന്നു വിതരണ ഉദ്ഘാടനം. ഇതിന്റെ ഭാഗമായി കൊക്കോണിക്സിന്റെ 200 ലാപ്ടോപ് വിതരണം ചെയ്തു. ബാക്കിയുള്ളവയ്ക്കു പർച്ചേസ് ഓർഡർ നൽകിത്തുടങ്ങിയതു പോലും ഒരാഴ്ച മുൻപാണ്. ഓർഡർ ലഭിച്ച ശേഷം ലാപ്ടോപ് വിതരണം ചെയ്യാൻ 12 ആഴ്ച വരെ കമ്പനികൾക്ക് അനുവദിച്ചിട്ടുണ്ട്. പദ്ധതിക്കായി കമ്പനികൾ അനുവദിച്ച പ്രത്യേക വിലയുടെ കാലാവധി പോലും മാർച്ച് 31 ന് അവസാനിച്ചു. സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചു കമ്പനികൾ കാലാവധി നീട്ടിയിരിക്കുകയാണ്.
പലിശരഹിത തവണ വ്യവസ്ഥയിൽ വിദ്യാർഥികൾക്കു കുറഞ്ഞ വിലയ്ക്കു ലാപ്ടോപ് നൽകാനുള്ള സർക്കാർ പദ്ധതി മന്ത്രിസഭ അംഗീകരിച്ചത് 2020 ജൂണിലാണ്. ലാപ്ടോപ്പിനുള്ള കാത്തിരിപ്പ് ഒരു വർഷത്തോട് അടുക്കുകയാണ്. ടെൻഡർ അടക്കമുള്ള നടപടിക്രമങ്ങൾ ഏറെ കാലതാമസം നേരിട്ടിരുന്നു.
റജിസ്റ്റർ ചെയ്തവരിൽ 86,876 പേരാണു വിദ്യാശ്രീ പോർട്ടലിൽ എൻറോൾ ചെയ്തത്. ഇതിൽ 54,398 പേർ ഇഷ്ട മോഡൽ തിരഞ്ഞെടുത്തു കഴിഞ്ഞു.
500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യ പദ്ധതിയിൽ ചേർന്നു 3 മാസം മുടക്കമില്ലാതെ അടയ്ക്കുന്ന കുടുംബശ്രീ അംഗങ്ങൾക്കു ലാപ്ടോപ് നൽകുന്നതാണു പദ്ധതി.
Content Highlight: Student laptop scheme